കണ്ണുകളുടെ ആരോഗ്യം സംബന്ധിച്ച് ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ടൊരു കാലമാണിത്.എന്നാൽ കാഴ്ചയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ലാത്തിടത്തോളം എത്ര പറഞ്ഞാലും വേണ്ട പ്രാധാന്യം പലരും നൽകാറില്ലെന്നതാണ് യാഥാർത്ഥ്യം. കാഴ്ചയെ ബുദ്ധിമുട്ടിലാക്കാവുന്ന നിരവധി കാരണങ്ങൾ ആധുനിക ജീവിതത്തിൽ ഒഴിച്ചു നിർത്താൻ പറ്റാത്ത വിധം മനുഷ്യർക്കൊപ്പം കൂടെക്കൂടിയിട്ടുണ്ട്. ജീവിത ഉപാധികൾ പോലും പലതും അത്തരത്തിലുള്ളവയാണ്. കാഴ്ച സംബന്ധിച്ച രോഗങ്ങളുണ്ടായവർ അതുമായി ജീവിക്കുക, ജീവിതമാർഗ്ഗങ്ങൾ തുടരുക എന്നതു മാത്രമാണ് പലപ്പോഴും സംഭവിക്കുന്നത്. അതിനാൽതന്നെ രോഗം പെട്ടെന്ന് വർദ്ധിക്കുകയും പല ചികിത്സകളും ഉദ്ദേശിച്ച ഫലം കിട്ടാതെ പരാജയപ്പെടുകയും കണ്ണുണ്ടായാലും കാണാനാകാത്ത അവസ്ഥയുണ്ടാകുകയും ചെയ്യും. പ്രമേഹം പോലുള്ള മറ്റ് ചില രോഗങ്ങളിൽ ക്രമേണ കാഴ്ചയ്ക്കു തകരാറ് സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും തുടക്കത്തിലേ അത് സംഭവിക്കാതിരിക്കുവാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നില്ല എന്നതും ശരിയായ ബോധവത്കരണം നൽകി പരിഹരിക്കേണ്ടതാണ്. കാഴ്ചവൈകല്യമുണ്ടായ ശേഷം “കൈകാലിട്ടടിച്ചിട്ട് “വലിയ ഗുണമൊന്നുമുണ്ടാകാൻ പോകുന്നില്ലെന്ന് സാരം.
എല്ലാ നേത്രരോഗങ്ങളും കാഴ്ചയെ ബാധിക്കുന്നതാണെന്ന് കരുതരുത്. കാഴ്ച സാധ്യമാക്കുന്ന അവയവമായ കണ്ണിനുണ്ടാകുന്ന രോഗങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. അതിനാൽ എല്ലാ ഇന്ദ്രിയങ്ങളിലും വച്ച് കണ്ണുകളെ പ്രധാനമായി സംരക്ഷിക്കണം.
കാഴ്ചയെ
ബാധിയ്ക്കുന്നതല്ലാത്ത നേത്രരോഗങ്ങളും ‘കണ്ണായതു’കൊണ്ടുതന്നെ പ്രാധാന്യം അർഹിക്കുന്നവയാണ്.
കണ്ണിനുണ്ടാകുന്ന രോഗങ്ങൾ മാത്രമാണ് കാഴ്ചയെ ബാധിയ്ക്കുന്നതെന്ന് വിചാരിച്ചിട്ടുണ്ടെങ്കിൽ അത് ശരിയല്ല. പ്രമേഹം പിൽക്കാലത്ത് റെറ്റിനോപ്പതിക്കും,വാത സംബന്ധമായ രോഗങ്ങൾ എപ്പിസ്ക്ളീറൈറ്റിസ്,സ്ക്ളീറൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്നു.
