ആലപ്പുഴ ജോലിക്കിടെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് കിടപ്പിലായ കൊച്ചുകുട്ടനേത്തേടി ഒടുവിൽ കെഎസ്ഇബിയുടെ കാരുണ്യവെളിച്ചമെത്തി.
വിരമിക്കുവോളം പൂർണശമ്പളവും മറ്റാനുകൂല്യങ്ങളും നൽകിക്കൊണ്ടുള്ള ഉത്തരവ് ബോർഡ് പുറത്തിറക്കി. ഫേസ്ബുക്ക് പേജിലൂടെയാണ് ബോർഡ് തീരുമാനം അറിയിച്ചത്. ഇതോടെ പത്തര വർഷത്തെ ശമ്പളം ഒന്നിച്ചു ലഭിക്കും. പാണക്കുന്നത്ത് വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ 2010 ഡിസംബർ 15നാണ് മാരാരിക്കുളം വടക്ക് ഒമ്പതാം വാർഡിൽ തോപ്പുവെളി വീട്ടിൽ കൊച്ചുകുട്ടൻ ഷോക്കേറ്റ് വീണത്.18 ദിവസം വെന്റിലേറ്ററിൽ കിടന്നതിനു ശേഷമാണ് ബോധം തിരിച്ചുകിട്ടിയത്. പക്ഷേ പിന്നീടൊരിക്കലും എഴുന്നേറ്റിരിക്കാൻ പോലും കഴിഞ്ഞില്ല.
ഇദ്ദേഹത്തിനിപ്പോൾ അമ്പത്തിരണ്ടുവയസുണ്ട്. ഇതിനിടയിൽ രക്താർബുദവും ബാധിച്ചു. ട്യൂബിലുടെയാണ് ആഹാരം നൽകുന്നത്. സഹപ്രവർത്തകരുടെ ഇടപെടലിന്റെ ഭാഗമായി അപകടം ആകസ്മിക വിരമിക്കലായി കണ്ട് പെൻഷൻ അനുവദിച്ചങ്കിലും ഒന്നിനും തികയാത്ത അവസ്ഥയാണ്. തുടർന്ന് ബോർഡ് ചെയർമാൻ എൻ എസ് പിള്ളയ്ക്ക് കൊച്ചുകുട്ടന്റെ ഭാര്യ ബിന്ദു കത്തെഴുതിയതോടെയാണ് സുപ്രധാന തീരുമാനമെത്തിയത്.
ഐടിഐ വിദ്യാർഥിയായ മകൻ അഭിഷേകിന് എട്ടും പത്താം ക്ലാസിൽ പഠിക്കുന്ന മകൾക്ക് അഞ്ചും വയസായിരുന്നു അപകട സമയത്ത്. മകന് 18 വയസായപ്പോൾ ആശ്രിത നിയമനത്തിന് അപേക്ഷിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ലഭിച്ചിരുന്നില്ല. അതേസമയം ഇത് പ്രത്യേക കേസായി പരിഗണിച്ചാണ് തീരുമാനമെന്നും കീഴ്വഴക്കമല്ലെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. കൈപ്പറ്റിയ പെൻഷൻ തുക കിഴിച്ചാണ് മുടങ്ങിയ കാലയളവിലെ ശമ്പളം നൽകുക.