കാസര്‍ഗോഡ് സാമ്പിളുകളില്‍ സാല്‍മൊണല്ല, ഷിഗല്ല ബാക്ടീരിയാ സാന്നിധ്യം: മന്ത്രി വീണാ ജോര്‍ജ്

135
0

ഇന്ന് 349 സ്ഥാപനങ്ങള്‍ പരിശോധിച്ചു

തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 349 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 142 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 466 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 162 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 125 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി വ്യക്തമാക്കി.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6035 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4010 പരിശോധനകളില്‍ 2014 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 458 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 5 സ്റ്റാറ്റിയൂട്ടറി സാമ്പിള്‍ ശേഖരിച്ചു. 6 പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു.