- നിക്ഷപകര്‍ക്ക് പണം നല്‍കാന്‍ 2 വര്‍ഷം സമയം ആവശ്യപ്പെടും
- സര്‍ക്കാര്‍ ബാദ്ധ്യതയ്ക്ക് 5 വര്‍ഷം സാവകാശം
തിരുവനന്തപുരം: കടുത്തുരുത്തി റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയും പിഎല്‍സി ഫാക്ടറിയും പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടി കണ്‍സോര്‍ഷ്യം രൂപീകരിക്കുമെന്ന് സഹകരണം, രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍. ഈ മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അഡ്വക്കേറ്റ് ജനറല്‍ വഴി ഹൈക്കോടതിയെ അറിയിച്ച ശേഷം പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. മോന്‍സ് ജോസഫ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. സൊസൈറ്റിയും പിഎല്‍സി ഫാക്ടിയും ഏറ്റെടുക്കുന്നതിന് സര്‍ക്കാരിന് നിയമപരമായും സാങ്കേതികമായും ബുദ്ധിമുട്ടുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ സംഘത്തിന്‍റെ വസ്തുവഹകള്‍ വിറ്റ് നിക്ഷേപകരുടെ പണം അടക്കമുള്ള ബാദ്ധ്യതകള്‍ തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വില്‍പ്പന നടത്തിയാല്‍ ബാദ്ധ്യതകള്‍ തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന് ഗവണ്‍മെന്‍റ് പ്ലീഡറെ അറിയിക്കാനും വസ്തു വില്‍പ്പന സമിതി യോഗം തീരുമാനിച്ചിരുന്നു. നേരത്തെ മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോസസിംഗ് സഹകരണ സംഘത്തിന്‍റെ ക്രംബ് ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്‍റെ മാതൃകയില്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ച് സംഘത്തിന്‍റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ച വിവരം കോടതിയെ അറിയിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി സര്‍ക്കാര്‍ കുടിശികകള്‍ അടയ്ക്കുന്നതിന് അഞ്ച് വര്‍ഷത്തെ സാവകാശം തേടും. നടപടികള്‍ ആരംഭിക്കുന്ന മുറയ്ക്ക് നിക്ഷേപങ്ങള്‍ രണ്ട് വര്‍ഷത്തിനകം തിരികെ നല്‍കുമെന്ന് നിക്ഷേപകരെ ബോദ്ധ്യപ്പെടുത്തും. ഇതിനായി നിക്ഷേപകരുടെ യോഗം വിളിക്കുമെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. 2013 -14 ലെ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് പ്രകാരം 1,00,45,665 രൂപയാണ് സംഘത്തിന്‍റെ ഓഹരി മൂലധനം80.64 ലക്ഷം രൂപ സര്‍ക്കാര്‍ ഓഹരിയുണ്ട്. 3,561 അംഗങ്ങളാണ് സംഘത്തിലുള്ളത്. 17,28,40,369 രൂപ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ട്. സര്‍ക്കാര്‍ വായ്പ 1,62,50,00 രൂപയും പലിശ 35,42,871 രൂപയും റബ്ബര്‍ ബോര്‍ഡ് വായ്പ5,50,000 രൂപയും തിരികെ അടയ്ക്കാനുണ്ട്. ജീവനക്കാര്‍ക്ക് ശമ്പളത്തിന്‍റെയും ആനുകൂല്യങ്ങളുടെയും കുടിശികയായി 1,46,99,823 രൂപയും നല്‍കാനുണ്ട്. കര്‍ഷകര്‍ക്ക് നല്‍കാനുള്ളത് 2,69,45,338 രൂപയാണ്. സംഘത്തിന്‍റെ ഉടമസ്ഥതയിലുള്ളത് 891.936 സെന്‍റ് സ്ഥലവും അതിലെ കെട്ടിടങ്ങളും ഫാക്ടറിയുമാണ്. 2015 മെയ് 20 മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് സമിതിയാണ് ഭരണം നടത്തി വരുന്നതെന്നും മന്ത്രി വി.എന്‍. വാസവന്‍, മോന്‍സ് ജോസഫ് എംഎല്‍എയുടെ സബ്മിഷനു മറുപടിയായി പറഞ്ഞു.