കോവിഡ് നിയന്ത്രണങ്ങള്‍, ഇളവുകള്‍ – ഐ.എം.എ.യുടെ നിര്‍ദ്ദേശങ്ങള്‍

178
0

കോവിഡ് മഹാമാരി അനുസ്യുതം പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ട ചില കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. ഐ.സി.എം.ആര്‍. സീറോ സര്‍വൈലന്‍സ് പഠന പ്രകാരം കേരളത്തിലെ സീറോ പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തോളം അടുപ്പിച്ചാണ്. വള്‍നറബിള്‍ പോപ്പുലേഷന്‍ കൂടുതല്‍ ആയ സാഹചര്യത്തില്‍ രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ എല്ലാവരിലേക്കും അടിയന്തരമായി വാക്‌സിനേഷന്‍ എത്തിക്കുക എന്നുള്ളതാണ് ആദ്യമായി ചെയ്യേണ്ടത്. കൂടുതല്‍ വാക്‌സിനുകള്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങേണ്ടതുണ്ട്. ചെറുകിട ആശുപത്രികള്‍ക്ക് അടക്കം സ്വകാര്യ മേഖലയില്‍ വാക്‌സിന്‍ വാങ്ങുന്നതിനുള്ള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കേണ്ടതുണ്ട്. ചെറുകിട ആശുപത്രികളില്‍ വാക്‌സിന്‍ വാങ്ങുന്നതിന് വന്‍തുക കൊടുക്കേണ്ട അവസ്ഥ അവരെ സംബന്ധിച്ചിടത്തോളം താങ്ങാനാവില്ല. വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളുമായി ചര്‍ച്ച ചെയ്തുകൊണ്ട് ചെറുകിട ആശുപത്രി കള്‍ക്കും കുറവ് എണ്ണം വാക്‌സിന്‍ വാങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്ന് അഭ്യര്‍ത്ഥി ക്കുകയാണ്. കോവാക്‌സിനും കൊവിഷീല്‍ഡും കൂടാതെ സ്പുട്‌നിക്, മോഡേണ തുടങ്ങിയ വാക്‌സിനുകളും ഇറങ്ങുന്ന സാഹചര്യത്തില്‍ ഇവയും സുഗമമായി ലഭ്യമാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകണം. വാക്‌സിന്‍ നല്‍കുന്നത് യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ ആക്കുകയാണ് മഹാമാരിയെ ചെറുക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം.

വാക്‌സിന്‍ വിതരണം ആരോഗ്യവകുപ്പ് നേരിട്ട് നടത്തേണ്ടതാണ്. പല ഘട്ടങ്ങളിലും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്നു എന്നുള്ള പരാതികള്‍ ധാരാളമായി വരുന്നതും സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന അവസ്ഥയും ഇന്ന് നിലവിലുണ്ട്. ആത്മാര്‍ത്ഥമായി, സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചുകൊണ്ട്, ആരോഗ്യപ്രവര്‍ത്തകര്‍ രോഗപ്രതിരോധ പ്രക്രിയയില്‍ ഏര്‍പ്പെടുമ്പോള്‍ അവരെ ആക്രമിക്കുന്ന പ്രവണത കേരളത്തിലെ പല ഭാഗങ്ങളിലും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കര്‍ശന നടപടികള്‍ ഇത്തരം പ്രതിലോമ ശക്തികള്‍ക്കെതിരെ ഉണ്ടാകണം എന്ന് ഐ.എം.എ. ശക്തമായി ആവശ്യപ്പെടുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഞങ്ങളെ സമരത്തിലേക്ക് തള്ളി വിടരുതെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് തരുന്നു. ആശുപത്രികളിലും വാക്‌സിന്‍ കേന്ദ്രങ്ങളിലും സമാധാനപരമായ അന്തരീക്ഷം ഉണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം കുറേക്കൂടി ആധികാരികമായ ഒരു പഠനമാണ് സീറോ സര്‍വൈലന്‍സില്‍ ചെയ്യേണ്ടത്. കേരളത്തിലെ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തി ഇത്തരം പഠനങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തയ്യാറാണെന്ന വസ്തുതകൂടി ഈ അവസരത്തില്‍ അറിയിച്ചുകൊള്ളട്ടെ.

മഹാമാരിയുടെ ആരംഭഘട്ടത്തില്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഐസോലേഷന്‍, ക്വാറന്‍ന്റൈന്‍, ടെസ്റ്റിംഗ് കാര്യങ്ങളില്‍ ഇന്നും അനുവര്‍ത്തിച്ചു പോരുന്നത്. അതില്‍ കാര്യമായ ഒരു മാറ്റം ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഹോം ഐസോലേഷന്‍ ഇന്ന് രോഗത്തിന്റെ ക്ലസ്റ്റര്‍ ആയി മാറുന്ന അവസ്ഥയാണ് നാം കാണുന്നത്. CFLTC/CLC സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് പോസിറ്റീവ് രോഗികളെ മാറ്റി പാര്‍പ്പിക്കേണ്ടത് രോഗവ്യാപനം തടയുന്നതിന് ആവശ്യമാണ്.

