ഒറ്റത്തൊണ്ടയ്ക്ക് പിറന്ന ശബ്ദം

283
0


ശ്രീകൃഷ്ണദാസ് മാത്തൂര്‍


പൂവോടുകൂടി ഒരു മുളളുവേലിയില്‍
കൊരുത്ത നിഴല്‍ കീറിക്കിടക്കുന്നു.
ശിഷ്ടദൂരം നിഴല്‍ പോലുമില്ലാതെ
പോയൊരുത്തന്റെ ചോരത്തുടിപ്പിതില്‍
വിട്ടുമാറാതെ കിതച്ചു പൂക്കുന്നു.

കറ്റതല്ലും പോല്‍ മനുഷ്യനെ ചുഴറ്റി
മണ്ണിലറയുന്ന കാഴ്ചപൊത്തി,
അന്ധനെന്നു പേരെടുപ്പവന്‍
ആധിമന്ത്രമുരുക്കഴിച്ച്
കവിത പോലെന്തോ കൊളുത്തി വയ്ക്കുന്നു.

നേര്‍ക്കുനേര്‍ നിന്ന് വിരലമര്‍ത്തുമ്പോള്‍
പൊട്ടാതൊരു ബട്ടണ്‍, സന്ധ്യതന്‍
നെറ്റിയില്‍ ചെന്തുള വൃത്തം വരയ്ക്കുന്നു.
വാക്കു പുളിക്കുന്ന ചുണ്ടമര്‍ത്തി
നടുക്കമായ് വന്നവ,ചുംബിച്ചലസുന്നു.

പൊട്ടിമാറിയ നേര്‍ത്ത ഞരമ്പുകള്‍
തീപിടിച്ചു വഴി നടക്കുന്നു,
ഒരു ബന്ധം വലിച്ചൂരി നിന്നെ
വരച്ചവരയില്‍ നിര്‍ത്താന്‍
വെറുതെയൊരു ഹിംസ

ഏറെ നേരമായി ഒരുത്തനെത്തന്നെ
ചേറിലാഴ്ത്തി പിടിച്ചിരിക്കുന്നു.
ജീവിതത്തിന്റെ ഗദ്ഗദത്തോപ്പില്‍ നിന്നും
നേര്‍ത്ത് പിടഞ്ഞപോലവന്‍ രക്ഷനേടുന്നു.

കയറ്റത്തിന്നിടുപ്പില്‍ പിടിച്ചിരുന്ന്
മഴ മാത്രം കണ്ണ് തുടയ്ക്കുന്നു, മുങ്ങിയ
താണനിലത്തിന്റെ വേരുള്ള കൈകള്‍
ഒന്നുകൂടി പ്രാണഭയം വരയ്ക്കുന്നു.

നിന്നോളം കൂവിപ്പരക്കാന്‍ മാത്രം
എനിക്കില്ലാത്ത പാതിരാ വിസ്തൃതിയില്‍
കൊടി പിഴുതടിയിലെച്ചോര
കഴുകുന്നതിനാണ് ഒരു തുള്ളിയായ്
വന്നിറങ്ങുന്ന വാശിമഴ

കൂടെ നടന്നതി ഗോപ്യമായ് നീ
അരിഞ്ഞെറിഞ്ഞിട്ടും നിര്‍ത്താതെ പിടയ്ക്കുന്നു.
തുലാമാസ മഴയാകെ കുടിച്ച്
ഒറ്റത്തൊണ്ടയ്ക്ക് പിറന്നതെന്‍ ശബ്ദം…