ഡോക്ടര്‍ റഷീദ് പാനൂര്‍/എം.കെ.ഹരികുമാര്‍
സാഹിത്യനിരൂപകന്‍ എം.കെ.ഹരികുമാറുമായി ഡോക്ടര്‍ റഷീദ് പാനൂര്‍
അഭിമുഖം.
മലയാളിയുടെ സാഹിത്യ പരിസരങ്ങളില്‍ സമീപകാലത്ത് സജീവ സാന്നിധ്യമായി നിറഞ്ഞുനില്‍ക്കുന്ന എം.കെ. ഹരികുമാര്‍ എന്ന നിരൂപകന്‍ നാം പ്രതിഷ്ഠിച്ചുവെച്ച എല്ലാവിഗ്രഹങ്ങളെയും എറിഞ്ഞുടച്ചു. ആധുനികത കത്തിനില്‍ക്കുന്ന കാലഘട്ടമായിരുന്നു എഴുപതുകളും എമ്പതുകളും. ഈ കാലയളവില്‍ പിറന്നുവീണ മലയാളത്തിലെ ‘ലാന്‍ഡ് മാര്‍ക്ക്’ നോവലായ ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ തൊടാന്‍ നിരൂപകര്‍ മടിച്ചു നില്‍ക്കുന്ന കാലത്താണ് വിദ്യാര്‍ത്ഥിയായ ഹരികുമാര്‍ ”ആത്മയാനങ്ങളുടെ ഖസാക്ക്” എന്ന പഠനവുമായി രംഗത്തെത്തിയത്. കെ.പി.അപ്പന്റെ ”നിതാനന്ദത്തിന്റെ” ചിരി പിന്നീടാണ് പുറത്തുവന്നത്. സാഹിത്യം ജനങ്ങളുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുന്നുവെന്നും സാഹിത്യനിരൂപണം മൂല്യനിഷ്ഠമായ ജീവിതാന്തര്‍ഭാവത്തിന്റെ ചര്‍ച്ചയാണെന്നും വിശ്വസിക്കുന്ന നിരൂപകനാണ് എം.കെ.ഹരികുമാര്‍. മലയാളനിരൂപണ സാഹിത്യത്തില്‍ ഒറിജിനല്‍ എന്നവകാശപ്പെടാന്‍ കാതലുള്ള നിരൂപണഗ്രന്ഥങ്ങള്‍ ഒന്നുമില്ലെന്ന് എം.കെ.ഹരികുമാര്‍ വിശ്വസിക്കുന്നു. എഫ്.ആര്‍.ലീവിസിനെപ്പോലെ, അല്ലെങ്കില്‍ ഐ.എ.റിച്ചാര്‍ഡ്‌സിനെപ്പോലെയുള്ള ഒരു നിരൂപകന്‍ മലയാളത്തിലില്ല. നോര്‍ത്തോഫ് ഫ്രൈയിയും,ടെറിഈഗിള്‍ ടണും,ടി.എസ്.എലിയട്ടും,വില്‍സണ്‍ നൈറ്റും എഴുതിയത് ഭാഷാന്തതികരണം നടത്തുകയാണ് മുണ്ടശ്ശേരിയടക്കമുള്ള നിരൂപണസാഹിത്യത്തിലെ കുലപതികള്‍ ചെയ്തതെന്ന് ഹരികുമാര്‍ പറയുന്നു. കഥാകൃത്തും നോവലിസ്റ്റും കവിയും നിരൂപകനുമായ ഹരികുമാറിന്റെ ”സാഹിത്യത്തിലെ നവാദ്വൈതം” ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു കൃതിയാണ്.ഈ ഗ്രന്ഥത്തിലെ ”മനസ്സ് പണിതീര്‍ന്ന ഉല്‍പന്നമല്ല” , ”ഉപഭോഗവും കലയാണ്” തുടങ്ങിയ പഠനങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്നതേയുള്ളൂ. ഇന്നത്തെ മലയാള നിരൂപണ സാഹിത്യത്തിലെ വ്യത്യസ്ഥശ്രേണികളെക്കുറിച്ച് എം.കെ. ഹരികുമാര്‍ സംസാരിക്കുന്നു.
സിനിമയില്‍ തുടങ്ങാം. പ്രേംനസീര്‍ എന്ന റെമാന്റിക് ഹീറോയും, സത്യന്‍ എന്ന ദുരന്ത നായകനും ഷീലയും ശാരദയും നിറഞ്ഞ് നിന്ന 1990 വരെയുള്ള കാലഘട്ടം കുടുംബസദസ്സുകളില്‍ ഉണ്ടാക്കിയ മധുരമായ അനുഭൂതി മമ്മൂട്ടിക്കും മോഹന്‍ലാലിനും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല എന്ന് താങ്കള്‍ കരുതുന്നുണ്ടോ.?
ഉത്തരം: അക്ഷരജാലകത്തില്‍ ഒരു പൊതുവായനയ്ക്ക് വേണ്ടി ഞാന്‍ സിനിമയെക്കുറിച്ച് എഴുതാറുണ്ട്. എങ്കിലും ഇനിയും ഞാനൊരു സിനിമാ വിമര്‍ശകനായിട്ടില്ല. എങ്കിലും സിനിമ എനിക്ക് ഒരു പ്രധാന കലാവിഭവമാണെന്ന കാര്യം മറച്ചുവയ്ക്കുന്നില്ല.
