ക്ലബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഷം 1000 കുട്ടികളെയെങ്കിലും ക്ലബ്ഫൂട്ട് ബാധിക്കുന്നുണ്ട്. ഇപ്പോള്‍ 7 ക്ലബ്ഫൂട്ട് ക്ലിനിക്കുകളാണ് സര്‍ക്കാരാശുപത്രികളിലുള്ളത്. നമ്മുടെ സംസ്ഥാനത്തെ ക്ലബ്ഫൂട്ട് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആരോഗ്യ രംഗത്ത് കേരളം വലിയ തോതില്‍ നേട്ടങ്ങളുള്ള സംസ്ഥാനമാണ്. അതില്‍ പൊതുജനാരോഗ്യം ശക്തിപ്പെടുത്താനുള്ള നടപടികള്‍ തന്നെയാണ് പൊതുവില്‍ സ്വീകരിച്ചിട്ടുള്ളത്. ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വലിയ തോതിലാണ് മാറ്റം ഉണ്ടായത്. ഇതിന് പ്രത്യക്ഷ തെളിവാണ് കോവിഡ് മഹാമാരിയെ വിജയകരമായി നേരിടാനായത്. ആരോഗ്യ സൂചികകള്‍ പരിശോധിച്ചാല്‍ ചില വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കത്തക്ക അവസ്ഥയിലാണ് കേരളത്തിന്റെ ആരോഗ്യ മേഖല. ആരോഗ്യ മേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്. അതിനായി വിവിധ മേഖകളില്‍ ആവശ്യമായ ഇടപെടല്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതിന്റെ പ്രത്യേക്ഷത്തിലുള്ള തെളിവ് കൂടിയാണ് ആര്‍ദ്രം മിഷന്‍ തുടരണം എന്ന് തിരുമാനിച്ചത്.
രാജ്യത്ത് സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആധാരമാക്കി നീതി ആയോഗ് പുറപ്പെടുവിച്ച ആരോഗ്യ സൂചികയില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം. ഇത് ഒരുപാട് വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് നമുക്ക് നേടാന്‍ കഴിഞ്ഞത്. ആരോഗ്യ രംഗത്തുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ജീവിത ശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ്. അത്തരം കാര്യങ്ങളില്‍ ഫലപ്രദമായ നടപടി സ്വീകരിച്ച് പോകും. ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ നില്‍ക്കെ നിലനില്‍ക്കുന്ന ഒരു പ്രശ്‌നമാണ് നവജാത ശിശുക്കളില്‍ കണ്ടുവരുന്ന തൂക്കക്കുറവ്. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. അതിന്റെ ഭാഗമായി ഒരു ക്യാമ്പയിന്‍ പരിപാടി കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാനത്ത് ആരംഭിച്ചു. അതില്‍ കുട്ടികളില്‍ കണ്ടു വരുന്ന അനീമിയ കുറയ്ക്കാനാണ് ലക്ഷ്യമിട്ടത്. മാത്രമല്ല ആദ്യ 1000 ദിവസം എന്ന പദ്ധതി കുഞ്ഞുങ്ങളുടെ വളര്‍ച്ചയും വികാസവും ലക്ഷ്യമിട്ട് ഗര്‍ഭിണികളേയും കുട്ടികളേയും കേന്ദ്രീകരിച്ച് നടപ്പാക്കിയ ഫലപ്രദമായ പരിപാടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്ലബ്ഫൂട്ട് മൂലം ആര്‍ക്കും അംഗവൈകല്യം സംഭവിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വൈകല്യങ്ങള്‍ തടയുന്നതിനുള്ള വിവിധ നടപടികളാണ് സംസ്ഥാനം നടത്തി വരുന്നത്. നവജാത ശിശുക്കളില്‍ കാണപ്പെടുന്ന സാധാരണമായ വൈകല്യങ്ങളിലൊന്നാണ് ക്ലബ് ഫൂട്ട്. ഇത് കുട്ടിയുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ ശരിയായ ഇടപെടലും ചികിത്സയും കൊണ്ട് കുട്ടിക്ക് സാധാരണ ജീവിത നിലവാരം കൈവരിക്കാനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന നിരവധി ആരോഗ്യ സൂചികകള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കും ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവുമാണ് കേരളത്തിലുള്ളത്. കോവിഡ് മഹാമാരിക്കാലത്ത് രോഗബാധ കുറയ്ക്കുന്നതിനും കൃത്യസമയത്ത് ചികിത്സ നല്‍കുന്നതിനും വേഗത്തിലുള്ള വാക്‌സിനേഷന്‍ നല്‍കുന്നതിനുമുള്ള ശ്രമത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ സ്വാഗതം ആശംസിച്ച ചടങ്ങില്‍ കേന്ദ്ര അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല്‍, യൂണിസെഫ് ഇന്ത്യ ചീഫ് ഓഫ് ഹെല്‍ത്ത് ലൂഗി ഡി അക്വിനോ, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ എന്നിവര്‍ പങ്കെടുത്തു.