എറണാകുളം : വാക്സിനേഷൻ സെന്ററുകളിലെത്തി കോവിഡ് വാക്സിൻ എടുക്കാൻ കഴിയാത്ത കിടപ്പുരോഗികൾക്ക് അവരുടെ വീട്ടിലെത്തി വാക്സിൻ നൽകണമെന്ന പരാതിയിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നോട്ടീസയച്ചു.
ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കിടപ്പുരോഗികൾ, അംഗപരിമിതർ, സാന്ത്വന ചികിത്സാ രോഗികൾ എന്നിവർക്ക് അവരവരുടെ വീട്ടിലെത്തി വാക്സിൻ നൽകണമെന്നാണ് ആവശ്യം. ഇവർക്ക് വാക്സിനേഷൻ സെന്ററുകളിലെത്തി വാക്സിനെടുക്കാൻ അനാരോഗ്യം കാരണം കഴിയില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിൽ പറയുന്നു. കേസ് മേയ് 28 ന് പരിഗണിക്കും.