പ്രേംനസീര്‍ നമ്മുടെ സിനിമയിലെ ഒരു വിസ്മയമായിരുന്നു. അദ്ദേഹത്തില്‍ പി.ജെ.ആന്റണി, ഗോപി, കൊട്ടാരക്കര തുടങ്ങിയവരെ പോലെയുള്ള പുരുഷന്മാരെ നമുക്ക് കാണാനൊക്കില്ല. ഒരു ഉദാത്തീകരിച്ച സൈത്രണത നസീറിലുണ്ട്. അത് ഓരോ പുരുഷന്റെയും രഹസ്യകാമനയാണ്. പുരുഷന്‍ അകമേ തേടുന്നത് സൈത്രണതയാണ്. നസീര്‍ കഥാപാത്രങ്ങളെ തന്നിലേക്ക് കൊണ്ടുവന്ന് പൊതുസ്വീകാര്യതയുണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. സത്യന് ആ തലം ഇല്ല. സത്യന്‍ സത്യനായിട്ടുതന്നെ നില്‍ക്കുന്നു. നസീറിനെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന നടന്മാരുമായി താരതമ്യം ചെയ്യുന്നത് അനുചിതമാണ്. വ്യക്തികളെ സഹായിക്കുക എന്ന തത്ത്വശാസ്ത്രം കെടാത്ത ഒരു വിളക്കായി കൊണ്ടുനടന്ന നസീറിന് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വത്തിനും ഇണങ്ങുന്ന പ്രതിച്ഛായ ലഭിക്കുകയും ചെയ്തു.
പ്രേനസീറും,എം.ജി.ആറും,ഡോക്ടര്‍ രാജ് കുമാറും,എന്‍.ടി.ആറും സൗത്തിന്ത്യയിലെ താരരാജാക്കന്മാര്‍ ആയിരുന്നു. ജനമനസ്സുകളില്‍ കുടിയേറിപാര്‍ത്ത ഈ മഹാനടന്മാരുടെ പിറകെ വന്നവരില്‍ അഭിനയപ്രതിഭകള്‍ ഉണ്ട് പക്ഷേ എം.ജി.ആര്‍ ഉഴുതുമറിച്ച മണ്ണില്‍ ശിവാജി ഗണേശന്‍ അരങ്ങുതകര്‍ത്ത രാജവീഥികളില്‍ രജനീകാന്തും കമലാഹാസനും പുതിയ കൊട്ടാരങ്ങള്‍ പണിയാന്‍ കഴിഞ്ഞില്ല. പക്ഷേ ജനസ്വാധീനമുണ്ട്. നസീറിനും, എം.ജി.ആറിനും കിട്ടിയ ജനപിന്തുണ ആ കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു എന്നും ഇന്ന് നസീര്‍ ഉണ്ടായിരുന്നുവെങ്കില്‍ അത്രയും പിന്തുണ കിട്ടില്ല എന്നും പറയുന്നത് ശരിയാണോ?
എം.ജി.ആര്‍,നസീര്‍ എന്നിവര്‍ക്ക് വെറുതെയങ്ങ് സ്വീകാര്യത കിട്ടുകയായിരുന്നില്ല. ഫാന്‍സ് അസോസിയേഷനുകള്‍ സംഘടിപ്പിക്കാതെ സകല പ്രേക്ഷകരെയും അവര്‍ ഫാന്‍സുകളാക്കി. സിനിമാ വ്യവസായത്തില്‍ നസീര്‍, എം.ജി.ആര്‍ എന്നിവരെപ്പോലെയുള്ള വ്യക്തികള്‍ ഉണ്ടാവണം. പ്രേക്ഷകനെ സ്‌നേഹിക്കുന്നു എന്ന് നിര്‍വ്യാജമായി ഒരു പ്രാവശ്യം തെളിയിക്കാനായാല്‍ ഏതൊരു നടനും നസീര്‍, എം.ജി.ആര്‍ ഓര്‍ബിറ്റിലേക്ക് കടക്കാം.
ആധുനിക മലയാളസിനിമയില്‍ അടൂരിന്റേയും,അരവിന്ദന്റേയും,ജോണ്‍ ഏബ്രഹാമിന്റേയും കാലഘട്ടം കഴിഞ്ഞു. ഇന്ന് മികച്ച സിനിമകള്‍ എന്നപേരില്‍ പുറത്തുവരുന്നത് കൊമേഴ്‌സ്യല്‍ മൂവികള്‍ മാത്രമാണെന്നും താങ്കള്‍ കരുതുന്നുണ്ടോ?
അടൂരിന്റെ സ്വയംവരം തന്നെയാണ് എന്റെ എക്കാലത്തെയും മികച്ച മലയാളസിനിമ. ചലച്ചിത്രകലയില്‍ തന്റെ വ്യക്തിഗതമായ ഒരു സന്നിവേശം കൊണ്ടുവന്ന അരവിന്ദന്റെ തമ്പ്, കാഞ്ചനസീത, ഒരിടത്ത് തുടങ്ങിയ സിനിമകള്‍ ഇപ്പോള്‍ ആര്‍ക്കും ഭാവനചെയ്യാന്‍ പോലുമാകില്ല. ചിദംബരത്തിന്റെ കലാപൂര്‍ണത എവിടെ കിട്ടും? ജോണ്‍ എബ്രഹാം അമ്മ അറിയാന്‍ എന്ന സിനിമയെടുത്ത രീതി എത്രയോ വിഭിന്നമാണ്.
