കുറഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സർവ്വീസുമായി കെഎസ്ആർടിസി

60
0

കെ എസ് ആർ ടി സി യുടെ ജനത എ.സി. സർവ്വീസുകൾ തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം: കുറ‍ഞ്ഞ നിരക്കിൽ യാത്രക്കാർക്ക് എ.സി ബസ് സൗകര്യം ഒരുക്കുന്നതിനായി കെഎസ്ആർടിസി ആരംഭിക്കുന്ന ജനത സർവ്വീസുകൾ തിങ്കളാഴ്ച മുതൽ സർവ്വീസ് ആരംഭിക്കും. പ്രധാനമായും തലസ്ഥാനത്തെ ഓഫീസുകളിൽ എത്തുന്നവർക്ക് എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങിൽ നിന്നും രാവിലെ 7.15ന് സർവ്വീസ് ആരംഭിച്ച് 9.30 തിന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവ്വീസ് നടത്തുക. ന​ഗരത്തിൽ എത്തിയാൽ സിറ്റിയ്ക്കുള്ളിൽ സർവ്വീസ് നടത്തുന്ന സിറ്റി സർവ്വീസുകളിൽ ഇവർക്ക് കുറഞ്ഞ നിരക്കിൽ ഓഫീസുകളിൽ എത്തിച്ചേരാനും ആകും.

കെഎസ്ആർടിസിയുടെ ലോ ഫ്ലോർ എസി ബസുകളാണ് ജനത സർവ്വീസുകളായി സർവ്വീസ് ആരംഭിക്കുന്നത്.
20 രൂപ മുതലാണ് മിനിമം ടിക്കറ്റ് ആരംഭിക്കുന്നത്. സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എ സി ബസ്സിൽ യാത്ര ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സർവീസിന് ഫാസ്റ്റിനേക്കാൾ അല്പം കൂടിയ നിരക്കും, സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കുമാണ് ഉള്ളത്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോൺ എ. സി സൂപ്പർ ഫാസ്റ്റ് നിരക്ക് തന്നെയാണ് ഈടാക്കുക.

കൊല്ലം കൊട്ടാരക്കര യൂണിറ്റുകളിൽ നിന്നും എല്ലാ ഫാസ്റ്റ് സ്റ്റോപ്പിലും നിർത്തുന്ന ജനത സർവ്വീസ് രാവിലെ 7.15 ന് ആരംഭിച്ച് 9.30 ന് തിരുവന്തപുരത്ത് എത്തിച്ചേരും തുടർന്ന് 10 മണിക്ക് തിരികെ പോകുന്ന ബസുകൾ 12 മണിക്ക് തിരികെ കൊല്ലത്തും, കൊട്ടരക്കരയിലും എത്തിച്ചേരും, തുടർന്ന് വീണ്ടും ഉച്ചക്ക് 2.20 ന് പുറപ്പെട്ട് 4.30 ന് തിരുവനന്തപുരത്ത് എത്തി 5 മണിക്ക് തമ്പാനൂർ വഴുതക്കാട് സ്റ്റാച്ചു , പട്ടം (മെഡിക്കൽ കോളേജ് – കൊല്ലം ബസ്) കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫീസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7.15 ന് സർവീസ് അവസാനിപ്പിക്കും.

ഓരോ ഡിപ്പോകളെയും ഹബ്ബുകളായും, പ്രധാന ബസ് സ്റ്റേഷനുകളെ റീജിയണൽ ഹബ്ബുകളായും, അങ്കമാലി ബസ് സ്റ്റേഷനെ സെൻട്രൽ ഹബ്ബായും ക്രമീകരിച്ചുള്ള സർവീസുകളാണ് ജനത എ.സി ബസുകൾക്കായി ക്രമപ്പെടുത്തുന്നത്, ഹബ് ആന്റ് സ്പോക്ക് മാതൃകയിൽ ശാസ്ത്രീയമായി പുനക്രമീകരിച്ച് സർവ്വീസുകൾ നടത്തും. ഇതിന്റെ ക്രമീകരണങ്ങൾ താഴെ പറയുന്ന പ്രകാരംനടന്ന് വരികയാണ്.

  1. ഫസ്റ്റ് മൈൽ കണക്ടിവിറ്റി നൽകി മിനി ഫീഡർ സർവീസുകൾ യാത്രക്കാരെ ബസ് റൂട്ടുകളിലേക്ക് എത്തിക്കും
  2. ഇത്തരം റൂട്ടുകളെ ഹബ്ബുമായി ( ഡിപ്പോകൾ) ബന്ധിപ്പിക്കുന്ന ഓർഡിനറി ബസ്സുകൾ കൃത്യമായ ഇടവേളകളിൽ യാത്രക്കാർക്ക് യാത്രാ സൗകര്യം ഒരുക്കും
  3. റീജിയണൽ ഹബ്ബുകളെ ( പ്രധാന ജില്ലാ കേന്ദ്ര ഡിപ്പോകളെ ) പരസ്പരം ബന്ധിപ്പിച്ച് ഒരു ജില്ലയിൽ നിന്നും തൊട്ടടുത്ത ജില്ലയിലേക്ക് ഡി ടു ഡി സർവീസുകൾ നടത്തും. ( എസി / നോൺ എസി ജനത)
  4. തെക്ക്, വടക്ക്, സെൻട്രൽ ഹബ്ബ് ഇവയെ ബന്ധിപ്പിച്ച് ഹബ് ( ഡിപ്പോ) ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർക്ലാസ് സർവീസുകൾ നടത്തും.

ഇത്തരത്തിൽ ക്രമീകരിക്കുന്ന ഡി. ടു ഡി സർവ്വീസുകളുടെ ( ഖണ്ഡിക 3) പരീക്ഷണ സർവ്വീസ് ആണ് ജനത എ.സി. സർവ്വീസ്. ഇത് വിജയകരമെങ്കിൽ എല്ലാ ജില്ലകളെയും പരസ്പരം ബന്ധിപ്പിച്ച് പുതിയ എ.സി ബസ് ഉപയോഗിച്ച് ജനത എ സി. സർവീസ് ആരംഭിക്കും. ഇല്ലെങ്കിൽ നോൺ എസി ജനത സർവ്വീസാകും ക്രമീകരിക്കുക

ജനത എ.സി ( ഡി ടു ഡി) സർവീസ്

ഹബ്ബുകളിലും ( ഡിപ്പോകളിൽ ) പ്രധാന ഫാസ്റ്റ് ബസ് സ്റ്റോപ്പുകളിലും എത്തുന്ന യാത്രക്കാർക്ക് ഡിപ്പോകളിലും ഇടയ്ക്കുള്ള സ്റ്റോപ്പുകളിലും ഇറങ്ങുന്നതിനും ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് സഞ്ചരിക്കുന്നതിനും സഹായകരമാണ് ഈ സർവ്വീസുകൾ.

ടിക്കറ്റ് നിരക്കുകൾ അനുബന്ധമായി ചേർക്കുന്നു. ( സെന്ട്രൽ എസി ലക്ഷ്വറി ടാക്സ് 5% ഉൾപ്പെടാതെ).