കുട്ടികളിൽ ഏറ്റവും കൂടുതൽ കാഴ്ചനഷ്ടം ഉണ്ടാക്കുന്നത് വർദ്ധിച്ചുവരുന്ന ഹ്രസ്വദൃഷ്ടി അഥവാ പ്രോഗ്രസീവ് മയോപ്പിയ ആണെങ്കിൽ, മുതിർന്നവരിൽ കാറ്ററാക്ട് അഥവാ തിമിരം, കണ്ണിൻറെ പ്രഷർ കൂട്ടുന്ന ഗ്ലക്കോമ തുടങ്ങിയ രോഗങ്ങളാണ്. കുട്ടിക്കാലം മുതൽ വർദ്ധിച്ച് ക്രമേണ കാഴ്ച തീരെ കിട്ടാത്ത അവസ്ഥയിൽ എത്തുന്ന റെറ്റിനൈറ്റിസ് പിഗ്മെന്റോസ പോലെയുള്ള പാരമ്പര്യ രോഗങ്ങളും ഉണ്ട്.
തിമിരം ഉണ്ടാകുവാൻ നിരവധി കാരണങ്ങളുണ്ട്. പ്രകാശരശ്മികളെ കണ്ണിനുള്ളിലേക്ക് കടത്തി വിടാൻ പറ്റാത്ത രീതിയിൽ കണ്ണിലെ ലെൻസ് അതാര്യമാകുന്ന തിമിര രോഗത്തിൽ ലെൻസ് പൂർണമായി നീക്കം ചെയ്തും, കൃത്രിമമായി പകരം വെച്ചും പരിഹരിക്കാവുന്നതാണ്.
തിമിരമുള്ള ഒരാളുടെ കണ്ണിനുള്ളിൽ സംഭവിക്കുന്ന രോഗാവസ്ഥകൾ ശരിയായി മനസ്സിലാക്കുന്നതിന് പലപ്പോഴും സാധിക്കില്ല. തിമിരമുള്ള ഒരാളിൽ കണ്ണിലെ ഞരമ്പുകൾക്കും രോഗം ഉണ്ടെങ്കിലും തിമിരംകാരണം അത് മനസ്സിലാക്കാൻ സാധിക്കാത്തതിനാൽ, തിമിരം മാത്രമാണ് കാഴ്ച തടസ്സത്തിന് കാരണമെന്ന് ആദ്യം തോന്നിയേക്കാം. അങ്ങനെയുള്ളവരിൽ തിമിരം പരിഹരിച്ചശേഷം മാത്രമേ ഞരമ്പിനുള്ളിലെ പ്രശ്നങ്ങൾ ബോധ്യപ്പെടുകയുള്ളൂ. പ്രത്യേകിച്ചും പ്രമേഹരോഗികളിൽ.
ചികിത്സയുടെ കാര്യമെടുത്താൽ കണ്ണിൽ മരുന്ന് ഇറ്റിക്കൽ തുടങ്ങി ശസ്ത്രക്രിയവരെ വിവിധ മാർഗങ്ങൾ ആയുർവേദത്തിലുണ്ട്. തുള്ളി മരുന്ന് ഇറ്റിക്കൽ,ധാരയായി മരുന്ന് ഒഴിക്കൽ, ബാന്റേജ് അഥവാ വെച്ചുകെട്ടൽ, പാരാ സർജിക്കൽ പ്രൊസീഡ്യുയർ ആയ അട്ടയെ ഉപയോഗിച്ചുള്ള രക്തം കളയുന്ന മാർഗ്ഗങ്ങൾ, നസ്യം , തർപ്പണം ,പുടപാകം, ക്ഷാരം ഉപയോഗിച്ചും അഗ്നി ഉപയോഗിച്ചും പൊള്ളിച്ചു കളയുന്ന ചികിത്സകൾ, ഉരച്ചു കളയൽ തുടങ്ങി മരുന്ന് കഴിച്ചു വയറിളക്കുന്നത് പോലും നേത്ര ചികിത്സയിൽ ഉപകാരപ്പെടുന്നവയാണ്.വളരെ ഫലപ്രദമായതും സങ്കീർണമായ രോഗങ്ങളിൽ പോലും കൃത്യമായ ഫലം നൽകുന്നതുമായ ചികിത്സാ ക്രമങ്ങളാണിവ.