ഇന്നത്തെ നവതരംഗ ന്യൂ ജെന്‍ സിനിമകള്‍ മേക്കിംഗില്‍ പുതുമ നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് കലയില്‍ ഒരു ലക്ഷ്യമില്ല. ‘സ്വയംവരം’ ഒരു പ്രശ്‌നം അവതരിപ്പിക്കുന്നുണ്ട്. കലയും ജീവിതവും അതിലുണ്ട്. ഇന്നത്തെ സിനിമകള്‍ക്ക് നല്ല പെര്‍ഫോര്‍മന്‍സ് ലെവലുണ്ട്. പക്ഷേ അത് കൃത്യമായി എത്തേണ്ടിടത്ത് എത്തുന്നില്ല. നവസിനിമകളെ മാര്‍ക്ക് ചെയ്ത് കാണിക്കാന്‍ പറ്റിയ പത്രാധിപന്മാരില്ല എന്ന ന്യൂനതയുമുണ്ട്. ‘ഉയരെ’ പോലെയുള്ള സിനിമകള്‍ ഉയര്‍ത്തിക്കാണിക്കപ്പെടുന്നത് അതിലെ ആസിഡ് പ്രയോഗത്തിന്റെ പശ്ചാത്തലത്തിലാണ്.
പി.ഭാസ്‌കരന്റെ ‘ഇരുട്ടിന്റെ ആത്മാവ്’ മലയാളസിനിമാ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നില്ലേ?
ഇരുട്ടിന്റെ ആത്മാവ് ആ കാലത്ത് നല്ലപോലെ സ്വീകരിക്കപ്പെട്ട ചിത്രമാണ് എന്നാല്‍ വഴിത്തിരിവായ സിനിമകളുടെ കൂട്ടത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തുന്നത് അനുഭവങ്ങള്‍ പാളിച്ചകള്‍, പുനര്‍ജന്മം(കെ.എസ്.സേതു മാധവന്‍) ഇതാ ഇവിടെ വരെ(ഐ വി ശശി) സന്ധ്യ മയങ്ങും നേരം(ഭരതന്‍) എന്നീ സിനിമകളെയാണ്. ക്രിസ്റ്റഫ് കീസ്ലോവിസ്‌കി സംവിധാനം ചെയ്ത The Double Life of Veronique എന്ന സിനിമയാണ് (1991) കഴിഞ്ഞകാലങ്ങളില്‍ എന്നെ വിസ്മയിപ്പിച്ചത്. ബര്‍ട്ടോലൂച്ചിയുടെ The last Emperror, The Ballad of Narayana, സത്യജിത് റായിയുടെ പഥേര്‍ പാഞ്ചാലി ചാര്‍ളി ചാപിളിന്റെ The Gold rush താര്‍ക്കോവിസ്‌കിയുടെ നൊസ്റ്റാള്‍ജിയ, കുറസോവയുടെ റാഷാമൊണ്‍ തുടങ്ങിയ സിനിമകള്‍ എന്നെ ആകര്‍ഷിപ്പിച്ചുട്ടുണ്ട്.
മലയാളനിരൂപണസാഹിത്യത്തിലെ ആധുനിക കാലഘട്ടം (New Criticism) തുടങ്ങുന്നത് കെ.പി.അപ്പനിലാണ്. പിന്നീട് വി.രാജകൃഷ്ണനും ഉഷാ മേനോനും നരേന്ദ്രപ്രസാദും രംഗത്തുവന്നു. കെ.പി.അപ്പന്‍ നവഭാവുകത്വം സൃഷ്ടിച്ച നിരൂപകനെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
കെ.പി അപ്പന്‍ വിമര്‍ശനകലയില്‍ സൗന്ദര്യം സൃഷ്ടിച്ചില്ലെങ്കില്‍ പിന്നെ ആരാണു ഇത്? അപ്പന്റെ ഭാഷയില്‍ സൗന്ദര്യമില്ലേ? ഏത് സാഹിത്യകൃതിയെക്കുറിച്ച് അപ്പന്‍ എഴുതിയപ്പോഴും അതില്‍ ഒരു നവീനമായ സമീപനം പ്രകടമായിരുന്നു.അപ്പനെ മനസിലാക്കാന്‍ ഇന്നത്തെ യുവവിമര്‍ശകര്‍ക്ക് കഴിയാത്തതിനും കാരണം അവര്‍ ചെന്നുപെട്ടിരിക്കുന്ന സ്‌കൂള്‍ അത്തരത്തിലുള്ളതാണ്. അപ്പന്റെ ‘തിരസ്‌കാരം’ , ‘മാറുന്ന മലയാള നോവല്‍’ തുടങ്ങിയ കൃതികള്‍ വായിക്കാത്ത വിദ്വാന്മാര്‍ പറയുന്നത് കേള്‍ക്കരുത്.
