ഓണത്തിന് 17 ഇനം അടങ്ങിയ സ്‌പെഷ്യൽ കിറ്റ്

338
0

ഓണത്തിന് സംസ്ഥാനത്തെ മുഴുവൻ റേഷൻകാർഡ് ഉടമകൾക്കും 17 ഇനങ്ങൾ അടങ്ങിയ സ്‌പെഷ്യൽ ഓണക്കിറ്റ് നൽകാൻ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ നടത്തിയ ആലോചനായോഗത്തിൽ തീരുമാനമായി. കിറ്റ് വിതരണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സപ്ലൈകോ മുഖേന റേഷൻ കടകൾ വഴിയാണ് സംസ്ഥാനത്ത് സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ചെയ്യുക. കുട്ടികളുടെ അഭ്യർത്ഥന കൂടി പരിഗണിച്ച് കിറ്റിൽ ക്രീം ബിസ്‌കറ്റ് ഉൾപ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങൾ ഉൾപ്പെടുത്താൻ ഭക്ഷ്യ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഓണത്തിന് സ്‌പെഷ്യൽ കിറ്റ് നൽകാൻ മന്ത്രിസഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു.
ഓണത്തോടനുബന്ധിച്ച് തയ്യാറാക്കുന്ന ഭക്ഷ്യ കിറ്റിൽ പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി, നെയ്യ് ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാവും. കൂടാതെ അവശ്യ സാധനങ്ങളായ പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളക്/മുളക്‌പൊടി, ഉപ്പ്, മഞ്ഞൾ, ആട്ട, ശർക്കരവരട്ടി/ ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും ഉണ്ട്. പരിസ്ഥിതി സൗഹൃദമായി തുണി സഞ്ചിയിലാണ് സ്‌പെഷ്യൽ കിറ്റ് വിതരണത്തിനെത്തുക.
കോവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ആശ്വാസമായി മാറിയ സൗജന്യകിറ്റിന്റെ വിതരണം ആഗസ്റ്റ് 18 ഓടെ പൂർത്തിയാക്കാനാണ് ഭക്ഷ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ഭക്ഷ്യ കിറ്റ് ഒരുക്കുന്നതിന് അടഞ്ഞു കിടക്കുന്ന പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഉപയോഗപ്പെടുത്താനും ഭക്ഷ്യ വകുപ്പ് ആലോചിക്കുന്നു. സ്‌പെഷ്യൽ ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്ന അവശ്യ സാധനങ്ങളുടെ അളവും ഗുണനിലവാരവും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മന്ത്രി സപ്ലൈകോ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.