തിരുവനന്തപുരം: കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി കേരളത്തിലെ ഐഎൻഡിഐഎ മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 96 കോടി രൂപയാണ് പ്രകൃതി സമ്പത്തുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യാവസായം നടത്തുന്ന വ്യക്തി ഐഎൻഡിഐഎ മുന്നണിയിലെ പ്രമുഖ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും നൽകിയത്. സുതാര്യമായി ബിസിനസ് സ്ഥാപനം നടത്തുന്നതാണെങ്കിൽ എന്തിനാണ് അദ്ദേഹം പണം കൊടുത്തതെന്നും തിരുവനന്തപുരം മാറനല്ലൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു. വീണാ വിജയന് കൊടുത്തതിലും കൂടുതൽ തുക പിണറായി വിജയന് കൊടുത്തു എന്നാണ് പുതിയ വിവരം. പിവി എന്നാൽ പിണറായി വിജയനാണ്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരോടൊപ്പം പണം കിട്ടിയവരുടെ ലിസ്റ്റിൽ പിണറായി വിജയനുമുണ്ട്. ഇത് എൽഡിഎഫ്- യുഡിഎഫ് കൊടുക്കൽ വാങ്ങലാണ്. വലിയ അഴിമതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 96 കോടി രൂപ കൈക്കൂലി കൊടുത്തെങ്കിൽ ആയിരക്കണക്കിന് കോടി രൂപയുടെ ഡീലാണ് നടന്നിരിക്കുന്നതെന്ന് ഉറപ്പാണ്. എല്ലാവരും ഒരുമിച്ച് നടത്തിയത് കൊണ്ട് പറഞ്ഞുതീർക്കാമെന്നാണ് ഭരണ-പ്രതിപക്ഷ കക്ഷികൾ കരുതുന്നത്. എന്നാൽ അത് നടപ്പില്ല. അഴിമതിയുടേയും സമ്പത്ത് കൊള്ളയടിക്കുന്നതിന്റെയും അവിശുദ്ധ സഖ്യമാണ് ഇന്ത്യ എന്ന് വ്യക്തമായിരിക്കുകയാണ്. കാട്ടുകള്ളൻമാരുടെ സംയുക്ത സമ്മേളനമാണ് നിയമസഭയിൽ നടന്നത്. നിയമസഭയിൽ വിഷയം അവതരിപ്പിക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്നാണ് വിഡി സതീശൻ പറയുന്നത്. അദ്ദേഹം സ്വയം പരിഹാസ കഥാപാത്രമാവുകയാണ്. കള്ളന് കഞ്ഞിവെച്ചവനാണ് വിഡി സതീശൻ. ഇത്രയും അധികം തെളിവുകൾ പുറത്ത് വന്നിട്ടും വിജിലൻ എന്തുകൊണ്ടാണ് കേസെടുക്കാത്തത്? ലോകായുക്ത എന്തുകൊണ്ടാണ് ഇടപെടാത്തത്? തനിക്കും കുടുംബത്തിനും മാസപ്പടി കിട്ടിയ സംഭവത്തിൽ അന്തസുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണം.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപി നല്ല മത്സരം കാഴ്ചവെക്കും. അഴിമതി നടന്ന എല്ലാ ബാങ്കുകൾക്ക് മുമ്പിലും ബിജെപി സഹകരണ അദാലത്ത് നടത്തും. രണ്ടാമത്തെ അദാലത്താണ് മാറനെല്ലൂരിൽ നടക്കുന്നത്. തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവർക്ക് വേണ്ടി ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.