ഹിമാലയത്തെ കുന്നാക്കി ഇടിച്ചു നിരത്താന്‍ കഴിവുള്ളവര്‍ മലയാള സാഹിത്യത്തിലുണ്ട്. ഇവര്‍ തീഹാര്‍ ജയില്‍ വേണമെങ്കില്‍ വെട്ടിപ്പൊളിക്കും.
ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് 1984 ല്‍ ഞാനാണ് ആദ്യമായി ഒരു പുസ്തകമെഴുതിയത.് ‘ആത്മായനങ്ങളുടെ ഖസാക്ക്’. എന്നാല്‍ ഞാന്‍ അങ്ങനെയൊരു പുസ്തകമേ എഴുതിയിട്ടില്ല എന്ന് സ്ഥാപിക്കാനാണ് ചില ആഴ്ചപ്പതിപ്പുകളും മറ്റും ശ്രമിക്കുന്നത്. ഇത്രയും വലിയ ആത്മവഞ്ചന ചെയ്യുന്നവര്‍ സാഹിത്യമെഴുതിയാല്‍ എങ്ങനെയിരിക്കും?
ആധുനിക നിരൂപകര്‍ ഒ.വി. വിജയനും,ആനന്ദിനും,കാക്കനാടനും,പുനത്തിലിനും,സക്കറിയായ്ക്കും,സേതുവിനും പഠനങ്ങള്‍ എഴുതിയിട്ടുണ്ട്. എം.ടിയും,പട്ടത്തുവിളയും,അയ്യപ്പപണിക്കരും,ചുള്ളിക്കാടും ഇവരുടെ പഠനങ്ങളില്‍ വന്നിട്ടുണ്ട്. പക്ഷേ എന്‍.വി, ഒ.എന്‍.വി, പി.ഭാസ്‌കരന്‍,ആര്‍.രാമചന്ദ്രന്‍ തുടങ്ങിയ കവികളേയും സി.രാധാകൃഷ്ണന്‍,പി.വത്സല തുടങ്ങിയ നോവലിസ്റ്റുകളെയും ഇവര്‍ പഠിക്കാന്‍ തയ്യാറായില്ല. ആധുനിക നിരൂപണം അസ്തിത്വദുഃഖവും,അന്യതാബോധവും,അപമാനവികരണവും മാത്രം ചര്‍ച്ചചെയ്തു എന്ന ആരോപണം വ്യാപകമായിട്ടുണ്ട്. താങ്കള്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടോ?
ആധുനിക വിമര്‍ശകര്‍ എന്ന വിളിപ്പേരില്‍ തന്നെ അവരുടെ അഭിരുചിയും സൗന്ദര്യസമീപനങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് സൗന്ദര്യാത്മകമായ താത്പര്യങ്ങളുടെ പ്രശ്‌നമാണ്. പ്രശസ്തിയുള്ളവരെക്കുറിച്ചെല്ലാം എഴുതാന്‍ എനിക്കാവില്ലല്ലോ. അസ്തിത്വദുഃഖം എന്നൊരു സംഗതിയുണ്ട്. അതറിയാന്‍ അസ്തിത്വം എന്താണെന്ന് മനസിലാക്കണം.
ആധുനിക നിരൂപകരുടെ ഭാഷ താങ്കള്‍ ഉള്‍പ്പടെ വളരെ obscure ആണെന്നും അത് വായനക്കാരെ അമ്പരപ്പിക്കുന്നുവെന്നും പൊതുവെ ക്ലാസ്സ്മുറികളില്‍ മലയാളം പഠിപ്പിക്കുന്ന അധ്യാപകര്‍ പറയുന്നു.ഇതില്‍ വാസ്തവമുണ്ടോ?
മലയാളം പഠിപ്പിക്കുന്നവര്‍ക്ക് സൗന്ദര്യശിക്ഷണം കിട്ടിയിട്ടുള്ളത് അവരുടെ അദ്ധ്യാപകരില്‍ നിന്നാണ്. ഞാന്‍ ആ അദ്ധ്യാപകരെ തന്നെ നിരാകരിച്ചുകൊണ്ടാണ് സ്വന്തം കല സൃഷ്ടിച്ചത്. അറിയാത്ത കാര്യങ്ങള്‍ പഠിക്കാനുള്ള വിനീതമായ മനസ്സില്ലാത്തവര്‍ എല്ലാത്തിലും ദോഷം കാണും. അവരെ മാറ്റണമെങ്കില്‍ അവര്‍ തന്നെ വിചാരിക്കണം.
‘ആള്‍ക്കൂട്ടം’ ,’അഭയാര്‍ത്ഥികള്‍’, ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’ തുടങ്ങിയ ആനന്ദിന്റെ കൃതികള്‍ ഉപന്യാസ സമാനമാണെന്ന് എം.കൃഷ്ണന്‍ നായര്‍ പറയുന്നത് ശരിയാണോ?
ആള്‍ക്കൂട്ടം മഹത്തായ ഒരു കൃതിയാണ്. അതില്‍ ഇന്ത്യന്‍ യുവതയെ കാണാം. അസ്തിത്വം എന്ന പ്രഹേളികയാണ് അത് അനാവരണം ചെയ്യുന്നത്. ‘ആള്‍ക്കൂട്ട’ത്തിന് തുല്യമായ ഒരു നോവല്‍ വേറെയില്ല.
