കായികപരിശീലകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സംവിധാനം: മന്ത്രി

147
0

സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലെ പരിശീലകരുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തുമെന്നും അതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും കായികമന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. പരിശീലകര്‍ക്ക് വിദേശത്തുനിന്നുള്ള വിദഗ്ധരെ ഉപയോഗപ്പെടുത്തി ഓറിയന്‍റേഷന്‍ ക്ലാസുകള്‍ നടത്തുമെന്നും കായിക പരിശീലകരുമായി നടത്തിയ സംവാദത്തില്‍ മന്ത്രി അറിയിച്ചു.
കേരളത്തിന്‍റെ കായികമേഖല വലിയൊരു ഉണര്‍വിന്‍റെ പാതയിലാണ്. ഈ ഉണര്‍വ് നിലനിര്‍ത്തി ഉയരങ്ങളിലേക്ക് കുതിക്കാന്‍ കായികപരിശീലകര്‍ക്ക് മുഖ്യപങ്കുവഹിക്കേണ്ടതുണ്ട്. അതിനുള്ള പ്രാപ്തി കൈവരിക്കാന്‍ പരിശീലകര്‍ തയ്യാറാകണം. ലോകത്ത് കായികമേഖലയിലെ പുരോഗതിയും മാറ്റങ്ങളും തിരിച്ചറിയാന്‍ കായികപരിശീലകര്‍ തയ്യാറാകണം.
കായികപ്രതിഭകളെ ചെറിയപ്രായത്തില്‍തന്നെ തിരിച്ചറിയുന്ന കാര്യത്തില്‍ പരിശീലകര്‍ ജാഗ്രത കാണിക്കണമെന്നും മന്ത്രി പറഞ്ഞു. 
സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലെ അക്കാദമികളുടെ നിലവാരം ഉയര്‍ത്താന്‍ പരിശീലകര്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. അക്കാദമികള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും കായികോപകരണങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്പോര്‍ട്സ് മെഡിസിന്‍, സ്പോര്‍ട്സ് ന്യൂട്രീഷ്യന്‍, സ്പോര്‍ട്സ് സൈക്കോളജി തുടങ്ങിയ കാര്യങ്ങള്‍ അക്കാദമികളില്‍ ലഭ്യമാക്കുന്നതും പരിഗണിക്കുകയാണ്. പരിശീലകര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സജീവമായ ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
നാല്‍പ്പതോളം കായികപരിശീലകരും സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് മേഴ്സിക്കുട്ടന്‍, സെക്രട്ടറി അജിത്ത് ദാസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.