വെറും 46-ാം വയസ്സിലാണ് പുനീത് രാജ്കുമാറിനെ മരണം കവര്‍ന്നെടുത്തത്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിനും ഏകദേശം 46 വയസ്സോളം പ്രായംവരും.
വെറും 46-ാം വയസ്സിലാണ് പുനീത് രാജ്കുമാറിനെ മരണം കവർന്നെടുത്തത്. അദ്ദേഹത്തിന്റെ സിനിമാജീവിതത്തിനും ഏകദേശം 46 വയസ്സോളം പ്രായംവരും. മറ്റൊരു അഭിനേതാവിനും അവകാശപ്പെടാനില്ലാത്ത ഒരു റെക്കോഡാണ് പുനീതിന് സ്വന്തമായിരുന്നത്. വെറും ആറ് മാസം മാത്രമുള്ളപ്പോഴാണ് പിതാവ് രാജ്കുമാറിന്റെ പ്രേമദ കനികെ എന്ന ചിത്രത്തിൽ കുഞ്ഞു പൂനീത് മുഖം കാണിച്ചത്. 1976 ലാണ് ചിത്രം പുറത്തിറങ്ങിയത്. തുടർന്ന് 1977 ൽ സദാനി അപാന, തായികേ താക്ക മാഗ (1978), വസന്ത ഗീത (1980) അങ്ങനെ ബാല്യകാലത്തുടനീളം ഇടവേളകളില്ലാതെ പുനീത് സിനിമയിലെത്തി.
കന്നഡ നടൻ പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാ ലോകം. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടദ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു. ബെട്ടദ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരത്തിനും അർഹനാക്കി. 1989 ൽ പുറത്തിറങ്ങിയ പാരാശൂരം എന്ന ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് 13 വർഷം ഇടവേളയെടുത്ത പുനീത് 2002 ൽ അപ്പു എന്ന ചിത്രത്തിൽ നായകനായി മടങ്ങിയെത്തി. ഒരുപുതുമുഖ നായകന് ലഭിക്കാവുന്ന ഏറ്റവും വലിയ വരവേൽപ്പായിരുന്നു അപ്പു. 200 ദിവസത്തോളം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം കന്നട സിനിമയിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി.
ആദ്യചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ഒരിക്കൽ പോലും പുനീതിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തുടർന്നങ്ങോട്ട് സൂപ്പർതാര പദവിയിലേക്കുള്ള ജൈത്രയാത്രയായിരുന്നു. നായകനായെത്തിയ അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ ചിത്രങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വൻ വിജയമായിരുന്നു. 2002 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ അഭിനയിച്ച പുനീത് കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമാണ്.
അഭിനയത്തിന് പുറമെ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ നൂറോളം ചിത്രങ്ങളിൽ പുനീത് പാടിയിട്ടുണ്ട്. 2012 ൽ ഹു വാണ്ട്സ് ടു ബി എ മില്ല്യണർ എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ കന്നഡാഡ കോട്യാധിപതി എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ രംഗത്ത് അവതാരകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒട്ടേറെ ടിവി ഷോകളിൽ അവതാരകനായി തിളങ്ങി.
സന്തോഷ് അനന്ദ്രത്തിന്റെ യുവരത്ന എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ജയിംസ്, ദ്വിത്വാ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിർമാതാവിന്റെ വേഷത്തിലെത്തിയ സിനിമകളുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കവെയാണ് താരത്തിന്റെ മരണം.