ഒരാളിന്റെ കാഴ്ചയെ ബാധിച്ചശേഷം പ്രമേഹം നിയന്ത്രണ വിധേയമാക്കി എന്നുകരുതി നഷ്ടപ്പെട്ട കാഴ്ച പ്രമേഹരോഗിക്ക് തിരികെ കിട്ടണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ കണ്ണിനെയും പ്രമേഹത്തെയും ഒരുപോലെ പരിഗണിച്ചുകൊണ്ട് മാത്രമേ തുടർചികിത്സ സാധ്യമാകു.അതുമാത്രമല്ല പ്രമേഹ ചികിത്സ ആരംഭിക്കുന്ന നാൾ മുതൽ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്ന മാർഗ്ഗങ്ങൾ കൂടി മറ്റ് ചികിത്സകൾക്കൊപ്പം ഉൾപ്പെടുത്തുകയും വേണം.
നേത്രത്തെ ബാധിച്ചുണ്ടാകുന്ന രോഗങ്ങളിൽ മറ്റൊരാളിലേക്ക് പകരുന്നവയും പകരാത്തവയും ഉണ്ട്. ഉദാഹരണത്തിന് ചെങ്കണ്ണ് പകരുന്നതും തിമിരം പകരാത്തതുമാണ്.
എല്ലാ നേത്രരോഗങ്ങളും കണ്ണട വെച്ച് പരിഹരിക്കാൻ ആകുമോ എന്ന് രോഗികൾ അന്വേഷിക്കാറുണ്ട്. എന്നാൽ കാഴ്ചവൈകല്യം ഉണ്ടാക്കുന്ന ചില രോഗങ്ങളിൽ മാത്രമേ കണ്ണട വയ്ക്കുക എന്നത് ഒരു പരിഹാരമാർഗ്ഗം ആകുന്നുള്ളൂ. മയോപ്പിയ അഥവാ ഹ്രസ്വദൃഷ്ടി, അസ്റ്റിഗ്മാറ്റിസം, ദീർഘദൃഷ്ടി അഥവാ പ്രസ് ബയോപ്പിയ എന്നിവ പരിഹരിക്കുന്നതിനും ചില അലർജി രോഗമുള്ളവരിൽ പൊടിയും പുകയും ഏൽക്കുന്നത് തടയുംവിധം വലിയ കണ്ണടകൾ ധരിക്കുന്നതുമെല്ലാം ഉപകാരപ്പെടുന്നവയാണ്. എന്നാൽ കണ്ണട നിർദ്ദേശിക്കുന്നതിനുമുമ്പ് പ്രമേഹം,സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഉണ്ടോ എന്ന് വിലയിരുത്തണം. ഉണ്ടെങ്കിൽ അവയെ കൂടി നിയന്ത്രണവിധേയമാക്കി മാത്രമേ കണ്ണട നിശ്ചയിക്കുവാൻ പാടുള്ളൂ.
അത്ര ഗുരുതരമല്ലാത്ത ഒരു രോഗത്തിന് ചെയ്യുന്ന ചികിത്സ കൂടുതൽ ഗുരുതരമായ മറ്റു ചില രോഗങ്ങളെ ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന് ഡ്രൈ ഐ അഥവാ നേത്ര വരൾച്ച, റെഡ് ഐ അഥവാ ചെങ്കണ്ണ്, കൺപോളകളിലെ അലർജി കൊണ്ടുള്ള ചൊറിച്ചിൽ തുടങ്ങിയ രോഗങ്ങളിൽ ഉപയോഗിക്കുന്ന ചില സ്റ്റിറോയ്ഡ് തുള്ളിമരുന്നുകൾ കണ്ണിനുള്ളിലെ പ്രഷർ അതായത് ഇൻട്രാ ഓക്കുലാർ പ്രഷർ വർദ്ധിപ്പിച്ച് ഗ്ലക്കോമ എന്ന രോഗത്തെ ഉണ്ടാക്കാം.കാഴ്ച പൂർണമായും നഷ്ടപ്പെടുന്നതിന് ഗ്ലക്കോമ കാരണമാകാറുണ്ട്.
