കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടു.

165
0

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടു. രേഖകളില്ലാത്ത വാഹനം ഉപയോ​ഗിച്ച് ഇടിച്ചു കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. റിയാസ് എന്ന കുഞ്ഞീതുവിനെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഫോൺ പൊലീസ് പരിശോധിച്ചു. ഇതിൽ കുറച്ച് രേഖകൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇക്കാര്യങ്ങൾ പൊലീസ് സാങ്കേതികമായി വീണ്ടെടുക്കുകയായിരുന്നു. തുടർന്നാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ പദ്ധിതിയിട്ടെന്ന് വിവരം പൊലീസിന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങൾ പൊലീസിന് ലഭിച്ചു.

കേസിൽ ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിക്കയച്ച സന്ദേശങ്ങളാണ് പോലീസിന് ലഭിച്ചത്. അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞാണ് സന്ദേശമയച്ചതെന്നും പോലീസ് അറിയിച്ചു. കരിപ്പൂർ സ്വർണ്ണക്കവർച്ചാ ആസൂത്രണക്കേസിലാണ് റിയാസ് അടക്കമുള്ളവർ അറസ്റ്റിലായത്. റിയാസിന് മുഖ്യപ്രതി സൂഫിയാനുമായും വിദേശത്ത് നിന്നും സ്വർണ്ണം കടത്തുന്നവരുമായും ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. സ്വർണ്ണക്കടത്ത് സംഘത്തിന്റെ സ്വർണ്ണം തുടർച്ചയായി തട്ടിക്കൊണ്ടുപോയതോടെയാണ് റിയാസ് അടങ്ങുന്ന കൊടുവള്ളി സംഘം കരിപ്പൂരിലെത്തിയത്. രാമനാട്ടുകര വാഹനാപകടത്തെ തുടർന്നാണ് സ്വർണ്ണക്കള്ളക്കടത്തിലെ തന്നെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.