ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദിയില്‍ ആദ്യമായി ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങി

179
0

ഒളിമ്പിക്‌സിന്റെ അത്‌ലറ്റിക്‌സ് വേദിയില്‍ ആദ്യമായി ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങി. നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം ചരിത്രം കുറിച്ചതിന്.

ഇന്നു നടന്ന പുരുഷ വിഭാഗം ജാവലിന്‍ ത്രോയിലാണ് നീരജ് ചരിത്രത്തിലേക്ക് എറിഞ്ഞു കയറിയത്. 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ഇന്ത്യയുടെ അഭിമാനതാരം മെഡല്‍ പോഡിയത്തിലേക്ക് കയറിയത്. 1956-ല്‍ മില്‍ഖയ്ക്കും 1984-ല്‍ ഉഷയ്ക്കും സെക്കന്‍ഡുകളുടെ നൂറിലൊരംശത്തിന് നഷ്ടമായ വെങ്കല മെഡലിന് ആയിരമിരട്ടി തിളക്കം നല്‍കി പൊന്നാക്കി മാറ്റുകയായിരുന്നു യുവതാരം. ആദ്യ ഏറില്‍ 87.03 മീറ്റര്‍ പിന്നിട്ട നീരജ് രണ്ടാം ഏറില്‍ കരിയര്‍ കണ്ടെത്തിയത് 87.58. എന്നാല്‍ മൂന്നാമത്തെ ഏറില്‍ 76.79 മീറ്റര്‍ പിന്നിടാന്‍ മാത്രമെ നീരജിനായുള്ളൂ. നാലാം ത്രോ ഫൗള്‍ ആയെങ്കിലും നീരജ് തന്നെയായിരുന്നു മുന്നില്‍. ചെക്ക് റിപ്പബ്ലിക്കിന്റെ താരങ്ങളായ യാക്കുബ് വാഡ്‌ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്‌ലാവ് വെസ്‌ലി (85.44 മീറ്റര്‍) വെങ്കലവും നേടി.

പ്രാഥമിക റൗണ്ടില്‍ 86.65 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനലില്‍ എത്തിയത്. ഇതോടെ, ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാവാനും നീരജിനായിരുന്നു. ഒളിംപിക് ചരിത്രത്തില്‍ അത്‌ലറ്റിക്സില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്. 2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ്
ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.

ഇന്ത്യയുടെ ചരിത്രം ഉറങ്ങുന്ന ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നാണ് നീരജിന്റെ വരവ്. 2016-ല്‍ സാഫ് ഗെയിംസില്‍ സ്വര്‍ണം നേടിയാണ് നീരജ് രാജ്യാന്തര കരിയര്‍ ആരംഭിച്ചത് അന്ന് വെറും 21-കാരനായിരുന്ന നീരജ് 82.23 മീറ്റര്‍ ദൂരം കുറിച്ച് ദേശീയ റെക്കോഡ് തിരുത്തിയിരുന്നു. പിന്നീട് നീരജിലെ പ്രതിഭയെ രാജ്യവും ലോകം ശ്രദ്ധിച്ചത് അതേവര്‍ഷം പോളണ്ടില്‍ നടന്ന ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു. 86.48 മീറ്റര്‍ കണ്ടെത്തി നീരജ് ജൂനിയര്‍ ലോക റെക്കോഡ് തകര്‍ത്താണ് അന്നു സ്വര്‍ണമണിഞ്ഞത്. തുടര്‍ന്ന് 2017-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയ നീരജ് 2018-ല്‍ വീണ്ടും ദേശീയ റെക്കോഡ് തിരുത്തി. ദോഹ ഡയമണ്ട് ലീഗില്‍ 87.43 മീറ്റര്‍ ദൂരമാണ് കണ്ടെത്തിയത്. 2018-ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 88.06 മീറ്ററുമായി അത് ഉയർത്തി. പിന്നീട് മൂന്നു തവണ കൂടി സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തിയ നീരജ് ടോക്യോയിലേക്കു പോകും മുമ്പേ പട്യാലയില്‍ 88.07 മീറ്റര്‍ കണ്ടെത്തിയാണ് ഒളിമ്പിക്‌സിന് ഇറങ്ങിയത്.