കേരളപ്പെരുമയുമായി ജി.എസ് പ്രദീപും മുകേഷും; വേദികള്‍ നിറഞ്ഞ് കലാ കേരളം

85
0

പ്രൗഢമായ സദസ്സിനു മുന്നില്‍ 16 വേദികളിലായി കലയുടെ വൈവിധ്യം പ്രദര്‍ശിപ്പിച്ച് കലാകേരളം. കേരളീയം രണ്ടാം ദിനത്തില്‍ വിവിധ വേദികളിലായി അരങ്ങേറിയ വ്യത്യസ്തമാര്‍ന്ന കലാപ്രകടനങ്ങള്‍ ആസ്വദിക്കാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ജി.എസ്. പ്രദീപും മുകേഷ് എം.എല്‍.എയും ചേര്‍ന്ന് അവതരിപ്പിച്ച കേരളപ്പെരുമ വ്യത്യസ്തമായ അനുഭവമായി.

കേരളം വളരുന്നു എന്ന ആശയത്തില്‍ ഡോക്ടര്‍ നീനാപ്രസാദ് അവതരിപ്പിച്ച നൃത്ത പരിപാടി നിശാഗന്ധിയില്‍ അരങ്ങേറി. ടാഗോര്‍ തിയേറ്ററില്‍ പാരീസ് ലക്ഷ്മിയും രൂപ രവീന്ദ്രനും ചേര്‍ന്ന് അവതരിപ്പിച്ച ‘നമ്മുടെ കേരളം’, അംബിക നായരും സംഘവും അവതരിപ്പിച്ച കേരളനടനം എന്നിവ കാണികള്‍ക്ക് ദൃശ്യവിരുന്നായി.

പുത്തരിക്കണ്ടം മൈതാനിയില്‍ അലോഷിയുടെ മെഹ്ഫില്‍, സെനറ്റ് ഹാളില്‍ തുഞ്ചന്‍ പറമ്പിലെ തത്ത എന്ന പേരിലുള്ള ഗാനസന്ധ്യ, സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടില്‍ പുരുഷ പൂരക്കളിയും കഥാപ്രസംഗവും, ഭാരത് ഭവന്‍ മണ്ണരങ്ങില്‍ ‘ഞാനും പോട്ടെ വാപ്പ ഓല്‍മരം കാണാന്‍’ എന്ന നാടകം, വിവേകാനന്ദ പാര്‍ക്കില്‍ ഓര്‍ക്കസ്ട്ര, ബാലഭവനില്‍ ഗാനമേള, മ്യൂസിയം റേഡിയോ പാര്‍ക്കില്‍ ശീതങ്കന്‍ തുള്ളല്‍, സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ ഗദ്ദിക, യൂണിവേഴ്സിറ്റി കോളേജില്‍ സ്ത്രീശാക്തീകരണം നാടകം, എസ് എം വി സ്‌കൂളില്‍ നങ്ങ്യാര്‍കൂത്തും കൂടിയാട്ടവും എന്നിവയും അരങ്ങേറി.