ടെസ്റ്റിംഗിന്റെ കാര്യത്തില്‍ കോണ്‍ടാക്ട് ട്രേസിംഗ് ടെസ്റ്റിങ്ങിനാണ് ഊന്നല്‍ കൊടുക്കേണ്ടത്. എങ്കില്‍ മാത്രമേ പോസിറ്റീവായവരെ കണ്ടുപിടിക്കാനും മാറ്റിനിര്‍ത്താനും സാധിക്കുകയുള്ളൂ. രോഗവ്യാപനത്തിന്റെ തീവ്രത അളക്കുന്നതിന് ഏറ്റവും നല്ലരീതിയും അതുതന്നെ. RTPCR ടെസ്റ്റുകള്‍ ആയിരിക്കണം ചെയ്യേണ്ടത്.

തീവ്ര രോഗവ്യാപനത്തിന് മറ്റൊരു കാരണം ജനിതക വ്യതിയാനം വന്ന വൈറസുകള്‍ ആയിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജീനോമിക്‌സ് പഠനങ്ങള്‍ കൂടുതലായി ചെയ്യണം. വൈറസിന്റെ പ്രജനന കാലഘട്ടം (ഇങ്ക്യൂബേഷന്‍ പീരിയഡ്) കുറഞ്ഞുവരുന്ന അവസ്ഥയും കാണുന്നു. ഇതിനെക്കുറിച്ച് ആധികാരികമായ പഠനങ്ങള്‍ നടത്തി വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്.

ഇപ്പോള്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍, പ്രത്യേകിച്ച് കടകള്‍ തുറക്കുന്നത് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാക്കാനേ വഴി വെക്കുന്നുള്ളൂ എന്നാണ് നാം കാണുന്നത്. എല്ലാ കടകളും എല്ലാദിവസവും തുറക്കുന്നതിനുള്ള അനുവാദം നല്‍കണം. അതുപോലെതന്നെ സര്‍ക്കാര്‍ ആഫീസുകളും ബാങ്കുകളും ഒക്കെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്ന രീതിയില്‍ ജോലി സമയം ക്രമീകരിക്കാം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടതും ആവശ്യമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നേരത്തെ അറിയിച്ച പോലെ 18 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങള്‍, എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയതിനുശേഷം തുറന്ന് പ്രവര്‍ത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 18 വയസ്സിനു താഴെയുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് മറ്റ് ക്ലാസ്സുകളും ആരംഭിക്കാം. പത്തോ പതിനഞ്ചോ കുട്ടികള്‍ അടങ്ങുന്ന ബാച്ചുകള്‍ ആയി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ വേണം ക്ലാസുകള്‍ നടത്താന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഓണ്‍ലൈന്‍/ഫിസിക്കല്‍ ക്ലാസുകള്‍ ഇടവിട്ട് നടത്താം.

ദീര്‍ഘകാലം വീടുകളില്‍ അടച്ചിരിക്കുന്ന അവസ്ഥയില്‍ നമ്മുടെ സഹോദരങ്ങളുടെ മാനസികമായ പിരിമുറുക്കങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി കാണുന്നു. ഇന്ന് കൂടുതലായി കണ്ടുവരുന്ന ക്രിമിനല്‍ പ്രവണതകള്‍ ഗാര്‍ഹിക പീഡനങ്ങള്‍ എല്ലാം തന്നെ ഇതിന്റെ ഭാഗമായി അധികരിച്ചതാകാനാണ് സാധ്യത. അതുകൊണ്ടുതന്നെ കുടുംബങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനായി നിയന്ത്രിതമായ തോതില്‍ ടൂറിസം മേഖല തുറന്നു കൊടുക്കാം. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മാനസിക ഉല്ലാസത്തിനുള്ള വഴികള്‍ ആരായാം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കപ്പെടുകയും വേണം. കൂടുതല്‍ കുടുംബങ്ങള്‍ കൂട്ടമായി ഇടപഴകുന്നത് ഒഴിവാക്കണം. ചടങ്ങുകളിലും ആഘോഷങ്ങളിലും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുകയും വേണം.

ഒരു തുള്ളി പോലും പാഴാക്കാതെ കൃത്യമായി വാക്‌സിന്‍ കൊടുത്തു കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന് രോഗപ്രതിരോധത്തിനായി കൂടുതല്‍ വാക്‌സിന്റെ ആവശ്യകതയുണ്ട്. കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ശാഖ ആവശ്യപ്പെടുന്നു.