കെ.എം.എം.എല്ലില്‍ പുതിയ മഗ്നീഷ്യം റീസൈക്ലിംഗ് പ്ലാന്റ് സ്ഥാപിക്കുന്നു

127
0

കെ.എം.എം.എല്‍ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റില്‍ പുതിയ മഗ്നീഷ്യം റീസൈക്ലിങ്ങ് പ്ലാന്റിന്റെ ശിലാസ്ഥാപനം വ്യവസായ മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. ടൈറ്റാനിയം സ്‌പോഞ്ച് ഉല്‍പാദനത്തിന്റെ ഭാഗമായി ഉപോല്‍പന്നമായി ഉണ്ടാകുന്ന മഗ്നീഷ്യം ക്ലോറൈഡില്‍ നിന്ന് മഗ്നീഷ്യം വേര്‍തിരിച്ചെടുക്കുന്നതാണ് പദ്ധതി. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന മഗ്നീഷ്യം, ടൈറ്റാനിയം സ്‌പോഞ്ച് ഉല്‍പാദനത്തിന് വീണ്ടും ഉപയോഗിക്കാനാകും.

20.38 കോടി രൂപ ചെലാണ് പദ്ധതിയ്ക്ക് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന് കീഴിലെ (ഐ.എസ്.ആര്‍.ഒ) വിക്രം സാരാഭായ് സ്‌പേസ് സെന്ററാണ് (വി.എസ്.എസ്.സി) ചെലവ് പൂര്‍ണ്ണമായും വഹിക്കുന്നത്. ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഒര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ) ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി (ഡി.എം.ആര്‍.എല്‍) യാണ് പദ്ധതിയ്ക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നത്.

രാജ്യത്തെ തന്നെ ആദ്യ ടൈറ്റാനിയം സ്‌പോഞ്ച് നിര്‍മ്മാണ പ്ലാന്റാണ് കെ.എം.എം.എല്ലിലേത്. വി.എസ്.എസ്.സിയുടെ സഹകരണത്തോടെ തുടങ്ങിയ പ്ലാന്റില്‍ നിര്‍മിക്കുന്ന ടൈറ്റാനിയം സ്‌പോഞ്ച് ലോഹം പ്രതിരോധ മേഖലയിലും ബഹിരാകാശ മേഖലയിലുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്.

ചവറ നിയോജകമണ്ഡലം എം.എല്‍.എ ഡോ സുജിത് വിജയന്‍പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എം.എം.എല്‍ മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രബോസ്. ജെ സ്വാഗതം പറഞ്ഞു. വി.എസ്.എസ്.സി ജനറല്‍ മാനേജര്‍ ഡോ. ഗോവിന്ദ്, ഡപ്യൂട്ടി ഡയറക്ടര്‍ എം. മോഹന്‍, ഡി.എം.ആര്‍.എല്‍ തലവന്‍ ഡോ. ആര്‍.വി.എസ് നാഗേഷ് തുടങ്ങിയവര്‍ ചടങ്ങിന് ആശംസകളറിയിച്ച് സംസാരിച്ചു. കെ.എം.എം.എല്‍ ജനറല്‍ മാനേജര്‍ വി. അജയകൃഷ്ണന്‍ നന്ദി പറഞ്ഞ ചടങ്ങല്‍ കെ.എം.എം.എല്ലിലെ ഉന്നത ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.