കെ.റയിൽ ഉപേക്ഷിച്ച് വന്ദേഭാരത് ട്രെയിനുകൾക്കായി കേരളം സജ്ജമാകണം: പി.കെ. കൃഷ്ണദാസ്

124
0

തിരുവനന്തപുരം: കെ റയിലിന് കേന്ദ്രസർക്കാരിൻ്റെ അനുമതിയുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ വ്യാജവാദമാണ് റയിൽമന്ത്രാലയത്തിൻ്റെ വെളിപ്പെടുത്തലോടുകൂടി പൊളിയുന്നത്. ജനദ്രോഹപരവും സംസ്ഥാനത്തിന് തീർത്തും ബാധ്യത മാത്രം സൃഷ്ടിക്കുന്നതുമായ പദ്ധതി കേന്ദ്രം അംഗീകരിക്കില്ലെന്ന് ബിജെപി കേരള ഘടകം ആവർത്തിച്ച് വ്യക്തമാക്കിയിട്ടും ജനങ്ങളെ കബിളിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. സിൽവർ ലൈൻ പദ്ധതിക്ക് തത്ക്കാലം അനുമതിയില്ലെന്നാണ് കേന്ദ്രസർക്കാർ നിലവിൽ എം.പിമാർക്ക് നൽകിയ വിശദീകരണം.
പദ്ധതിയുടെ ഡിപിആർ അപൂർണ്ണമെന്നും റെയിൽവേമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല. സങ്കേതികവും, സാമ്പത്തികവുമായി പദ്ധതി പ്രായോഗികമാണോ എന്ന് വ്യക്തമല്ലെന്നും റെയിൽവേ മന്ത്രാലയം പറയുന്നു. ഇനിയും ഈ ഉടായിപ്പ് പദ്ധതിയുമായി മുന്നോട്ടുപോവാതെ അത് ഉപേക്ഷിക്കാൻ തയ്യാറാകണം. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിനുകൾ കേരളത്തിലേക്കെത്തിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടത്, വന്ദേഭാരത് ട്രെയിനുകൾക്കനുയോജ്യമായ വിധത്തിൽ റയിൽ വെ വികസനം സാധ്യമാക്കാനുള്ള സജീകരണങ്ങൾ ഒരുക്കി കേരളത്തെ ഭീമമായ കടബാധ്യതയിൽ നിന്ന് രക്ഷിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.