കേന്ദ്ര വ്യോമയാന മന്ത്രാലയം വിപുലീകരിച്ച ഡ്രോൺ നിയമങ്ങൾ, 2021 വിജ്ഞാപനം ചെയ്തു

140
0

2021 മാർച്ചിൽ, കേന്ദ്ര വ്യോമയാന മന്ത്രാലയം ആളില്ലാത്ത വിമാന സംവിധാന (UAS) ചട്ടങ്ങൾ, 2021 പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഗണ്യമായ പേപ്പർവർക്ക്, ഓരോ ഡ്രോൺ പറക്കലിനും അനുമതിയുടെ ആവശ്യകത, പറക്കുന്നതിന് സ്വാതന്ത്ര്യമുള്ള ഗ്രീൻ സോണുകളുടെ കുറവ് തുടങ്ങി പല കാര്യങ്ങളിലും അവ ‘നിയന്ത്രണ സ്വഭാവം’ ഉള്ളതാണെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ടവർ അഭിപ്രായപ്പെട്ടിരുന്നു. ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ, UAS ചട്ടങ്ങൾ, 2021 റദ്ദാക്കാനും, അതിനുപകരം വിപുലീകരിച്ച ഡ്രോൺ ചട്ടങ്ങൾ, 2021 നടപ്പാക്കാനും ഗവൺമെന്റ്  തീരുമാനിച്ചു.

ഡ്രോൺ നിയമങ്ങൾ 2021-ലെ 30 പ്രധാന സവിശേഷതകൾ:

  1. വിശ്വാസം, സ്വയം സാക്ഷ്യപ്പെടുത്തൽ, അനാവശ്യ ഇടപെടൽ ഇല്ലാത്ത നിരീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചിരിക്കുന്നത്.
  2. സുരക്ഷ, സംരക്ഷണ പരിഗണനകൾ സന്തുലിതമാക്കി കൊണ്ട്, അതിവേഗ വളർച്ചാ യുഗത്തിന്  അനുസൃതമായാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
  3. നിരവധി അംഗീകാരങ്ങൾ നിർത്തലാക്കി
  4. ഫോമുകളുടെ എണ്ണം 25 ൽ നിന്ന് 5 ആയി കുറച്ചു.
  5. ഫീസ് തരങ്ങൾ 72 ൽ നിന്ന് 4 ആയി കുറച്ചു.
  6. ഫീസ് നിരക്ക് നാമമാത്രമായി കുറയ്ക്കുകയും, ഫീസിന് ഡ്രോണിന്റെ വലുപ്പം അടിസ്ഥാനമാക്കുന്നത് ഒഴിവാക്കുകയും ചെയ്തു.

7. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം ഒരു ഉപയോക്താവ് സൗഹൃദ, ഏകജാലക സംവിധാനമായി വികസിപ്പിക്കും. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ, മനുഷ്യ ഇടപെടലുകൾ വളരെ പരിമിതമായിരിക്കും; മിക്ക അനുമതികളും സ്വയം സൃഷ്ടിക്കാനാവും.

  1. ഈ നിയമങ്ങൾ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഗ്രീൻ, യെല്ലോ, റെഡ് സോണുകളുള്ള സംവേദനാത്മക വ്യോമമേഖല ഭൂപടം ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കും.
  2. ഗ്രീൻ സോണുകളിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി ആവശ്യമില്ല.
  3. യെല്ലോ സോൺ, വിമാനത്താവള ചുറ്റളവിൽ നിന്ന് 45 കിലോമീറ്ററിൽ നിന്ന് 12 കിലോമീറ്ററായി കുറച്ചു.
  4. മൈക്രോ ഡ്രോണുകൾക്കും (വാണിജ്യേതര ഉപയോഗത്തിനുള്ള) നാനോ ഡ്രോണുകൾക്കും റിമോട്ട് പൈലറ്റ് ലൈസൻസ് ആവശ്യമില്ല.

12.   ഏതെങ്കിലും രജിസ്ട്രേഷനോ അല്ലെങ്കിൽ ലൈസൻസ് നൽകുന്നതിന് മുൻപായോ സുരക്ഷാ അനുമതി ആവശ്യമില്ല.

  1. ഗ്രീൻ സോണിൽ സ്ഥിതിചെയ്യുന്ന, സ്വന്തമായോ വാടകയ്‌ക്കോ ഉള്ള സ്ഥലങ്ങളിൽ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്ന ഗവേഷണ-വികസന സ്ഥാപനങ്ങൾക്ക് ടൈപ്പ് സർട്ടിഫിക്കറ്റ്, യുണിക് തിരിച്ചറിയൽ നമ്പർ, റിമോട്ട് പൈലറ്റ് ലൈസൻസ് എന്നിവയുടെ ആവശ്യമില്ല.
  2. ഇന്ത്യൻ ഡ്രോൺ കമ്പനികളിൽ വിദേശ ഉടമസ്ഥതയ്ക്ക് നിയന്ത്രണമില്ല.
  3. ഡ്രോണുകളുടെ ഇറക്കുമതി നിയന്ത്രിക്കേണ്ടത് DGFT ആണ്.
  4. ഡി‌ജി‌സി‌എയിൽ നിന്നുള്ള ഇറക്കുമതി ക്ലിയറൻസിന്റെ ആവശ്യകത നിർത്തലാക്കി.