കാലാവസ്ഥാ രോഗങ്ങളിൽ ഏറ്റവും പ്രധാനവും വളരെ വേഗം പകരുന്നതുമാണല്ലോ ചെങ്കണ്ണ്.ഒരു ലബോറട്ടറി പരിശോധനകളും ആവശ്യമില്ലാത്തതും, വിശ്രമവും മരുന്നും ചില പത്ഥ്യാഹാരവും കൊണ്ട് പൂർണമായും മാറുന്നതാണ് ചെങ്കണ്ണ്. ചിലർ പറയുന്നതു പോലെ കണ്ണിലേക്കു നോക്കിയാൽ പകരുന്ന രോഗമല്ല. എന്നാൽ അത്രമാത്രം വേഗത്തിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് എളുപ്പം പകരുന്ന രോഗമാണിത്.ചെങ്കണ്ണ് പിടിപെട്ടവർ അവർ ഉപയോഗിക്കുന്നതോ തൊടുന്നതോ ആയ വസ്തുക്കൾ മറ്റൊരാൾ കൈകാര്യം ചെയ്യുവാൻ ഇടവരാതെ ശ്രദ്ധിക്കണം എന്നതാണ് ഏറ്റവും പ്രധാനം. അത്യാവശ്യത്തിന് മാത്രം
മരുന്നുപയോഗിച്ച് ആവശ്യത്തിന് വിശ്രമം നൽകുവാനാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
ആയുർവേദ വിധി പ്രകാരം അഞ്ജനമെഴുതുക എന്നത് രോഗാവസ്ഥയിൽ കണ്ണിന്റെ സ്വാഭാവികസ്ഥിതി, സ്വാഭാവികനിറം എന്നിവ നിലനിർത്താനായി ആരോഗ്യമുള്ളവരും ചെയ്യണമെന്ന് വിധിച്ചിട്ടുണ്ട്. അഞ്ജനം എല്ലാ ദിവസവും ഉപയോഗിക്കണം. അങ്ങനെ ഉപയോഗിക്കുന്നവർക്ക് ആഴ്ചയിലൊരിക്കൽ ഉപയോഗിക്കുവാനായി പ്രത്യേക അഞ്ജനം വേറെയുമുണ്ട്. എന്നാൽ ഈ പറയുന്നതൊന്നുമല്ല ഇന്ന് മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നത്. അതുകൊണ്ട് കണ്മഷി കണ്ണിന് നല്ലതാണെന്ന് ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ടെന്ന് കരുതി കിട്ടുന്നതെന്തും വാങ്ങി കണ്ണിൽ പുരട്ടി ഫലം പ്രതീക്ഷിച്ചിരിക്കരുത്. ആയുർവേദ ഫാർമസികളിൽ പ്രത്യേകം നിർമ്മിക്കുന്ന കണ്മഷി ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.അത്തരം കൺമഷികൾ കാഴ്ച, മറ്റു നേത്ര രോഗങ്ങൾക്ക് ശമനം,കൺപോളയിലെ രോമങ്ങളുടെ പോലും ആരോഗ്യം എന്നിവയ്ക്ക് ഫലപ്പെടുന്നു.
