ഒമിക്രോണ്‍ സാഹചര്യം അതീവ ജാഗ്രതയില്ലെങ്കില്‍ ആപത്ത്: മന്ത്രി വീണാ ജോര്‍ജ്

129
0

പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 421 ആയി. പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണ്. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗമുണ്ടെന്നാരും മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഒമിക്രോണ് ചെറിയ ഇന്‍കുബേഷന്‍ കാലയളവാണ് ഉള്ളതെങ്കിലും അതിവേഗം പടരും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം, പനി എന്നിവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം ലക്ഷണങ്ങളില്ലാതെയും ഒമിക്രോണ്‍ വന്‍തോതില്‍ പടരാം. അതിനാല്‍ എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഒമിക്രോണ്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. നിശബ്ദ വ്യാപനത്തിനുള്ള ഒമിക്രോണിന്റെ സാധ്യത കൂടി കണക്കിലെടുത്ത് എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം.

കോവിഡ് കേസുകള്‍ കൂടുകയും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ വാക്‌സിനെടുക്കാനുള്ളവര്‍ എല്ലാവരും എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. ആരില്‍ നിന്നും ആരിലേക്കും ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് വരാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സ്വയം സുരക്ഷ പാലിക്കണം. ഒരുമിച്ച് ധാരാളം കേസുകള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരുമിച്ച് രോഗം വരാതിരിക്കാന്‍ കരുതല്‍ വേണം. നമ്മുടെ ആരോഗ്യ സംവിധാത്തിനപ്പുറത്തേക്ക് കോവിഡ് കേസുകള്‍ പോകാതിരിക്കാന്‍ എല്ലാവരും പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

അനുബന്ധ രോഗങ്ങളുള്ളവര്‍ സംസ്ഥാനത്ത് വളരെ കൂടുതലാണ്. പ്രമേഹം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര്‍ രോഗ നിയന്ത്രണം ഉറപ്പ് വരുത്തണം. പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകും. അതിനാല്‍ കഴിവതും യാത്രകളും ആള്‍ക്കൂട്ടവും ഒഴിവാക്കണം. ആശുപത്രി സന്ദര്‍ശനം പരമാവധി കുറച്ച് ഇ സഞ്ജീവനി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുക. ഒരിക്കല്‍ കോവിഡ് പോസിറ്റീവായെന്നു കരുതിയോ വാക്‌സിന്‍ എടുത്തെന്നു കരുതിയോ ജാഗ്രത കുറവ് പാടില്ല. കോവിഡ് ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും പോസിറ്റീവാകുന്ന സാധ്യതയാണുള്ളത്. സ്ഥാപനങ്ങളിലും കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവര്‍ കൃത്യമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് എല്ലാവരും പ്രതിരോധത്തിന് പ്രാധാന്യം നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.