കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം പുതിയ ആവേശം പകര്‍ന്നുഃ കെ സുധാകരന്‍ എംപി

117
0

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി രൂപീകരിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ (സിയുസി) പാര്‍ട്ടിക്ക് ആവേശോജ്വലമായ അടിത്തറ പാകിയെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

ഇന്ദിരാഭവനില്‍ ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ കൊടിയില്ലാത്ത ഇടങ്ങളില്‍ ആയിരക്കണക്കിന് കൊടിമരങ്ങള്‍ നാട്ടി അവിടെയെല്ലാം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാക പാറിക്കളിക്കുന്നു. ചിലയിടങ്ങളില്‍ രാഷ്ട്രീയ എതിരാളികള്‍ കൊടിമരം പിഴുതെറിഞ്ഞെങ്കിലും തൊട്ടടുത്ത ദിവസം അവിടെത്തന്നെ കൊടിമരം നാട്ടി കോണ്‍ഗ്രസ് ഗൗരവമുള്ള പാര്‍ട്ടി പ്രവര്‍ത്തനം നടത്തുകയാണെന്ന് അവരെ ബോധ്യപ്പെടുത്തി. കോണ്‍ഗ്രസിന്റെ കൊടിമരവും പതാകയും ഇല്ലാത്ത മുക്കിലും മൂലയിലും അത് ചുരുങ്ങിയ കാലംകൊണ്ട് എത്തിക്കാന്‍ സാധിച്ചെന്ന് സുധാകരന്‍ പറഞ്ഞു.

അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന പ്രവര്‍ത്തനം പാര്‍ട്ടിയില്‍ വലിയ ആവേശവും ആത്മവിശ്വാസവും ജനിപ്പിച്ചു. എല്ലാ യൂണിറ്റ് കമ്മിറ്റികളിലും ഒരു വനിതയെ ഭാരവാക്കി ആക്കിയതോടെ പാര്‍ട്ടിയിലേക്ക് സ്ത്രീകളെ വലിയ തോതില്‍ ആകര്‍ഷിക്കാന്‍ സാധിച്ചു. പലയിടങ്ങളിലും സ്ത്രീകളാണ് ത്രിവര്‍ണ പതാക ഉയര്‍ത്തിയത്.

പാര്‍ട്ടിയില്‍ നിന്നു വിട്ടുനിന്നവരും അകന്നുനിന്നവരും വീണ്ടും പാര്‍ട്ടിയുടെ പരിപാടികളിലെത്തി. യൂണിറ്റ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് എല്ലാ വീടുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. തെരഞ്ഞെടുപ്പു കാലത്തുമാത്രം ഭവന സന്ദര്‍ശനം നടത്തുന്ന പതിവ് പരിപാടില്‍ നിന്ന് വേറിട്ടു നടത്തിയ ഈ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഗാന്ധിജയന്തി ദിനം കൂടുതല്‍ ഭംഗിയായി സംസ്ഥാന വ്യാപകമായി ആഘോഷിച്ചത് പാര്‍ട്ടിയെ ഗാന്ധിജിയിലേക്കു തിരികെ കൊണ്ടുപോകാനും കോണ്‍ഗ്രസിന്റെ പ്രോജ്വലമായ ചരിത്രം അയവിറക്കാനും അവസരമൊരുക്കി. ഗാന്ധിജിയിലേക്കു മടങ്ങുക, ചരിത്രത്തിലേക്കു മടങ്ങുക എന്നതാണ് പുതിയ മുദ്രാവാക്യങ്ങള്‍. കെപിസിസി രൂപീകരിച്ച് നടപ്പാക്കിയ മാര്‍ഗരേഖ താഴെത്തട്ടില്‍ നടപ്പാക്കിയപ്പോള്‍ അത് പാര്‍ട്ടിയില്‍ അച്ചടക്കവും നവീകരണവും കൊണ്ടുവന്നു. പാര്‍ട്ടിക്ക് സെമി കേഡര്‍ പരിവേഷം നല്കാന്‍ മാര്‍ഗരേഖയ്ക്ക് സാധിച്ചു.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ നടക്കേണ്ടത് വീടുകളിലാണ്. മാതാപിതാക്കള്‍ കോണ്‍ഗ്രസിലും മക്കള്‍ മറ്റു പാര്‍ട്ടികളിലും എന്ന അവസ്ഥ ഉണ്ടായത് വീടുകളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം നടക്കുന്നില്ല എന്നതുകൊണ്ടാണ്. വീടുകളില്‍ കോണ്‍ഗ്രസിനെക്കുറിച്ച് പോസീറ്റീവായ ചര്‍ച്ചകള്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. യൂണിറ്റ് കമ്മിറ്റി തൊട്ട് മുകളിലേക്കുള്ള എല്ലാ കമ്മിറ്റികള്‍ക്കും ഓഫീസ് ഉള്‍പ്പെടെയുള്ള സംവിധാനം ഉണ്ടാകണമെന്ന് സുധാകര്‍ പറഞ്ഞു.

വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, പിടി തോമസ് എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ഒരു മാസത്തെ പ്രവര്‍ത്തനം വിലയിരുത്തി. പാലോട് രവി, പി രാജേന്ദ്ര പ്രസാദ്, പ്രഫ സതീശ് കൊച്ചുപറമ്പില്‍, ബി ബാബു പ്രസാദ്, നാട്ടകം സുരേഷ്, സിപി മാത്യു, മുഹമ്മദ് ഷിയാസ്, ജോസ് വല്ലൂര്‍, എ തങ്കപ്പന്‍, വിഎസ് ജോയി, കെ പ്രവീണ്‍കുമാര്‍, എന്‍ഡി അപ്പച്ചന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, പികെ ഫൈസല്‍ എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.