കരാർ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവ് നൽകേണ്ടത് കരാറുകാർ : മനുഷ്യാവകാശ കമ്മീഷനോട് വൈദ്യുതി ബോർഡ്

126
0

പാലക്കാട്:- വൈദ്യുതി ബോർഡിൽ പ്രവർത്തിക്കുന്ന കരാർ തൊഴിലാളികൾക്ക് ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും നൽകേണ്ടത് കരാറുകാരാണെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കരാർ ജീവനക്കാർക്ക് വേതനം പരിഷ്ക്കരിക്കാൻ ബോർഡ് തീരുമാനിച്ചിട്ടും തങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് പാതിരിപാല 110 കെ വി സബ് സ്റ്റേഷനിലെ കരാർ തൊഴിലാളികൾ സമർപ്പിച്ച പരാതിയിലാണ് നടപടി.
പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൾ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പാലക്കാട് ഡിവിഷൻ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകിയിരുന്നു.
പാലക്കാട് സബ്സ്റ്റേഷനുകളിൽ താത്ക്കാലികാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാറില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
വർക്ക് കരാർ അടിസ്ഥാനത്തിലാണ് ജോലികൾ നൽകാറുള്ളത്. ഒരു തൊഴിലാളിയെ ഒന്നിലധികം ഷിഫ്റ്റുകളിൽ ജോലി ചെയ്യിക്കരുതെന്ന നിർദ്ദേശം ബോർഡ് നൽകിയിട്ടുണ്ട്. 2020 ഫെബ്രുവരി 22 മുതൽ കരാർ പ്രവൃത്തികളുടെ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. വർദ്ധിപ്പിച്ച നിരക്കുകൾ 2020 മാർച്ച് 1 മുതൽ സ്വീകരിച്ച ടെണ്ടറുകൾക്ക് ബാധകമാണെന്നും പാലക്കാട് കെ എസ് ഇ ബി ട്രാൻസ്മിഷൻ സർക്കിൾ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു.