കാസര്‍ഡോഡ് 2 ന്യൂറോളജി ഡോക്ടര്‍മാര്‍ കൂടി

122
0

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് ന്യൂറോളജി ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ആരോഗ്യ വകുപ്പില്‍ രണ്ട് തസ്തികകള്‍ സൃഷ്ടിച്ചത്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ന്യൂറോളജി വിഭാഗത്തില്‍ ഓരോ കണ്‍സള്‍ട്ടന്റ് തസ്തിക വീതമാണ് സൃഷ്ടിച്ചത്. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ന്യൂറോളജി വിഭാഗം ഡോക്ടറുടെ സേവനം അടുത്തിടെ ലഭ്യമാക്കിയിരുന്നു. അത് കൂടാതെയാണ് പുതിയ 2 തസ്തികകള്‍ സൃഷ്ടിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്.

കാസര്‍ഗോഡ് ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തി. സര്‍ജറി, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒപികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. നിലവിലെ ഒപിയ്ക്കാവശ്യമായ ജീവനക്കാരും മരുന്നുകളും മറ്റ് സാമഗ്രികളും സജ്ജമാക്കിയിട്ടുണ്ട്.