ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് നടയിൽ ആരംഭിച്ച റിലേ സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക്. കേരളത്തിലെ റേഷൻ വ്യാപാരികൾക്ക് കുടിശികയായ 11 മാസത്തെ കിറ്റിന്റെ കമ്മിഷൻ ഉടൻ നൽകുക, കോവിഡ് മൂലം മരണപ്പെട്ട 58 വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നൽകുകയും തൊഴിൽസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക, റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കുടുംബത്തിന് ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
റേഷൻ കടകൾ അടച്ചിടാതെയും കോവിഡ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും നടത്തുന്ന സമരത്തോട് സർക്കാർ മുഖംതിരിക്കരുത്. ഇന്നത്തെ സത്യാഗ്രഹം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഇന്നലെ കണ്ണൂർ ജില്ലയിലെ പ്രവർത്തകർ നടത്തിയ സമരം കെ. മുരളീധരൻ എം പി ഉദ്ഘാടനം ചെയ്തു. എംഎൽഎ മാരായ പി.ജെ. ജോസഫ്, മോൻസ് ജോസഫ്, കേരള കോൺഗ്രസ് വൈസ് ചെയർമാൻ പി. സി. തോമസ് എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദലി, ട്രഷറർ ഇ. അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു.