കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ശമ്പള പരിഷ്‌കരണം ഉത്തരവായി

145
0

മികച്ച ആനുകൂല്യങ്ങളും ഉയര്‍ന്ന ശമ്പളവും
ശമ്പള പരിഷ്‌കരണത്തിന് മുന്‍കാല പ്രാബല്യം

തിരുവനന്തപുരം: സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങി. പുതുക്കിയ ശമ്പളത്തിന് 2018 ജൂലൈ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യം അനുവദിച്ചിട്ടുണ്ട്. 2013 ലാണ് സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ അവസാനം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്‌കരണം നടപ്പിലാക്കേണ്ടതായിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കാലാവധി പൂര്‍ത്തിയായ മുറയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കിയത്. ശമ്പള പരിഷ്‌കരണ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തുകയും രജിസട്രാറുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തുടര്‍ന്നാണ് സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചത്.
വിവിധ അലവന്‍സുകളില്‍ വര്‍ദ്ധന വരുത്തിയുിട്ടുണ്ട്. ഇന്‍ക്രിമെന്റുകള്‍ നേരത്തയുള്ള വ്യവസ്ഥകള്‍ക്ക് അനുസൃതമായി കാലതാമസമില്ലാതെ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. 2018 ജൂലൈയ്ക്ക് ശേഷം സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കും പുതുക്കിയ സ്‌കെയിലിലായിരിക്കും ശമ്പളം ലഭിക്കുക.
6200 രൂപയില്‍ തുടങ്ങി 86,455 ല്‍ അവസാനിച്ചിരുന്ന മാസ്റ്റര്‍ സ്‌കെയില്‍ പരിഷ്‌കരണത്തിന് ശേഷം 9300 രൂപയില്‍ തുടങ്ങി 1,07,950 രൂപയിലായിരിക്കും അവസാനിക്കുക. വിവിധ അലവന്‍സുകളില്‍ 25 രൂപയുടെ വര്‍ദ്ധന വരുത്തിയിട്ടുണ്ട്. പരമാവധി സ്റ്റാഗ്നേഷന്‍ ഇന്‍ക്രിമെന്റ് അഞ്ചായി നിജപ്പെടുത്തിയിട്ടുണ്ട്. 4 എണ്ണം വാര്‍ഷിക അടിസ്ഥാനത്തിലും അഞ്ചാമത്തേത് രണ്ടു വര്‍ഷം കഴിഞ്ഞുമാണ് അനുവദിക്കേണ്ടത്. സ്റ്റാഗ്നേഷന്‍ ഇന്‍ക്രിമെന്റ് അനുവദിച്ച ശേഷമുള്ള അടിസ്ഥാന ശമ്പളം ആ തസ്തികയിലെ മാസ്റ്റര്‍ സ്‌കെയിലിനേക്കാള്‍ കൂടുതലാകാന്‍ പാടില്ല.
2018 ജൂലൈ ഒന്നിലെ ശമ്പളത്തോടൊപ്പം 54ല ശതമാനം ക്ഷാമബത്ത ലയിപ്പിക്കും. തുടര്‍ന്നുള്ള വര്‍ഷങ്ങൡലെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചു നല്‍കി. 2018 ജൂലൈ ഒന്നിനുള്ള ക്ഷാമബത്ത 52 ശതമാനവും 2019 ജനുവരി ഒന്നിന് 57 ശതമാനവും ജൂലൈയില്‍ 63 ശതമാനവും 2020 ജനുവരിയില്‍ 70 ശതമാനവും ജൂലൈയില്‍േ 76 ശതമാനവുമായിരിക്കും. വീട്ടുവാടക അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമോ പരമാവധി 5000 രൂപയോ ആയിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതിന് സമാനമായിരിക്കും സിറ്റി കോമ്പന്‍സേറ്ററി അലവന്‍സ്. മെഡിക്കല്‍ അലവന്‍സിനു പകരം മെഡിക്കല്‍ ഇന്‍ഷുറന്‍സ് നടപ്പിലാക്കും. ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ പ്രതിവര്‍ഷം 3000 രൂപ മെഡിക്കല്‍ അലവന്‍സായി ലഭിക്കും. സ്ഥിരം യാത്രാ ബത്ത താലൂക്കില്‍ 2000 രൂപയും കൂടുതല്‍ താലൂക്കുകള്‍ പ്രവര്‍ത്തന മേഖലയായിട്ടുള്ളവര്‍ക്ക് 2250 രൂപയും ആയിരിക്കും. എട്ട് കിലോ മീറ്ററില്‍ അധികമായി യാത്ര ചെയ്യേണ്ടി വരുന്ന ദിവസങ്ങളുടെ എണ്ണം 15 ആയി നിജപ്പെടുത്തി.

കണ്ണട അലവന്‍സ് 1750 രൂപയാക്കി. സബ് സ്റ്റാഫിന് എട്ട് മുതല്‍ 28 വര്‍ഷം വരെയുള്ള സര്‍വീസിന് നാല് ഹയര്‍ ഗ്രേഡുകളും ഇതര ജീവനക്കാര്‍ക്ക് എട്ട് മുതല്‍ 16 വര്‍ഷത്തിനിടയില്‍ രണ്ട് ഹയര്‍ ഗ്രേഡും സമയ ബന്ധിതമായി നല്‍കും. ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണത്തില്‍ ഓപ്ഷന്‍ അനുവദിച്ചിട്ടില്ല. പ്രാബല്യ തീയതി മുതല്‍ ശമ്പള നിര്‍ണയം നടപ്പിലാക്കും.