ഓക്സി കാർ സംവിധാനം ഒരുക്കി കോട്ടയത്തെ വാഴൂർ പഞ്ചായത്ത്

370
0

കോവിഡ് മരണങ്ങൾ കുറയ്ക്കാൻ ഓക്സി കാർ സംവിധാനം ഒരുക്കി കോട്ടയത്തെ വാഴൂർ പഞ്ചായത്ത്. വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്കും അടിയന്തരഘട്ടങ്ങളിൽ ആശുപത്രിയിൽ പോകേണ്ടവർക്കും ഈ ഓക്സി കാറിൽ നിന്നും ഓക്സിജൻ സ്വീകരിക്കാം. കോവിഡിന്‍റെ രണ്ടാം തരംഗം ഗ്രാമീണ മേഖലകളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഓക്സിജന്‍ ലഭിക്കാന്‍ ആശുപത്രി തേടി പോകേണ്ട അവസ്ഥ പലരുടേയും ജീവന്‍ തന്നെ നഷ്ടമാകാന്‍ കാരണവുമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓക്സി കാർ എന്ന ആശയം വാഴൂർ പഞ്ചായത്ത് മുന്നോട്ട് വെക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി തയ്യാറാക്കിയ കാറില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ഘടിപ്പിച്ചാണ് ഓക്സി കാർ നിരത്തില്‍ ഇറക്കിയത്. റെഗുലേറ്ററും പ്രഷർ ഗേജും ഫ്ലോമീറ്ററും എല്ലാം ഇതിലുണ്ട്. അതുകൊണ്ട് തന്നെ ആവശ്യക്കാരുടെ അടുത്തേക്ക് ഓടിയെത്തി ഓക്സിക്കാർ ഓക്സിജന്‍ നല്‍കും.

പഞ്ചായത്ത് നിയോഗിച്ച വോളണ്ടിയർമാർ കോവിഡ് രോഗികളെ സന്ദർശിച്ച് ഓക്സിജന്‍ ലെവല്‍ പരിശോധിക്കും. ഓക്സിജന്‍ ലെവല്‍ 94 ശതമാനത്തിന് താഴെയുള്ളവരുണ്ടെങ്കില്‍ അടിയന്തരമായി ഓക്സിക്കാർ വിളിച്ച് ഓക്സിജന്‍ നല്‍കും. ആശുപത്രിയിലേക്ക് മാറ്റേണ്ടവരെ ഓക്സിജന്‍ നല്കിക്കൊണ്ട് തന്നെ ആശുപത്രിയില്‍ എത്തിക്കാനാകും. വാഴൂർ പഞ്ചായത്തിന്‍റെ എല്ലാ വാർഡുകളിലും ഓക്സിക്കാർ ഇപ്പോള്‍ ഓടിയെത്തിയിട്ടുണ്ട്. ഒരു ആമ്പുലന്‍സിന് സമാനമായ രീതിയില്‍ തന്നെയാണ് ഓക്സി കാറിന്റെ പ്രവർത്തനം. രോഗവ്യാപനം കൂടിയാല്‍ കൂടുതല്‍ ഓക്സികാറുകള്‍ നിരത്തിലിറക്കാനും വാഴൂർ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.