കേബിള്‍ കഴുത്തില്‍ കുരുങ്ങി ബൈക്കില്‍ നിന്ന് വീണ വീട്ടമ്മ മരിച്ചു.

76
0

കായംകുളം: റോഡില്‍ പൊട്ടിവീണ പ്രാദേശിക ചാനലിന്‍റെ കേബിള്‍ വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്കില്‍ നിന്ന് തെറിച്ചു വീണ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്‍റെ ഭാര്യ ഉഷ (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയ്ക്കായിരുന്നു അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പത്തിയൂരിലുള്ള മരുമകളുടെ വീട്ടില്‍ എത്തിയ ശേഷം ഉഷയും ഭര്‍ത്താവ് വിജയനും ബൈക്കില്‍ തിരികെ സ്വന്തം വീട്ടിലേക്കു പോകുന്നതിനിടയില്‍ കായംകുളം ഇടശേരി ജംഗ്ഷനു കിഴക്കുവശമായിരുന്നു അപകടം. ഭര്‍ത്താവ് വിജയനാണ് ബൈക്ക് ഓടിച്ചിരുന്നത്.
റോഡില്‍ കുറുകെ കിടന്ന കേബിള്‍ വയര്‍ ബൈക്കിനു പിന്നിലിരുന്ന ഉഷയുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഉഷയെ ഉടന്‍തന്നെ നാട്ടുകാര്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രാദേശിക കേബിള്‍ നെറ്റ്‌വര്‍ക്കിന്‍റെ കേബിള്‍ വയറുകള്‍ അപകടകരമായ രീതിയില്‍ പ്രദേശത്തുകൂടി കടന്നുപോകുന്നതായി പരാതി വ്യാപകമാണ്. എന്നാല്‍, പലപ്പോഴും ബന്ധപ്പെട്ടവരോട് നാട്ടുകാര്‍ ഇതുസംബന്ധിച്ച്‌ പരാതി പറഞ്ഞിട്ടും നടപടി സ്വീകരിക്കുന്നില്ലന്നാണ് ആരോപണം. ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കുശേഷം കലാരൂപങ്ങള്‍ കൊണ്ടുപോയ വാഹനം തട്ടിയാണ് കേബിള്‍ പൊട്ടി വീണതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.