എം.മുകുന്ദന്‍ പലപ്പോഴും ആധുനികതയുടെ കിങ്‌മേക്കര്‍ ആയി മലയാളത്തില്‍ പ്രത്യക്ഷപ്പെടുന്നു. എമ്പതുകളില്‍ അദ്ദേഹമെഴുതിയ ‘എന്താണ് ആധുനികത’ ഒരു സൂപ്പര്‍ഫിഷന്‍ ഉപന്യാസമായിരുന്നില്ലേ?
എം.മുകുന്ദന്‍ വല്ലാതെ പ്രതീക്ഷ നല്‍കിയെങ്കിലും അദ്ദേഹം ഇപ്പോള്‍ ഒരു ഉടഞ്ഞ വിഗ്രഹമാണ്. തനിക്ക് മാത്രം നന്നായാല്‍ മതി എന്ന നിലപാടാണ് അദ്ദേഹത്തെ തകര്‍ത്തത്. ‘എന്താണ് ആധുനികത’ എന്ന കൃതി വളരെ ഉപരിപ്ലവമാണ്.
‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ എന്ന കൃതി മാറ്റിനിര്‍ത്തിയാല്‍ എം.മുകുന്ദന്റെ കൃതികള്‍ ആഴംകുറഞ്ഞ
(Superfieial) നോവലുകളല്ലേ?
എം.മുകുന്ദന്റെ മയ്യഴിയും മറ്റും നോവല്‍ എന്ന കലയ്ക്ക് ഒന്നുംതന്നെ സംഭാവന ചെയ്യുന്നില്ല. ഒരു റീഡബിള്‍ നോവല്‍ അത്രമാത്രം. അസ്തിത്വത്തിന്റെ സങ്കീര്‍ണതയോ ദാര്‍ശനികതയോ മുകുന്ദന്റെ കൃതികളിലില്ല.
ആധുനികരില്‍ സേതു അസ്തിത്വദുഃഖവും മാജിക്കല്‍ റിയലിസവും സോഷ്യലിസ്റ്റ് റിയലിസവും റിയലിസവും പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.സേതുവിന്റെ ‘പാണ്ഡവപുരം’ മാറ്റി നിര്‍ത്തിയാല്‍ മറ്റ് നോവലുകള്‍ ശരാശരി നിലവാരമുള്ളതല്ലേ?
സേതുവിന്റെ കൃതികളില്‍ ഇനിയും അസ്വസ്ഥനായ ഒരു കലാകാരനെ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിലവിലുള്ള യാഥാര്‍ത്ഥ്യത്തെ അട്ടിമറിക്കാന്‍ എഴുത്തുകാരന്‍ പുതിയ യാഥാര്‍ത്ഥ്യം കണ്ടുപിടിക്കണം.
പുനത്തില്‍ മികച്ച പ്രതിഭയാണെന്ന് താങ്കള്‍ പലപ്പോഴും എഴുതിയിട്ടുണ്ട്. ‘സ്മാരകശിലകള്‍’ ‘മരുന്ന്’ തുടങ്ങിയ നോവലുകളും നല്ല കഥകളും, കുഞ്ഞബ്ദുള്ള എഴുതിയിട്ടുണ്ട്. മറ്റ് ആധുനികരില്‍ നിന്ന് പുനത്തിലിന് എന്ത് വ്യത്യാസമാണുള്ളത്?
പുനത്തില്‍ ആന്തരികമായ അസ്വസ്ഥതകൊണ്ടാണ് എഴുതിയത്. ഈ ആത്മീയമായ അനാഥത്വം അദ്ദേഹത്തെ വളരെ ഉയര്‍ന്ന തലത്തില്‍ എത്തിക്കുന്നു. ‘മരുന്ന്’ ഇത് വ്യക്തമാക്കുന്നുണ്ട്.
വിഷ്ണുനാരായണന്‍ നമ്പൂതിരി, അയ്യപ്പ പണിക്കര്‍,സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ കവിതകള്‍ അതീവ ദുര്‍ഗ്രഹമാണെന്നും അത് വായനക്കാരിലേക്ക് വികാരം കണ്‍വേ ചെയ്യുന്നില്ല എന്നും പറയപ്പെടുന്നു. ഇതില്‍ അല്‍പം സത്യമില്ലേ?
ഇവരുടെ കവിതകള്‍ ദുര്‍ഗ്രഹമാണെന്ന് എനിക്ക് അഭിപ്രായമില്ല. നവീനകവിത വായിച്ച് ആസ്വദിക്കാനുള്ള വാസന സൃഷ്ടിച്ചെടുക്കണം.
ഒ.എന്‍.വി,പി.ഭാസ്‌കരന്‍,വയലാര്‍ ഇവരില്‍ താങ്കള്‍ ആരെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്? ഒ.എന്‍.വി കിട്ടാവുന്ന അവാര്‍ഡുകള്‍ മുഴുവന്‍ വാരികൂട്ടി. സിനിമയിലും നാടകഗാനങ്ങളിലും മികച്ച ഐഡന്ററ്റിറ്റിയുണ്ടാക്കിയ പി ഭാസ്‌കരന്‍ ഒറ്റപ്പെട്ടുപോയി. ഇതുതന്നെയാണ് പി.കെ.ബാലകൃഷ്ണന്റെ കാര്യവും നിരൂപകനും ചരിത്രകാരനും നോവലിസ്‌ററുമായ പി.കെ.ബാലകൃഷ്ണന്‍ ശ്രദ്ധിക്കപ്പെടാതെ പോയി. പക്ഷേ എം.ടി സിംഹാസനങ്ങള്‍ പണിതു. ഇത് ഭാഗ്യമാണോ? അതോ സവര്‍ണലോബിയുടെ കളിയാണോ?
