കോവിഡ്:​ യു.പിയിൽ അഞ്ചാമത്തെ ബി.ജെ.പി എം.എൽ.എയും മരിച്ചു

625
0

ലഖ്‌നോ: കോവിഡ്​ വ്യാപനം അതിരൂക്ഷമായ ഉത്തർപ്രദേശിൽ മറ്റൊരു ബി.ജെ.പി എം‌.എൽ.‌എ കൂടി മരണത്തിന്​ കീഴടങ്ങി. ബറേലി നവാബ്ഗഞ്ചിൽ നിന്നുള്ള ബിജെപി എം‌.എൽ.‌എ കേസർ സിങ്​ ആണ്​ ബുധനാഴ്ച നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്​. ഇതോടെ, യോഗി ആദിത്യനാഥ്​ സർക്കാറിലെ അഞ്ച്​ ബി.ജെ.പി എം.എൽ.എമാരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

മന്ത്രിമാരായ മുതിർന്ന ക്രിക്കറ്റ് താരം ചേതൻ ചൗഹാൻ, കമല റാണി വരുൺ എന്നിവർ കഴിഞ്ഞ വർഷം കോവിഡ്​ മൂലം മരിച്ചിരുന്നു. 2021 ഏപ്രിൽ 23 ന് ലഖ്‌നൗ വെസ്റ്റ് എം‌.എൽ.‌എ സുരേഷ് ശ്രീവാസ്തവ, ഔറയ്യ സദർ എം‌എൽ‌എ രമേശ് ചന്ദ്ര ദിവാകർ എന്നിവർ മരണപ്പെട്ടു. സുരേഷ് ശ്രീവാസ്തവ മരിച്ച് അടുത്ത ദിവസം തന്നെ ഭാര്യയും മരണത്തിന് കീഴടങ്ങിയിരുന്നു.

കേസർ സിങ്ങിന്‍റെ അകാല നിര്യാണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കേസർ സിംഗ് രോഗബാധിതനായിരുന്നു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിൽ തിരിച്ചെത്തി. ഏപ്രിൽ 18ന് വീണ്ടും ബറേലി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് പ്ലാസ്മ ചികിത്സ നിർദേശിച്ചിരുന്നു. എന്നാൽ, മകൻ പരമാവധി ശ്രമിച്ചിട്ടും പ്ലാസ്മ സംഘടിപ്പിക്കാൻ കഴിഞ്ഞില്ല.

തുടർന്ന്​ സംസ്ഥാന സർക്കാറിനെതിരെ മകൻ വിശാൽ ഗംഗ്വാർ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. സ്വന്തം എം‌എൽ‌എക്ക്​ പോലും ചികിത്സ ലഭ്യമാക്കാൻ കഴിയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. കുറിപ്പ്​ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംസ്ഥാന ആരോഗ്യ വകുപ്പ് ഇടപെട്ട്​ കേസർ സിങ്ങിനെ നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.15 നാണ് അദ്ദേഹം മരണപ്പെട്ടത്​.

കേസർ സിങ്ങിന്‍റെ മറ്റൊരു മകൻ രണ്ടുവർഷം മുമ്പ് അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. നേരത്തെ ബിഎസ്പിയിലായിരുന്ന കേസർ 2017ലാണ്​ ബിജെപിയിൽ ചേർന്നത്​. ബിജെപി ടിക്കറ്റിൽ നവാബ്ഗഞ്ച് നിയമസഭാ സീറ്റിൽ വൻ ഭൂരിപക്ഷത്തിലാണ്​ വിജയിച്ചത്​.