കോവിഡ് 19: വാഹന പരിശോധന ഊര്‍ജിതമാക്കി

630
0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും മിന്നല്‍ പരിശോധനകള്‍ നടത്തുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. അഡീഷണല്‍ എസ്പിമാര്‍ക്കായിരിക്കും സ്ക്വാഡിന്‍റെ ചുമതല. വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മാളുകള്‍, ചന്ത, ബസ് സ്റ്റാന്‍റ്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുക. കോവിഡ് പ്രതിരോധത്തിനായി നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും ഈ സ്ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി നടത്തിയ ജില്ലാ പോലീസ് മേധാവിമാരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഈ നിര്‍ദേശം നല്‍കിയത്.

കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പോലീസ് അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചു. പരിശോധനകള്‍ ഊര്‍ജിതമാക്കണം. സംശയമുള്ള വാഹനങ്ങള്‍ പരിശോധിക്കണം. മാസ്ക്ക് ശരിയായ വിധം ധരിക്കാതിരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. വ്യാപാര സ്ഥാപനങ്ങളിലും മറ്റും തൊട്ടടുത്തുള്ളവരുമായി രണ്ട് മീറ്റര്‍ അകലം പാലിക്കാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കണം.

തന്‍റെ അധികാര പരിധിയില്‍ ജനം കൂട്ടം കൂടുന്നത് തടയേണ്ടതിന്‍റേയും ജനം സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതിന്‍റേയും ഉത്തരവാദിത്തം അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കായിരിക്കും. എല്ലാ ജില്ലകളിലും ഇന്നു മുതല്‍ പ്രത്യേക പോലീസ് പട്രോളിംഗ് ആരംഭിക്കും. ക്വാറന്‍റീനില്‍ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനും ബോധവല്‍ക്കരണത്തിനുമായി രൂപം നല്‍കിയ വനിത ബുള്ളറ്റ് പട്രോള്‍ സംഘങ്ങള്‍ ഇന്നു മുതല്‍ നിരത്തിലുണ്ടാകും. ട്രെയിന്‍ യാത്രക്കാര്‍ക്കിടയില്‍ ആവശ്യമായ പരിശോധന നടത്താന്‍ റെയില്‍വേ എസ്പിയെ ചുമതലപ്പെടുത്തി.

രോഗവ്യാപനത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് ജനങ്ങള്‍ യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്നും കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.