കൊട്ടിയൂർ പീഡനക്കേസ്‌

140
0

കൊട്ടിയൂർ പീഡനക്കേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയ്ക്ക് ജാമ്യം നൽകരുതെന്ന് സംസ്ഥാന സർക്കാർ. കൊട്ടിയൂര്‍ പീഡന കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി വിവാഹംകഴിക്കുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയാണ് സർക്കാർ എതിർക്കുന്നത്. ഇളവ് നൽകിയാൽ തെറ്റായ സന്ദേശം നൽകുമെന്നും കോടതിയെ അറിയിക്കും. സർക്കാരിനുവേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി റാവല്‍ ഹാജരാകുമെന്നാണ് സൂചന.

കേസിലെ ഇരയെ വിവാഹം കഴിക്കാന്‍ ഹ്രസ്വ കാലത്തേക്ക് ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയില്‍ റോബിന്‍ വടക്കുംചേരി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മാസത്തെ ജാമ്യം അനുവദിക്കണം എന്ന് ഇരയും കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റോബിനെ വിവാഹം കഴിക്കണമെന്നും, നാലുവയസുകാരനായ തങ്ങളുടെ മകനെ സ്‌കൂളിൽ ചേർക്കുമ്പോൾ പിതാവിന്റെ പേര് രേഖപ്പെടുത്തുന്നതിന് വിവാഹം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇരയുടെ ഹർജി.

പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് വിവാഹം കഴിക്കാനുള്ള തീരുമാനം എടുക്കാം. ഇതില്‍ രക്ഷകര്‍ത്താക്കള്‍ക്ക്‌ പോലും ഇടപെടാന്‍ അധികാരമില്ല എന്നാണ് ഹാദിയ കേസില്‍ സുപ്രീം കോടതി വിധിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വിവാഹം കഴിക്കണം എന്ന റോബിന്‍ വടക്കുംചേരിയുടെയും ഇരയുടെയും ആവാശ്യത്തില്‍ കേരളം സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കില്ല. അതേസമയം വിവാഹത്തിന് സുപ്രീം കോടതി അനുമതി നല്‍കിയാല്‍ ജയിലില്‍ വച്ച് വിവാഹം നടക്കട്ടെ എന്ന നിലപാടാകും സംസ്ഥാന സർക്കാർ കോടതിയില്‍ സ്വീകരിക്കുക.

വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണം, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നും അ‌പേക്ഷയിൽ പറയുന്നു. ജസ്റ്റിസ് വിനീത് സരണ്‍ അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. രണ്ടുപേരുടേയും സമ്മതത്തോട് കൂടിയുള്ള ലൈംഗിക ബന്ധമാണുണ്ടായിരുന്നതെന്ന് പെണ്‍കുട്ടി നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ വാദം ഹൈക്കോടതി തള്ളിയതോടെയാണ് പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചത്. 2016ൽ കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വികാരിയായിരിക്കെയാണ് റോബിൻ പെൺകുട്ടിയെ പീഡിപ്പിച്ചത്.