കെ എസ് ആർ ടി സിയിൽ മെയ് മാസത്തെ വരുമാനം 193 കോടി കടന്നുവെങ്കിലും ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ തയ്യാറാവുന്നില്ല. 80 കോടിയോളം രൂപയാണ് ശമ്പളവിതരണത്തിന് വേണ്ടി വരുന്നത്. വരുമാനം മുഴുവൻ സർക്കാർ ഖജനാവിൽ അടച്ചു കഴിഞ്ഞ് ശമ്പളത്തിനായി തുക ആവശ്യപ്പെടുമ്പോൾ മാനേജ്മെന്റും സർക്കാരും ഒത്തുകളിച്ച് കള്ളക്കഥകൾ മെനഞ്ഞ് പ്രചരിപ്പിപ്പിക്കുന്നതിന് വകുപ്പ് മന്ത്രി തന്നെ നേതൃത്വം നൽകുകയാണ്. ശമ്പള പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണുക, കെ-സ്വിഫിറ്റ് കമ്പിനിയെ കെ എസ് ആർ ടി സിയിൽ ലയിപ്പിക്കുക , കടബാധ്യതയും പെൻഷനും സർക്കാർ ഏറ്റെടുക്കുക, തൊഴിൽ നിയമങ്ങൾ പാലിച്ചു മാത്രം ഡ്യൂട്ടി പാറ്റേൺ നടപ്പിലാക്കുക. 15% DA കുടിശിക അനുവദിക്കുക , കെ എസ് ആർ ടി സിയെ സേവന മേഖലയായി പരിഗണിച്ച് സർക്കാർ ഡിപ്പാർട്ടുമെന്റായി നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂൺ 7 മുതൽ ബി എം എസ് – ന്റെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ജീവനക്കാർ നടത്തുന്ന സെക്രട്ടറിയേറ്റ് നടയിൽ അനിശ്ചിതകാല ധർണ്ണ രണ്ടാം ദിവസത്തിലേക്ക്. കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയപ്പോൾ കെ എസ് ആർ ടി സിയെ ബൾക്ക് പർച്ചേസർ വിഭാഗത്തിൽ ഉൾപ്പെടുത്തിയത് കാരണം ഡീസലിന് അമിതവില നൽകുന്നതു കാരണം പ്രതിമാസം 40 കോടി രൂപ അധിക ബാധ്യത വരുന്നതിനാലാണ് ശമ്പളവിതരണം പ്രതിസന്ധിയിലായതെന്ന് ഗതാഗത മന്ത്രി മാധ്യമങ്ങൾക്കു മുമ്പിൽ ആവർത്തിക്കുകയായിരുന്നു . എന്നാൽ മെയ്, 19 ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) കെ എസ് ആർ ടി സി ഒരു ലിറ്റർ ഡീസൽ പോലും അമിത വില നൽകി വാങ്ങിയിട്ടില്ലയെന്ന് ബഹു:സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയതോടെ പ്രതിമാസം 40 കോടി രൂപയുടെ അഴിമതിയാണ് പുറത്തുവന്നത്. ഡീസൽ പർച്ചേസിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 30-ന് എംപ്ലോയീസ് സംഘ് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയതോടെ 30 മെയ് വരെ ലിറ്ററൊന്നിന് 123.68 രൂപയ്ക്ക് വാങ്ങിയ ഡീസലിന് 31–ന് 96.68 രൂപയായി കുറയ്ക്കുന്ന കണക്കും കെ എസ് ആർ ടി സി പുറത്തുവിട്ടു. ഇതിൽ നിന്നും മുൻ മാസങ്ങളിൽ ഡീസൽ പർച്ചേസിൽ വലിയ തോതിലുള്ള അഴിമതിയാണ് നടന്നതെന്ന് വ്യക്തം.
