കോവിഡ്-19 നിയന്ത്രണ നടപടികൾക്കായി കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം സംഘങ്ങളെ അയച്ചു

312
0

കേരളം, അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പൂർ എന്നീ ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ഇന്ന് വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള സംഘങ്ങളെ അയച്ചു. ഈ സംസ്ഥാനങ്ങളിൽ കൂടുതൽ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.

കേരളത്തിലേക്കുള്ള സംഘത്തെ പൊതു ജനാരോഗ്യ വിദഗ്ധയായ ഗ്രേഡ് II, RoHFW, ഡോ. രുചി ജെയിൻ നയിക്കും. കൃത്യമായ ലക്‌ഷ്യം വച്ചുള്ള കോവിഡ് പ്രതികരണത്തിനും മഹാമാരി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സംഘങ്ങൾ സംസ്ഥാനങ്ങളെ പിന്തുണയ്‌ക്കും.

രണ്ട് അംഗ ഉന്നതതല സംഘത്തിൽ ഒരു ക്ലിനിഷ്യനും ഒരു പൊതുജനാരോഗ്യ വിദഗ്ധനും ഉൾപ്പെടുന്നു.

സംഘങ്ങൾ ഉടനടി സംസ്ഥാനങ്ങൾ സന്ദർശിക്കുകയും കോവിഡ്-19 കൈകാര്യം ചെയ്യുന്ന മൊത്തത്തിലുള്ള രീതി നിരീക്ഷിക്കുകയും ചെയ്യും – പ്രത്യേകിച്ചും പരിശോധന-നിരീക്ഷണ-നിയന്ത്രണ പ്രവർത്തനങ്ങളും, കോവിഡ് ഉചിത പെരുമാറ്റം നടപ്പിലാക്കുന്നതും സംഘം വിലയിരുത്തും. കൂടാതെ, ആശുപത്രി കിടക്കകളുടെ ലഭ്യത, ആംബുലൻസുകൾ, വെന്റിലേറ്ററുകൾ, മെഡിക്കൽ ഓക്സിജൻ മുതലായ ആവശ്യമായ വസ്തുക്കളുടെ ലഭ്യത, വാക്സിനേഷൻ പുരോഗതി എന്നിവയും നിരീക്ഷിക്കും.

സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം പരിഹാര നടപടികൾ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക് മുൻപാകെ നിർദ്ദേശിക്കുകയും ചെയ്യും. റിപ്പോർട്ടിന്റെ പകർപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും നൽകുന്നതാണ്.