മുമ്പൊക്കെ കറ്റ മെതിക്കുമ്പോൾ തെറിക്കുന്ന നെല്ല്, തീവണ്ടിയിൽ നിന്നും വീഴുന്ന കൽക്കരി,കുട്ടിയും കോലും കളി എന്നിവയിൽ കണ്ണിൻറെ കാഴ്ച നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ കൂടുതലായി ഉണ്ടായിരുന്നു. ഇപ്പോൾ കമ്പ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയുടെ അമിതമായ ഉപയോഗം കാരണം ഉണ്ടാകുന്ന റിഫ്രാക്ടീവ് എറർ, പ്രമേഹരോഗം കാരണം ഞരമ്പിന് ഉണ്ടാകുന്ന കേടുപാടുകൾ, ഗ്ലക്കോമ കാരണം കണ്ണിലുണ്ടാകുന്ന പ്രഷർ, നല്ലൊരു പരിധിവരെ തിമിരം തുടങ്ങിയവയാണ് കാഴ്ച നഷ്ടപ്പെടുത്തുന്ന കാരണങ്ങൾ.
എന്തെങ്കിലും വസ്തുക്കൾ കൊണ്ട് കണ്ണിലെ കൃഷ്ണമണിക്ക് അഥവാ കോർണിയയിൽ മുറിവുണ്ടായാൽ അത് കാഴ്ചയെ ബാധിക്കാം.കണ്ണിലെ വെളുത്ത ഭാഗത്ത് ഉണ്ടാകുന്ന മുറിവുകൾക്ക് ഒരു മുറിവിന്റെ പ്രാധാന്യം മാത്രമേ ഉള്ളൂ. എന്നാൽ കറുത്ത ഭാഗത്ത് അഥവാ കോർണിയയിൽ ഉണ്ടാകുന്ന മുറിവുകൾക്ക് വളരെവേഗം ചികിത്സ തേടണം. അല്ലെങ്കിൽ കാഴ്ചയെ ബാധിയ്ക്കുന്ന ഒന്നായി അവ മാറാം.
മുറിവുകൾ മാത്രമല്ല കെട്ടിടത്തിന്റെ റൂഫ് പെയിന്റ് ചെയ്യുക, സിമന്റ് തേയ്ക്കുക, സൂപ്പർ ഗ്ലൂ കണ്ണിൽ വീഴുക തുടങ്ങിയവയും വളരെ ശ്രദ്ധിക്കേണ്ടവതന്നെ. കെമിക്കലുകൾ കൈകാര്യം ചെയ്യുന്നവരും ഇക്കാര്യത്തിൽ മുൻകരുതലെടുക്കണം.
കണ്ണിൽ നിന്നും കൂടുതലായി വെള്ളം വരികയോ, ചുവക്കുകയോ, കണ്ണ് അടയ്ക്കുവാനും തുറക്കുവാനും മുമ്പത്തേക്കാൾ പ്രയാസം നേരിടുകയോ വേദന തോന്നുകയോ ചെയ്താൽ മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കണ്ണിന് കുഴപ്പമുണ്ടാക്കിയോ എന്ന് ചിന്തിക്കണം. ഇത് ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കുന്ന കുട്ടികൾ മാത്രമല്ല സദാസമയവും വാട്ട്സാപ്പും ഫേസ് ബുക്കും നോക്കിയിരിക്കുന്ന മുതിർന്നവർക്കും ഒരുപോലെ ബാധകമാണ്.
ആയുർവേദ തുള്ളി മരുന്നുകൾ രാത്രിയിലോ ഉച്ചയ്ക്കോ ഉപയോഗിക്കുവാൻ പാടില്ല. ഇളനീർ കുഴമ്പ് പോലുള്ള അഞ്ജനമായി കണ്ണിലെഴുതേണ്ട മരുന്നുകൾ വ്യക്തമായ ധാരണയില്ലാതെ ചിലരെങ്കിലും കണ്ണിലിറ്റിക്കുന്നതായി കണ്ടിട്ടുണ്ട്. ഓരോ ചികിത്സാരീതികൾക്കും അതിന്റേതായ പ്രത്യേകതകളും ഉപദേശങ്ങളും ഉണ്ട്. അത് ചികിത്സകനിൽ നിന്നും മനസ്സിലാക്കിയും നിർദ്ദേശമനുസരിച്ചും മാത്രമേ ചെയ്യാൻ പാടുള്ളൂ.