പി.ഭാസ്‌കരന്‍ നല്ല കവിയായിരുന്നു. എന്നാല്‍ സിനിമയില്‍ അദ്ദേഹം നവീന കല സൃഷ്ടിച്ചില്ല. ഇതൊരു വൈരുദ്ധ്യമായി നില്‍ക്കുകയാണ്. വയലാറില്‍ ഒരു നൂതന ലോകത്തിന്റെ വിശ്വപൗരന്റെ വക്താവുണ്ട്. ”മാറുക ദൂരേക്ക് മാറാലയും കൊണ്ട് ” എന്ന് അദ്ദേഹം എഴുതിയല്ലോ. ഒ.എന്‍.വി കവിതയെ ജനങ്ങളോട് അടുപ്പിച്ച കവിയാണ്.
സാഹിത്യമോഷണം എപ്പോഴും വിശ്വസാഹിത്യത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് വിശ്വവിഖ്യാതമായ കൃതികളില്‍ ഒന്നാണല്ലോ ഗോയ്‌ഥേയുടെ എമൗേെ ഈ കൃതി ഷെയ്ക്‌സ്പിയറുടെ സമകാലീനനായിരുന്ന ക്രിസ്റ്റഫര്‍ മാര്‍ലോയുടെ Faust പുതിയ ഭാവത്തിലും രൂപത്തിലും അവതരിപ്പിച്ചതാണ്. പക്ഷേ അത് മോഷണമെന്ന് എങ്ങിനെ പറയും? കസാന്‍ ദ് സാക്കീസ് ‘ഒഡിസ്സി’ അദ്ദേഹത്തിന്റെ രീതിയില്‍ മാറ്റി എഴുതി ‘Oddyssey Modern Sequel’ എന്ന വിഖ്യാതമായ ഈ കൃതി പഴയ ഒഡിസ്സിയെക്കാള്‍ മനോഹരമാണെന്ന് എം.കൃഷ്ണന്‍നായര്‍ എഴുതിയിരുന്നു. ഒരു കൃതിയുടെ തീമെടുത്ത് മറ്റൊരു കൃതി നിര്‍മിച്ചാല്‍ അത് മോഷണമാകുമോ? പദങ്ങളും വാചകങ്ങളും അതേപടി പകര്‍ത്തലല്ലേ മോഷണം.
വായിച്ചതെല്ലാം ഒരാളുടെ അനുഭവമാണ്. ജീവിതാനുഭവം പോലെ തന്നെ വായനാനുഭവവും പ്രധാനമാണ്. ഷേക്‌സ്പിയര്‍ കൃതികളെ ആസ്പദമാക്കി ഇരുന്നൂറ്റി അറുപത് സിനിമകള്‍ ഉണ്ടായി. ഹാംലെറ്റിനെക്കുറിച്ചുമാത്രം അറുപത്തിയൊന്ന് സിനിമകള്‍ ഉണ്ടായി. എഴുതപ്പെട്ട കൃതികളില്‍ നിന്ന് നമ്മള്‍ പുതിയ സാഹിത്യമുണ്ടാക്കണം. ഇതാണ് Meta fisction. കാളിദാസന്‍ മഹാഭാരതം വായിച്ചതുകൊണ്ടാണ് ശാകുന്തളം ഉണ്ടായത്.
കമിറ്റ്‌മെന്റ് സാഹിത്യം വിപ്‌ളവസാഹിത്യം പ്രതിജ്ഞാബദ്ധസാഹിത്യം തൊഴിലാളിവര്‍ഗ്ഗ സാഹിത്യം തുടങ്ങിയ പേരുകളില്‍ സാഹിത്യത്തെ വര്‍ഗ്ഗീകരിക്കുന്നതില്‍ കാര്യമുണ്ടോ?
കലയില്‍ സൗന്ദര്യത്തിനാണ് ഒന്നാം സ്ഥാനം. മിലന്‍ കുന്ദേര(Milan Kundera) ഇത് വിശദീകരിച്ചിട്ടുണ്ട്. ഒരു രചനയില്‍ യുദ്ധമോ സെക്‌സോ രാഷ്ട്രീയമോ കൊലപാതകമോ എന്തായാലും കുഴപ്പമില്ല. എന്നാല്‍ ഇതിനൊക്കെ രണ്ടാം സ്ഥാനമേയുള്ളു. ഒന്നാം സ്ഥാനം സൗന്ദര്യത്തിനാണ്. പിക്കാസോയുടെ ഗ്വര്‍ണിക്ക എന്ന ചിത്രം രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതയാണ് ആവിഷ്‌ക്കരിക്കുന്നത്. എന്നാല്‍ അതില്‍ ഭീതിതള്ളി നില്‍ക്കുന്നില്ല. ഒരു ആപ്പിള്‍ കടിച്ചുതിന്നുന്നതുപോലെ അത് ആസ്വദിക്കാം. പ്രതിബന്ധത നൂറ്ശതമാനം ഉണ്ടെന്ന് വയ്ക്കുക.പക്ഷേ ടിയാന് എഴുതാന്‍ വിവരമില്ലെങ്കിലോ?
