ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് സഹായധനമായി 71 കോടി രൂപ അനുവദിച്ചു: തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി

150
0

സംസ്ഥാനത്ത് ഓണക്കാലത്ത് 2,34,804 തൊഴിലാളികള്‍ക്ക് 71 കോടിയിലേറെ രൂപ (71,78,66,900) അനുവദിച്ചുവെന്ന് തൊഴില്‍ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. ഓണക്കിറ്റ്, എക്സ്ഗ്രേഷ്യ, ബോണസ്, പെന്‍ഷന്‍, കോവിഡ് ധനസഹായം എന്നിവയ്ക്കായും ഇന്‍കം സപ്പോര്‍ട്ട് സ്‌കീമിനുമായാണ് തുക അനുവദിച്ചത്.

കയര്‍ വികസന ഡയറക്ടറേറ്റ്, ഫിഷറീസ് ഡയറക്ടറേറ്റ്, കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, ഹാന്റ്ലൂം ആന്റ് ടെക്സ്റ്റൈല്‍ ഡയറക്ടറേറ്റ്, ഈറ്റ,കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ബീഡി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവ വഴി ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രകാരം ആദ്യഗഡുവായി 40 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മോട്ടോര്‍ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴില്‍വകുപ്പ് ധനസഹായം പ്രഖ്യാപിച്ചു.മൊത്തം 20 കോടി രൂപയുടെ ആനുകൂല്യമാണ് വിതരണം ചെയ്യുക. കേരളാ മോട്ടോര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് , കേരളാ ഓട്ടോമൊബൈല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരളാ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നീ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്കാണ് നാലാംഘട്ട കോവിഡ് ധന സഹായം വിതരണം ചെയ്യുന്നത്. ബോര്‍ഡുകളുടെ തനതു ഫണ്ടില്‍ നിന്നും 1000 രൂപ വീതമാണ് തൊഴിലാളികള്‍ക്ക് നല്‍കുന്നത്. പുതുതായി അംഗത്വമെടുത്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്ക് സൗജന്യ കോവിഡ് ധനസഹായമായി 1000 രൂപ വീതവും അനുവദിച്ചു.

ഒരു വര്‍ഷത്തിധികമായി പൂട്ടിക്കിടക്കുന്ന 310 കശുവണ്ടി ഫാക്ടറികളിലെ 21,852 തൊഴിലാളികള്‍ക്കായി 2000 രൂപ വീതമാണ് എക്സ്ഗ്രേഷ്യ നല്‍കുന്നതിനായി അനുവദിച്ചത്. ഇതോടൊപ്പം അരി നല്‍കുന്നതിനുള്ള വിലയായ 250 രൂപയും ചേര്‍ത്ത് ആകെ 4,91,67,000 രൂപയ്ക്കാണ് അനുമതിയായത്.

ഒരു വര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുന്ന സ്വകാര്യ-പൊതുമേഖലാ സ്ഥാപനങ്ങള്‍, കയര്‍ സൊസൈറ്റികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍ സാമ്പത്തിക വര്‍ഷം 100 ക്വിന്റലില്‍ താഴെ കയര്‍ പിരിച്ച സംഘങ്ങളിലെ തൊഴിലാളികള്‍ക്കുമായി 2,22,36,000 രൂപയും അനുവദിച്ചിട്ടുണ്ട്. 2000 രൂപ നിരക്കില്‍ അനുവദിച്ചിട്ടുള്ള ധനസഹായം 11,128 തൊഴിലാളികള്‍ക്ക് ലഭ്യമാകും.

ഒരു വര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് നല്‍കുന്നതിനായി 16,71,420 രൂപ അനുവദിച്ചിട്ടുണ്ട്. ഇതു പ്രകാരം 1878 കുടുംബങ്ങള്‍ക്ക് 890 രൂപ നിരക്കില്‍ ആനുകൂല്യം ലഭ്യമാകും. 20 കിലോ അരി, രണ്ടു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയതാണ് സ്പെഷ്യല്‍ ഓണക്കിറ്റ്. ഇത്തരത്തിലാകെ 7,30,94,420 രൂപയാണ് ആകെ അനുവദിച്ചിട്ടുള്ളത്.

2021 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മരം കയറ്റ തൊഴിലാളി അവശതാ പെന്‍ഷനായി 1824 പേര്‍ക്ക് 1,47,63,900 രൂപയും സര്‍ക്കാര്‍ അനുവദിച്ചു.

പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിലെ (ആര്‍പിഎല്‍) തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നതിനായി സര്‍ക്കാര്‍ മൂന്നുകോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. ഇവിടത്തെ തൊഴിലാളികള്‍ക്ക് മുന്‍ വര്‍ഷം നല്‍കിയ ബോണസ് തന്നെ ഇക്കുറിയും നല്‍കും. ആകെ വരുമാനത്തിന്റെ 20 ശതമാനം ബോണസായും ആകെ വരുമാനത്തിന്റെ ഒരു ശതമാനം പ്രൊഡക്ഷന്‍ ഇന്‍സന്റീവായും ഓണം ഗിഫ്റ്റായി 7920 രൂപയും ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 14,650 രൂപയുമാണ് (തൊഴിലാളികള്‍ക്കും സ്റ്റാഫിനുമായി)നല്‍കുന്നതിന് തീരുമാനിച്ചിട്ടുള്ളത്. തൊഴില്‍വകുപ്പു സെക്രട്ടറി മിനി ആന്റണിയുടെ അധ്യക്ഷതയില്‍ തൊഴില്‍ വകുപ്പു മന്ത്രിയുടെ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായതെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.