തലയിൽ തേയ്ക്കുന്ന എണ്ണയും നേത്രരോഗങ്ങളും തമ്മിൽ നല്ല ബന്ധമുണ്ട്. എണ്ണ നിർമ്മിക്കുന്ന പാകത്തിന് വ്യത്യാസം വന്നാൽ അത് കാരണം പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. മാർക്കറ്റിൽ കിട്ടുന്ന പല എണ്ണകളും ആയുർവേദം അനുശാസിക്കുന്ന രീതിയിൽ തയ്യാർ ചെയ്തവയാണെന്ന് വിചാരിക്കരുത്. എന്നാൽ പരിസരത്തുനിന്ന് കാണുന്നവയും കിട്ടുന്നവയും പറിച്ചെടുത്ത് “തലയിൽ തേക്കാനുള്ള എണ്ണ കാച്ചാം”,”ഇതേ ചേരുവ തന്നെയാണ് തലമുറകളായി ഞങ്ങൾ എണ്ണ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്” എന്നൊക്കെ പറയുന്നവരുണ്ട്. ഇതൊന്നും നല്ലതല്ല.
പലർക്കും മുടി വളരാൻ തേയ്ക്കുന്ന എണ്ണ ജലദോഷവും, തലവേദനയ്ക്ക് തേയ്ക്കുന്നത് കൂടുതൽ ഉറക്കവും, പല്ലുവേദനയ്ക്ക് തേയ്ക്കുന്നത് ഉറക്കമില്ലായ്മയും ഉണ്ടാക്കുന്നുണ്ട്.
ചികിത്സകന്റെ നിർദേശമില്ലാതെ ഉപയോഗിക്കുന്നത് കൊണ്ടാണ് ഏതെങ്കിലും ഒരു രോഗത്തിന് തേയ്ക്കുന്ന എണ്ണ മറ്റൊരുരോഗം കൂടി ഉണ്ടാക്കുന്നത്. ഒരു പ്രത്യേക രോഗത്തിന് തേയ്ക്കുന്ന എണ്ണ രോഗം മാറിയ ശേഷവും വർഷങ്ങളോളം തുടരുന്നത് ഒട്ടുംതന്നെ നല്ലതല്ല.
എല്ലാ പ്രായത്തിലും എല്ലാ കാലാവസ്ഥയിലും എല്ലാ രോഗങ്ങളേയും ഒരുപോലെ ശമിപ്പിക്കുന്നതിന് സാധിക്കുന്ന വിധം തലയ്ക്കും കണ്ണിനും പറ്റിയ ഒരു ഒറ്റമൂലി എണ്ണ നിർദേശിക്കുക സാധ്യമല്ല. അതൊക്കെ സാദ്ധ്യമാകുന്നത് പരസ്യങ്ങളിൽ മാത്രമാണ്. ചൂടുവെള്ളത്തിൽ കുളിക്കുന്നത് കണ്ണിന് നല്ലതല്ല. തലയിൽ ചൂടുവെള്ളം ഒഴിച്ചാൽ വേഗം മുടി കൊഴിയുകയും, നരയ്ക്കുകയും,കാഴ്ച കുറയുകയും ചെയ്യാം.
