ആലപ്പുഴ: ജില്ലയില്‍ കരുവാറ്റ പഞ്ചായത്തിലെ ചന്ദ്രൻ തോട്ടുകടവിൽ എന്ന കർഷകന്റെ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികള്‍ ഉര്‍ജിതമാക്കാന്‍ തീരുമാനിച്ചു.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളില്‍ എച്ച്5 എന്‍ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ ആരംഭിക്കും.
കള്ളിംഗ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ കരുവാറ്റ ഗ്രാമ പഞ്ചായത്തിന്റെ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി.
രോഗബാധ സ്ഥിരീകരിച്ച മേഖലകളില്‍ താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും ഈ മാസം 19 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. തൃക്കുന്നപ്പുഴ, കാർത്തികപള്ളി, ഹരിപ്പാട്,പള്ളിപ്പാട്, കുമാരപുരം, വീയപുരം, ചെറുതന, കരുവാറ്റ, പുറക്കാട്,തകഴി, എടത്വ, തലവടി, അമ്പലപ്പുഴ തെക്ക്, ചമ്പക്കുളം, രാമങ്കരി, നെടുമുടി പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് ഈ നിയന്ത്രണം ബാധകമാകുക.
അമ്പലപ്പുഴ,കുട്ടനാട്,കാർത്തികപ്പള്ളി,മാവേലിക്കര, തുടങ്ങിയ പ്രദേശങ്ങളിൽ പ്രത്യേക പരിശോധന സ്ക്വാഡുകൾ രൂപീകരിച്ചു പരിശോധന കർശനമാക്കാൻ അതാതു സ്ഥലത്തെ തഹസിൽദാർമാർക്ക് നിർദ്ദേശങ്ങൾ നൽകി.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശ സി. എബ്രഹാം, ജില്ല മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.ഡി.എസ്. ബിന്ദു, ഡോ. ബി സന്തോഷ് കുമാർ, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ പി.എ. സജീവ്കുമാര്‍, കരുവാറ്റ പഞ്ചായത്ത് സെക്രട്ടറി അജയകുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.