കേരളത്തിലെ പുരോഗമന എഴുത്തുകാര്‍ക്ക് ഒരു നെരുദയെയോ ഷൊളഖോവിനെയോ സംഭാവനചെയ്യാന്‍ കഴിഞ്ഞില്ല. എം.ഗോവിന്ദന്റെ ‘സര്‍പ്പം” എം സുകുമാരന്‍ കഥകള്‍ ഇവയെല്ലാം സാമൂഹ്യപ്രതിബദ്ധതയുള്ള രചനകളാണ് പക്ഷേ ഇവരെയെല്ലാം കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ അകറ്റി നിര്‍ത്തി. കേരളത്തില്‍ മികച്ച ഒരു വിപ്ലവനോവല്‍ ഇതുവരെയുണ്ടായോ? ലാറ്റിനമേരിക്കന്‍ വിപ്ലവനോവലുകളില്‍ പ്രചരണാംശം കുറവാണ് ഇതൊന്നും ഇവിടെയുള്ള കമ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ മനസ്സിലാക്കിയില്ല. താങ്കള്‍ മലയാളത്തില്‍ വായിച്ച ഏറ്റവും മികച്ച സോഷ്യളോജിക്കല്‍ നോവല്‍ ഏതാണ്?
സാമൂഹികപ്രതിബന്ധതയൊക്കെ രണ്ടാമത് പരിഗണിക്കേണ്ട വിഷയമാണ്. ഷേക്‌സ്പിയറുടെ പ്രതിബന്ധത എന്താണ്? വലിയ എഴുത്തുകാരനെ വിലയിരുത്തുന്നത് പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്‍ സാമാന്യം തരക്കേടില്ലാത്ത വിഡ്ഢിയായിരിക്കും.
ഇന്നത്തെ മലയാളം പഠനരീതി ശുദ്ധ അസംബന്ധം (Absord) ആണെന്ന് ചുള്ളിക്കാട് പറഞ്ഞതിനോട് യോജിപ്പുണ്ടോ?
മലയാളം ഒരു വ്യവസായമാണിന്ന്. മാധ്യമങ്ങള്‍ക്ക് എഴുത്തുകാരെ ആവശ്യമില്ലല്ലോ. അവരാണ് ഇവിടെ എഴുത്തുകാരെ തടഞ്ഞുവയ്ക്കുന്നത്. രാഷ്ട്രീയക്കാരുടെ പ്രസ്താവനയല്ലേ അവര്‍ കൊടുക്കൂ. ഏത് ചവറും പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ സാഹിത്യകാരന്മാരെ അകറ്റുന്നു. ഇത് മാറേണ്ട സമയമായി. ഇതോടെ നല്ല മലയാളം താനേ വരും.
യു.ജി.സി മലയാളം അധ്യാപകരും അവര്‍ ഇന്‍ക്രിമെന്റ് കിട്ടാന്‍ കൂലികൊടുത്ത് എഴുതിപ്പിക്കുന്ന തീസിസുകളും പ്ലാസ്റ്റിക് മാലിന്യത്തെക്കാളും വലിയ മാലിന്യകൂമ്പാരമല്ലേ?
ഇവിടെ മലയാളം പഠിച്ചിട്ട് എന്ത് ചെയ്യാനാണ്? എണ്‍പത് വയസ്സായാലല്ലേ പത്രങ്ങള്‍ ഒരെഴുത്തുകാരനെ തൊടൂ. എഴുതാന്‍ പ്രചോദനം വേണ്ടേ? വലിയ പത്രങ്ങള്‍ എഴുത്തുകാരെ കണ്ടില്ലെന്ന് നടിക്കുന്നതോ ഇടിച്ചു താഴ്ത്തുന്നതോ തള്ളിക്കളയാവുന്ന വിഷയമല്ല. ഇതിന്റെ ഇഫക്റ്റ് ഭയാനകമാണ്. എഴുത്തുകാരുടെ മക്കള്‍ പോലും മലയാളത്തെ വെറുക്കും. അമ്പത് പുസ്തകമെഴുതിയ ഒരാള്‍ പത്രങ്ങള്‍ക്ക് ഒരു പ്രസ്താവന കൊടുത്താല്‍ അത് പ്രസിദ്ധീകരിക്കാനുള്ള സാംസ്‌കാരിക വിദ്യാഭ്യാസം ഇപ്പോഴും പത്രങ്ങള്‍ക്കില്ല. പ്രസ് അക്കാദമി തെറ്റു ചെയ്തു. പത്രങ്ങള്‍ നടി പ്രിയങ്ക വോട്ട് ചെയ്യുന്നതിന്റെ ഫോട്ടോ എടുക്കാനുള്ള തിരക്കിലാണ്.
ഇന്നത്തെ നിരൂപകരില്‍ താങ്കള്‍ പ്രതീക്ഷയോടെ കാണുന്നത് ആരെയാണ്?
