കെഎസ്ആർടിസി നിലവിൽ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇതിനായി മുഴുവൻ ജീവനക്കാരുടേയും യൂണിയൻ പ്രതിനിധികളുടേയും സഹകരണം മാനേജ്മെന്റ് അഭ്യർത്ഥിച്ചു. ഓരോ യൂണിറ്റിലുമുള്ള ഡെഡ് ട്രിപ്പ് കുറയ്ക്കാനുള്ള കണക്കുകൾ അതാത് യൂണിറ്റ് ഓഫീസർമാർക്ക് നൽകി കഴിഞ്ഞു. ഇതിൽ വീഴ്ച വരുത്തുകയും അനാവശ്യമായി ട്രിപ്പ് നടത്തുന്ന യൂണിറ്റ് ഓഫീസർമാർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സിഎംഡി അറിയിച്ചു. വരുമാനം ഇല്ലാത്ത സർവീസുകൾ ഒഴിയാക്കും. ഇതിനുള്ള നിർദേശം ഉടൻ തന്നെ പുറപ്പെടുവിക്കും. വരുമാനം ഇല്ലാത്ത സർവീസുകൾ ഒഴിവാക്കണമെന്നും സി എം ഡി അറിയിച്ചു.
ശമ്പള നൽകാൻ ഉൽപ്പെടെ ഏതാണ്ട് 100 കോടിയോളം രൂപയാണ് സർക്കാരിനോട് ഓരോ മാസവും അഭ്യർത്ഥിക്കുന്നത്. 4800 ബസുകൾ സർവ്വീസ് നടത്തിയിരുന്നയിടത്ത് നിലവിൽ 3300ൽ താഴെ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. വളരെയധികം ജീവനക്കാർ അധികമായി നിൽക്കുന്നുണ്ട്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് വേണ്ടി സർക്കാരിനെ ആശ്രയിക്കേണ്ടിയും വരുന്നു. ഈ സാഹചര്യത്തിൽ അധികമുള്ള സ്റ്റാഫിനെ സ്റ്റാഫിനെ ലേ ഓഫ് ചെയ്യുകയോ, അല്ലെങ്കിൽ മധ്യപ്രദേശ് സർക്കാർ ചെയ്തത് പോലെ 50% ശമ്പളം കൊടുത്തു ഒരു വർഷം മുതൽ അഞ്ച് വർഷം വരെയുള്ള ദൈർഘ്യമുള്ള ദീർഘകാല ലീവ് നൽകാമെന്ന നിർദ്ദേശം സർക്കാരിന് മുന്നിൽ വെയ്ക്കും. നയപരമായ ഈ വിഷയം സർക്കാർ തലത്തിൽ തീരുമാനിക്കുന്ന പക്ഷം അത് അനുസരിച്ച് മുന്നോട്ട് പോകും. ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്ന് സിഎംഡി യോഗത്തെ അറിയിച്ചു.
വെബ്കോ ഔട്ട്ലൈറ്റുകൾ കെഎസ്ആർടിസിയുടെ ഒരു ഡിപ്പോയിലും തുടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് സിഎംഡി യോഗത്തെ അറിയിച്ചു. ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലങ്ങൾ മുഴുവനും വർക്ക് ഷോപ്പോ, ഡിപ്പോയ്ക്ക് പുറത്തുള്ളവയോ, അല്ലെങ്കിൽ കെഎസ്ആർടിസിക്ക് വിവിധ സ്ഥലങ്ങളിൽ റോഡിന്റെ വശത്തുള്ള സ്ഥലങ്ങളിൽ ആണെന്നും അറിയിച്ചിട്ടുണ്ട്. ഉയർന്ന വാടക ലഭിക്കുന്ന പക്ഷം ഈ സ്ഥലങ്ങൾ വെബ്കോയ്ക്ക് വാടകയ്ക്ക് നൽകാം, ഇതു സംബന്ധിച്ചു ജീവനക്കാർക്ക് യാതൊരു ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും സി എം ഡി അറിയിച്ചു.
നിലവിൽ കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും പുതിയതായി സർവ്വീസ് ആരംഭിക്കണമെന്നുള്ള ആവശ്യം നിരന്തരം ഉണ്ടാകുന്നു. എന്നാൽ ഉച്ച സമയത്ത് യാത്രക്കാർ പോലും ഇല്ലാതെയാണ് പല സർവ്വീസുകളും നടത്തുന്നത്. വരുമാനമില്ലാത്ത സർവ്വീസുകൾ ഒഴിവാക്കിയാലെ ഇനി പിടിച്ച് നിൽക്കാനാകൂ.
ജൂൺ മാസത്തിൽ വരുമാനം 21.26 കോടിയും, ഡീസലിനായി നൽകിയത് 17.39 കോടിയുമാണ്, ജൂലൈയിൽ വരുമാനം 51.04 കോടി, ഡീസൽ ചിലവ് 43.70 കോടി, ആഗസ്റ്റിൽ വരുമാനം 75.71 കോടി, ഡീസൽ ചിലവ് 53.33 കോടി രൂപമാണ്.