കാത്തിരിപ്പ്

291
0

രശ്മി എസ് നായര്‍

മിഴിയില്‍നിന്നുതിരുന്ന കണ്ണീര്‍ മറയ്ക്കാം
നിന്‍ നെഞ്ചുപിടയാതിരിക്കാന്‍.
ഇടനെഞ്ചിനുള്ളിലേ നോവുമടക്കാം
നമ്മുടെ സ്വപ്നങ്ങള്‍ പൂവണിയാന്‍.

യാത്രചൊല്ലീടരുതെന്നോടു നീ-
യെന്‍ഹൃത്തടം വിങ്ങുമാ നിമിഷത്തിലാകെ.
ക്ഷണികമാമീ വേര്‍പിരിയലിലും ഞാന്‍
തളരുവതെന്തിനോ എന്തോ?

സര്‍വ്വേശ്വരന്‍ തന്റെ മുന്നിലെന്നും
നിന്റെ നന്മയ്ക്കായെന്‍ മനം കേണീടുമെന്നും.
പാതിരാവാകുന്ന നേരത്തെന്‍ മനസ്സിന്റെ
ചമയങ്ങളൊക്കെയും മായും
വിരഹം കണ്ണീര്‍ മഴയായി പെയ്യും.
കരളില്‍ പൂക്കുന്നതു പൂക്കളല്ല
നിന്റെ നിനവുള്ള ചിന്തകള്‍ മാത്രം

പുഞ്ചിരിക്കാന്‍ ഞാന്‍ ശ്രമിക്കാം
കുഞ്ഞിന്റെ പൂമുഖം വാടാതിരിക്കാന്‍.
നാളെയച്ഛന്‍വരും പന്തുമായി-
നല്ലോമല്‍ പീപ്പിയുമായെന്റെ പൊന്നേ,
അച്ഛനെ തിരയുന്ന കണ്മണിയേ
ഞാനിങ്ങനെ ആശ്വസിപ്പിക്കാം

നിന്നുടെ ചൂടും കരുതലുമില്ലങ്കില്‍
പൂമെത്തയും മുള്ളുപോലാകും
ഉള്ളിന്റെയുള്ളിലീ കനലുമായി-
എനിക്കാവില്ല ഏറെനാളൊന്നിനും കണ്ണേ
നീവരും നാള്‍ നോക്കി ഞാനുമീ പിഞ്ചും
പൂമുഖവാതിലില്‍ കാത്തിരിക്കാം.