കണ്ണൂര്‍: ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു യുവതികള്‍ പിടിയില്‍. ഷിഫാ ഹാരിസ്, മിസ്ഹാ സിദിഖ് എന്നിവരെയാണ് കണ്ണൂരിൽ നിന്ന് പിടികൂടിയത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐഎസ്സിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തൽ. കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കേരളത്തില്‍ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.
അതേസമയം ആറ് മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ തന്ത്രപരമായി എൻഐഎ പിടികൂടിയത്. എന്നാൽ ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാള്‍ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് 4ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തത്.