കെ എസ് ആർ ടി സിയ്ക്കു സമാന്തരമായി ഒരു ഗതാഗത കമ്പനി രൂപീകരിക്കുകയും ആർ ടി സിയ്ക്ക് അനുവദിച്ച ഫണ്ട് വിനിയോഗിച്ച് കെ-സ്വിഫറ്റിന് ബസ് വാങ്ങുകയുമാണ് സർക്കാർ ചെയ്തത് . കെ എസ് ആർ ടി സിയുടെ എല്ലാ അടിസ്ഥാന സൗകാര്യങ്ങളും ഉപയോഗപ്പെടുത്തി സർവ്വീസ് നടത്തുന്ന സ്വിഫ്റ്റ് കമ്പിനിയിൽ യാതൊരു നിയമന-വേതന നിയമങ്ങളും പാലിക്കാതെ തുശ്ചവേതനത്തിന്, ജോലി പരിചയം പോലും പരിഗണിക്കാതെയാണ് നിയമനം നടത്തിയിട്ടുള്ളത്. പത്തു മുതൽ പതിനാലു വർഷം വരെ ജോലി ചെയ്ത താത്കാലിക ജീവനക്കാരെ പൂർണ്ണമായും ഒഴിവാക്കിയ ശേഷമാണ് തത്വദീക്ഷയില്ലാത്ത കെ-സ്വിഫ്റ്റ് നിയമനം . ആറു വർഷമായി കെ എസ് ആർ ടി സി ക്കു പുതിയ ബസുകൾ വാങ്ങാതിരിക്കുകയും, കാലപ്പഴക്കം കൊണ്ട് നിരത്തൊഴിയുന്ന ബസുകൾക്ക് പകരമായി കെ എസ് ആർ ടി സിയുടെ ഫണ്ടുപയോഗിച്ചു വാങ്ങിയ ബസുകൾ കെ.എസ്.ആർ.ടി.സിക്കു കൈമാറി പൊതുഗതാഗതം കൂടുതൽ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. കെ എസ് ആർ ടി സി യുടെ കടബാധ്യതയും പെൻഷനും ഏറ്റെടുക്കുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാൻ സർക്കാർ തയ്യാറാവണം. ടിക്കറ്റ്-ടിക്കറ്റിതര വരുമാനം കൊണ്ട് കെ എസ് ആർ ടി സി ക്കു മുന്നോട്ടു പോകാനാവും. സർക്കാരുകളുടെ നയവൈകല്യം കൊണ്ടുണ്ടായ കടബാധ്യതയും അമിത പലിശയും ജീവനക്കാരുടെ തലയിൽ കെട്ടിവക്കാതെ സർക്കാർ തന്നെ ഏറ്റെടുത്തു പ്രതിസന്ധി പരിഹരിക്കേണ്ടതാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രഖ്യാപിച്ചത് പ്രകാരം 15%ഡിഎ കുടിശികയാണുള്ളത്. അടിയന്തിരമായി ഡി എ കുടിശിക അനുവദിക്കാൻ സർക്കാർ തയ്യാറാവണം.
ജീവനക്കാരിൽ നിന്നും ഈടാക്കിയ റിക്കവറി തുകകൾ പോലും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഒടുക്കാതെ വകമാറ്റുന്നതു കാരണം തൊഴിലാളികൾക്ക് വൻ സാമ്പത്തിക ബാധ്യതയാണുണ്ടാവുന്നത്. പന്ത്രണ്ടു മണിക്കൂർ ഡ്യൂട്ടി ആറു ദിവസം തുടർച്ചയായി ചെയ്യണമെന്ന ഉത്തരവും അർഹതപ്പെട്ട ലീവ് നിഷേധിക്കുന്ന സമീപനവും അംഗീകരിക്കാനാവില്ല. രണ്ടാം ദിവസം സെക്രട്ടറിയേറ്റിനു മുന്നിലെ അനിശ്ചിതകാല ധർണ്ണ ബി എം എസ് സംസ്ഥാന സെക്രട്ടറി ശ്രീ. ജി.സതീഷ്‌കുമാർ ഉത്‌ഘാടനം ചെയ്തു. സംസ്ഥാനനേതാക്കളായ എൻ.എസ് രണജിത്, എസ്. ശ്രീകുമാരൻ, ജില്ലാ ഭാരവാഹികളായ ആർ പദ്മകുമാർ, എം കെ പ്രമോദ്, ടി സുരേഷ്കുമാർ, എന്നിവർ ധർണ്ണക്ക് നേതൃത്വംനൽകുന്നു.