കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ മനുഷ്യാവകാശ കമ്മീഷൻ്റെ പരിശോധന : സ്വമേധയാ കേസെടുത്തു

121
0

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസിയായ യുവതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആശുപത്രിയിൽ പരിശോധന നടത്തി. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നേരിട്ട് പരിശോധിച്ചത്.

സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

മാനസികാരോഗ്യകേന്ദ്രത്തിലെ ദാരുണ സംഭവം അത്യന്തം ഗൗരവകരമാണെന്നും റിപ്പോർട്ടുകൾ ലഭിച്ച ശേഷം ആവശ്യമായ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് പറഞ്ഞു.

മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടും ജില്ലാ പോലീസ് മേധാവിയും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മാർച്ച് 22 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

മാനസികാരോഗ്യകേന്ദ്രത്തിലെത്തിയ കമ്മീഷൻ അംഗം, അധികൃതരും അന്തേവാസികളുമായി സംസാരിച്ചു. ഇത്തരമൊരു ദാരുണ സംഭവത്തിലേക്ക് നീണ്ട സാഹചര്യം അദ്ദേഹം പരിശോധിച്ച് മനസിലാക്കി. കൊലപാതകം തടയുന്നതിൽ അധികൃതർക്ക് പിഴവ് സംഭവിച്ചെന്ന പരാതിയും കമ്മീഷൻ പരിശോധിക്കും. മഹാരാഷ്ട്ര സ്വദേശിനി ജയറാം ജിലോട്ട് (30) ആണ് മരിച്ചത്.