17. 2021 ലെ ഡ്രോൺ ചട്ടങ്ങൾ പ്രകാരം ഡ്രോൺ ഭാര പരിധി 300 കിലോ ഗ്രാമിൽ നിന്ന് 500 കിലോഗ്രാം ആയി വർധിപ്പിച്ചു. ഇതിൽ ഡ്രോൺ ടാക്സികളും ഉൾക്കൊള്ളുന്നു.

18. ഡി‌ജി‌സി‌എ, ആവശ്യമായ പരിശീലന മാർഗ്ഗനിർദ്ദേശം നൽകുകയും,  ഡ്രോൺ സ്കൂളുകളുടെ മേൽനോട്ടം വഹിക്കുകയും, ഓൺലൈനിൽ പൈലറ്റ് ലൈസൻസുകൾ നൽകുകയും ചെയ്യും.

  1. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിലൂടെ അംഗീകൃത ഡ്രോൺ സ്കൂളിൽ നിന്ന് റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് പൈലറ്റിന് ലഭിച്ച് 15 ദിവസത്തിനുള്ളിൽ റിമോട്ട് പൈലറ്റ് ലൈസൻസ് ഡിജിസിഎ നൽകണം.
  2. ഡ്രോണുകൾക്ക് ടൈപ്പ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള പരിശോധന, ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ അല്ലെങ്കിൽ അംഗീകൃത ടെസ്റ്റിംഗ് സ്ഥാപനങ്ങൾ നടത്തണം.
  3. ഇന്ത്യയിൽ ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിനു മാത്രമാണ് ടൈപ്പ് സർട്ടിഫിക്കറ്റിന്റെ ആവശ്യകത. ഇറക്കുമതി ചെയ്യുന്നതും കയറ്റുമതിക്കായി നിർമ്മിക്കുന്നതുമായ ഡ്രോണുകളെ ടൈപ്പ് സർട്ടിഫിക്കേഷനിൽ നിന്നും പ്രത്യേക തിരിച്ചറിയൽ നമ്പറിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു.
  4. ഗവേഷണത്തിനോ വിനോദത്തിനോ വേണ്ടി നിർമ്മിച്ച നാനോ, മാതൃകാ ഡ്രോണുകളെയും ടൈപ്പ് സർട്ടിഫിക്കേഷനിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
  5. നിർമ്മാതാക്കൾക്കും ഇറക്കുമതിക്കാർക്കും സ്വയം സർട്ടിഫിക്കേഷൻ വഴി ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ നിന്ന് അവരുടെ ഡ്രോണുകളുടെ പ്രത്യേക തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കാൻ കഴിയും.

24. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം വഴി ഡ്രോണുകൾ കൈമാറുന്നതിനും ഡീ-രജിസ്റ്റർ ചെയ്യുന്നതിനും ഉള്ള  പ്രക്രിയ ലളിതമാക്കിയിരിക്കുന്നു.

  1. 2021 നവംബർ 30-നോ അതിനു മുമ്പോ ഇന്ത്യയിൽ നിലവിലുള്ള ഡ്രോണുകൾക്ക് ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം വഴി നൽകും. അവയ്ക്ക് DAN, ജി എസ് ടി അടച്ച ഇൻവോയ്സ് എന്നിവ ഉണ്ടാകണം. കൂടാതെ, അവ DGCA-അംഗീകൃത ഡ്രോണുകളുടെ ഭാഗമായിരിക്കുകയും ചെയ്യണം.
  2. ഉപയോക്താക്കളുടെ സ്വയം നിരീക്ഷണത്തിനായി ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോമിൽ ഡി.ജി.സി.എ. മാതൃകാപ്രവർത്തനം ചട്ടവും പരിശീലന പ്രവർത്തന നിർദ്ദേശങ്ങളും വ്യക്തമാക്കിയിരിക്കും. നിർദ്ദിഷ്ട നടപടിക്രമങ്ങളിൽ നിന്ന് കാര്യമായ വ്യത്യാസം ഇല്ലെങ്കിൽ അനുമതികൾ ആവശ്യമില്ല.

27. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ പരമാവധി പിഴ 1 ലക്ഷം രൂപയായി കുറച്ചു.

  1. ‘അനുമതിയില്ലെങ്കിൽ-ടേക്ക് ഓഫ് ഇല്ല’ (NPNT), തത്സമയ ട്രാക്കിംഗ് ബീക്കൺ, ജിയോ-ഫെൻസിംഗ് തുടങ്ങിയവ പോലുള്ള സുരക്ഷാ സവിശേഷതകൾ ഭാവിയിൽ വിജ്ഞാപനം ചെയ്യും. ഇവ നടപ്പിൽ വരുത്തുന്നതിന് വ്യവസായ മേഖലയ്ക്ക് ആറ് മാസത്തെ മുൻ‌കൂർ സമയം നൽകും.

29. ചരക്ക് വിതരണത്തിനായി ഡ്രോൺ ഇടനാഴികൾ വികസിപ്പിക്കും.

  1. വളർച്ചാധിഷ്ഠിത നിയന്ത്രണ സംവിധാനം സാധ്യമാക്കുന്നതിന് അക്കാദമിക വിദഗ്ദർ, സ്റ്റാർട്ടപ്പുകൾ, മറ്റ് പങ്കാളികൾ എന്നിവരുടെ സഹകരണത്തോടെ, ഡ്രോൺ പ്രൊമോഷൻ കൗൺസിലിന് ഗവണ്മെന്റ് രൂപം നൽകും.