കേരള വര്‍മ്മയില്‍ നടന്നത് ഇരുട്ടിന്റെമറവിലെ വിപ്ലവ പ്രവര്‍ത്തനം: കെ.സി.വേണുഗോപാല്‍ എംപി

70
0

തൃശൂര്‍ഃകേരളവര്‍മ്മ കോളേജിലെ കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്റെ വിജയം അട്ടിമറിച്ച എസ്എഫ് ഐയുടെ ജനാധിപത്യവിരുദ്ധ നടപടി ഇരുട്ടിന്റെ മറവിലെ വിപ്ലവ പ്രവര്‍ത്തനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഫെയ്‌സ്ബുക്ക് പേജിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേരളവര്‍മ്മ കോളേജിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് ജനാധിപത്യപരമായി വിജയിച്ചുകയറിയത് കെഎസ് യു സ്ഥാനാര്‍ത്ഥിയായിരുന്ന ശ്രീക്കുട്ടനാണ്. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വഴി ജനാധിപത്യത്തെ അട്ടിമറിച്ച് നേടുന്ന വിജയങ്ങളല്ല അംഗീകരിക്കപ്പെടേണ്ടത്. വിജയം അംഗീകരിക്കാത്തവര്‍ തിരഞ്ഞെടുപ്പില്‍ റീ കൗണ്ടിങ് ആവശ്യപ്പെടുന്നത് സാധാരണ കാഴ്ചയാണെങ്കിലും കേരളവര്‍മ്മയില്‍ സംഭവിച്ചത് ജനാധിപത്യ അട്ടിമറിക്കുന്ന നടപടിയാണ്.ഉന്നതരുടെ ഒത്താശയോടെ എസ്.എഫ്.ഐ നടത്തിയ ഫാസിസ്റ്റ് പ്രവര്‍ത്തനത്തിന് കോളേജില്‍ നിന്നും ഔദ്യോഗികമായ പിന്തുണ ലഭിച്ചു എന്ന ആരോപണം വളരെ ഗൗരവതരമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

റീ കൗണ്ടിങ്ങിനിടെ നടന്നത് അസ്വഭാവിക സംവങ്ങളാണ്.ശ്രീക്കുട്ടന്റെ ഒരു വോട്ടിനുള്ള വിജയം അംഗീകരിക്കാതിരുന്ന എസ്.എഫ്.ഐ റീ കൗണ്ടിങ് ആവശ്യപ്പെടുന്നു. ശേഷം റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലയ്ക്കുന്നു. ആ സമയം കൊണ്ട് കെ.എസ്.യു വോട്ടുകള്‍ അസാധുവാകയും എസ്.എഫ്.ഐ വോട്ടുകള്‍ സാധുവാകും ചെയ്യുന്നു. ഈ മറിമായത്തെയാണ് സിപിഎമ്മിന്റെയും എസ്എഫ് ഐയുടെയും ഇരുട്ടിന്റെ മറവില്‍ നടന്ന ‘വിപ്ലവപ്രവര്‍ത്തനം’ എന്ന് വിശേഷിപ്പിക്കേണ്ടതെന്നും വേണുഗോപാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒട്ടേറെ പരിമിതികളില്‍ നിന്നാണ് ശ്രീക്കുട്ടന്‍ തന്റെ പഠനം പൂര്‍ത്തീകരിക്കുന്നതും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും. ശ്രീക്കുട്ടന്റെ കണ്ണില്‍ മാത്രമാണ് വിധി നല്‍കിയ ഇരുട്ട് . മനസ്സില്‍ നിറയെ വെളിച്ചമുള്ള പ്രിയപ്പെട്ടവനാണ് ആ ചെറുപ്പക്കാരന്‍. ശ്രീക്കുട്ടന്‍ തന്നെയാണ് കോളേജ് യൂണിയനെ നയിക്കേണ്ടത്. അതിനാവശ്യമായ എല്ലാ നടപടികളും കെ എസ് യു നേതൃത്വം സ്വീകരിക്കും. എസ്.എഫ്.ഐയുടെ ഇരുട്ടിന്റെ മറവിലെ ‘അട്ടിമറി’ നിയമപരമായും രാഷ്ട്രീയപരമായും നേരിടുന്ന് കെഎസ് യിവിനും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനും പൂര്‍ണ്ണ പിന്തുണ ഫെയ്ബുക്കിലൂടെ വാഗ്ദാനം ചെയ്ത അദ്ദേഹം കേരളവര്‍മ്മയിലെ യഥാര്‍ത്ഥ വിജയി ശ്രീക്കുട്ടനാണെന്നും അദ്ദേഹത്തെ ഫോണില്‍ വിളിച്ച് ഈ പോരാട്ടത്തിന് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ടെന്നും കുറിച്ചു.