തലയിൽ താരൻ അഥവാ ഡാൻഡ്രഫ് കൂടുതലായാൽ കൺപീലികളുടെ ചുവടെ ചൊറിച്ചിലും ചുവപ്പും വരാം.ഇതിനെ ബ്ലിഫറൈറ്റിസ് എന്ന് പറയുന്നു. കണ്ണിന് ഹിതമല്ലാത്ത കൺമഷി, മസ്കാര, ഐ ലൈനർ എന്നിവ ഉപയോഗിക്കുന്നവർക്കും ഇപ്രകാരം സംഭവിക്കാറുണ്ട്. നന്നായി ചൊറിയുന്നത് കാരണം കണ്ണ് ശക്തമായി തിരുമ്മുന്നവരിൽ കോർണിയൽ ഇൻജുറി സംഭവിക്കാറുണ്ട്. ശക്തമായ അലർജിക് റൈനൈറ്റിസ് അഥവാ തുടർച്ചയായ തുമ്മൽ ഉള്ളവരിലും കൺപോളകളിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്. ശക്തമായി കണ്ണുകൾ തിരുമ്മുന്നത് കൂടുതൽ അപകടം ഉണ്ടാക്കും.
നേത്രരോഗം ഉള്ളവർ അധികമായ എരിവ്, പുളി, ഉപ്പ്, അച്ചാർ,മസാല, ചൂട് എന്നിവ പരമാവധി കുറയ്ക്കുകയും പഴവർഗങ്ങൾ, പച്ചക്കറികൾ ,ചീര, കറുത്ത മുന്തിരി എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം.
സ്ഥിരമായ തലവേദന, വായിക്കുമ്പോഴും ടിവി കാണുമ്പോഴും തലവേദന വർദ്ധിക്കുക, കണ്ണ് വേദന, ക്ലാസ്സിൽ ബോർഡിൽ എഴുതുന്നത് കാണാൻ പ്രയാസം, ബോർഡിൽ വരയ്ക്കുന്ന വരകൾ കൃത്യമായി എണ്ണി തിട്ടപ്പെടുത്തുവാൻ കഴിയായ്ക, നിവർന്നിരിക്കുന്നവ വളഞ്ഞും വളഞ്ഞത് നിവർന്നും തോന്നുക, വൈകുന്നേരങ്ങളിൽ തലവേദന കൂടുക തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം കാഴ്ച പരിശോധിപ്പിക്കണം. കിടന്നു വായിക്കുന്നതും, കൃത്യമായ അകലത്തിൽ അല്ലാത്തവ കാണുവാനായി സ്ട്രെയിൻ ചെയ്യുന്നതും, കണ്ണ്ചുരുക്കി പിടിച്ചു വായിക്കുന്നതും, ശക്തമായ പ്രകാശത്തിലും പ്രകാശം കുറവുള്ളിടത്തും വായിക്കുന്നതും, ആവശ്യത്തിന് മിഴിചിമ്മാതെ കണ്ണ് തുറന്നു പിടിച്ചിരിക്കുന്നതും, ടിവി കാണുമ്പോഴും വായിക്കുമ്പോഴും ഇടയ്ക്കിടെ വിശ്രമം കൊടുക്കാതിരിക്കുന്നതും, ഏ.സിയുടെ തണുപ്പോ ഫാനിന്റെ കാറ്റോ ആവശ്യത്തിലധികം കണ്ണിലേക്ക് തട്ടുന്നതുമെല്ലാം കണ്ണിന് പലവിധ അസുഖങ്ങൾ ഉണ്ടാക്കും.
വീര്യം കുറഞ്ഞതും വളരെ സുരക്ഷിതവുമായ മരുന്നും ചികിത്സകളുമാണ് നേത്ര സംരക്ഷണത്തിനായി ആയുർവേദത്തിൽ ഉപയോഗിക്കുന്നത്. അതിനാൽ കൊച്ചു കുട്ടികൾ മുതൽ വൃദ്ധർക്ക് വരെ വളരെ ഫലപ്രദമായ ചികിത്സ നിർദ്ദേശിക്കുവാൻ ഒരു ആയുർവേദ ഡോക്ടർക്ക് സാധിക്കും.