ഇന്നത്തെ വിമര്‍ശകരില്‍ must read എന്ന് പറയാവുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല. രണ്ട് തരക്കാരാണ് ഇപ്പോഴുള്ളത്. ഒന്നാംതരം ഏതെങ്കിലും പാര്‍ട്ടിയുടെ തൊഴുത്തില്‍ കയറിനിന്ന് അവരെ പേടിച്ച് അഭിപ്രായം നിയന്ത്രിച്ച് പറഞ്ഞ് കഴിയുന്നവര്‍. രണ്ടാംതരം ഏത് പാര്‍ട്ടിയിലും ഏത് പക്ഷത്തും ഇവരെ കാണും ഇവര്‍ക്ക് ഒന്നിനോടും വിയോജിപ്പില്ല. ഒത്തുതീര്‍പ്പിന്റെയും നിലവാരപ്പെടലിന്റെയും ആശാന്മാര്‍. ഏത് ക്ഷുദ്രകൃതിയെക്കുറിച്ചും ഇവര്‍ ദീര്‍ഘമായി ഉപന്യസിക്കും.
ഇംഗ്ലീഷ് ഭാഷയുടെ അതിപ്രസരം മലയാളത്തെ ഗളഹസ്തം ചെയ്യുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
ഇംഗ്ലീഷ് ഭാഷയിലെ കൃതികള്‍ വായിക്കണം. എങ്കിലേ ബുദ്ധിപരമായ അടിമത്തം അവസാനിക്കു. ഇംഗ്ലീഷ് ഒരു സ്വാതന്ത്ര്യമാണ്. തോറോ പറഞ്ഞിട്ടുണ്ട്, ലോകത്തിലെ ഏറ്റവും മികച്ച പത്രങ്ങളും പുസ്തകങ്ങളും വായിക്കണമെന്ന്.
മലയാളം രക്ഷപ്പെടാത്തത് ഇംഗ്ലീഷ് ഭാഷയുടെ ദോഷം കാരണമല്ല. നമ്മുടെ എഴുത്തുകാരുടെ പക്ഷപാതം മൂലമാണ്. എന്റെ ‘നവാദ്വൈതം’, ‘തനിമനസ്’ തുടങ്ങിയ സിദ്ധാന്തങ്ങളെ ഓര്‍ക്കുമല്ലോ. മലയാള ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിദ്ധാന്തമുണ്ടാകുന്നത്. എന്നാല്‍ ചില പത്രാധിപന്മാര്‍ അതിനെ ചവിട്ടിത്താഴ്ത്താന്‍ നോക്കുകയാണ്. ഇതല്ലേ മലയാളത്തിനു തടസ്സമായിട്ടുള്ളത്?
ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ എഴുത്തുകാര്‍ക്ക് വിലക്കുകള്‍ ഉണ്ടോ?
എഴുത്തുകാരെ വിലക്കിയതായി അറിയില്ല. സര്‍ക്കാര്‍ അത് ചെയ്യാന്‍ സാധ്യതയില്ല. എഴുത്തുകാര്‍ക്ക് മതവികാരം വ്രണപ്പെടുത്താനുള്ള സ്വാതന്ത്ര്യം ആരും കൊടുത്തിട്ടില്ല.
എന്താണ് സാഹിത്യം?
സാഹിത്യമല്ലാത്തതായി യാതൊന്നും ഈ പ്രപഞ്ചത്തിലില്ല. വണ്ട് മൂളുന്നതുപോലും സാഹിത്യമാണ്. ആ മൂളലിന്റെ വൈയ്യക്തികമായ അനുഭൂതി ഒരാള്‍ ആഖ്യാനത്തിലേക്ക് കൊണ്ടു വരുന്നതോടെ അത് സാഹിത്യമായി. സംഗീതവും സാഹിത്യമാണ്. ശബ്ദം ഒരാഖ്യാനമാണ് ആ ആഖ്യാനത്തെ അനുധാവനം ചെയ്ത് അറിയപ്പെടാത്ത അസ്തിത്വത്തെ കണ്ടെത്തുമ്പോള്‍ അത് സാഹിത്യമാവുന്നു. അസ്തിത്വം നമുക്ക് അജ്ഞാതമാണ്. അതിന്റെ ഒരു കണമെങ്കിലും ആരായുമ്പോഴാണ് രചനാത്മകമായ ഒരു ഉദ്യമം അര്‍ത്ഥവത്താകുന്നത്.
ആധുനിക കാലഘട്ടത്തില്‍ താങ്കളെ പ്രചോദിപ്പിച്ച മലയാളകവി ആരാണ്?
അത് എ.അയ്യപ്പനാണ്. അയ്യപ്പനെ എനിക്ക് മിസ് ചെയ്തു. ഞാന്‍ ആ കവിതകള്‍ വീണ്ടും വീണ്ടും വായിച്ചു ഞെട്ടിപ്പോയി. അപാരമായ എഡിറ്റിംഗും ഡിസൈനിംഗും ഈണവും കൊണ്ട് നിറഞ്ഞ കവിതകള്‍. ചങ്ങമ്പുഴയ്ക്ക് ശേഷം വന്ന പ്രവാചക കവിയാണദ്ദേഹം. അദ്ദേഹം കവിതയെ സമൂലമായി നവീകരിച്ചു.