ഏകാകിയാം കൊയ്ത്തുകാരി

251
0


വിവര്‍ത്തനം: ഡോ.ജയകുമാര്‍

ഒന്നിങ്ങു നോക്കുക! പാടത്തിലേകയായ്
നിന്നിടുമീ മലനാട്ടിന്‍ കന്യകയെ
നല്ലൊരു ഗാനം പാടി കൊയ്യുമിവളേ
തെല്ലുമേ ശല്യം ചെയ്യാതെ നീ പോകുക

ഒറ്റയ്ക്കവള്‍ കൊയ്യുന്നു, കറ്റയും കെട്ടുന്നു
ശോകാര്‍ദ്രമാം ഗാനം ആലപിച്ചീടുന്നു
താഴ്‌വാരമാകെ അലയടിച്ചീടുമീ
മാസ്മര ഗാനം കാതോര്‍ത്തു കേള്‍ക്കനീ

അറബിസഞ്ചാരികള്‍ ക്ഷീണമകറ്റുന്ന
മരുപ്പച്ചയില്‍ സ്വാഗതഗാനമോതും
വാനമ്പാടിതന്‍ കൂജനത്തേക്കാള്‍
മധുരതരമാണിവളുടെ ഗാനം

രോമാഞ്ചം തന്നിടുന്നീവാണി വാസന്ത
കോകിലം പോലും കേള്‍പ്പിക്കുകില്ലല്ലോ
വിദൂര ഹെര്‍ബിഡിയന്‍ദ്വീപിന്റെ മൗനം
ഭഞ്ജിക്കുന്നതാണിവളുടെ ആലാപനം

ചൊല്ലുകില്ലേ എന്നോടിതിന്‍ പൊരുളാരും?
പക്ഷേങ്കിലിവള്‍തന്‍ ശോകത്തിന്‍ കാരണം
ദുഃഖമാം പണ്ടത്തെ കാര്യങ്ങളോര്‍ത്തിട്ടോ
യുദ്ധകാലത്തെ നഷ്ടങ്ങളോര്‍ത്തിട്ടോ

വിനീതമാം മറ്റേതോ കാരണവുമായിടാം
ഇത്രമേല്‍ ശോകമിവള്‍ക്കുണ്ടായീടുവാന്‍
ഇന്നുള്ള അല്ലലോ ചേതമോ പീഡയോ
നാളെയുമുണ്ടാകാമെന്നതോ കാരണം?

പാട്ടുതന്നാശയമെന്തു തന്നെങ്കിലും
ഗാനത്തിനന്ത്യമില്ലെന്നു തോന്നിക്കുന്നു
അരിവാളുമായിട്ടു കൊയ്യുന്നതിനൊപ്പം
പാട്ടുപാടുന്നവളേ ഞാന്‍ കാണുന്നു

നിശ്ചലനായ് നിന്നാ ഗാനം ശ്രവിച്ചു ഞാന്‍….
എന്നിട്ടു മെല്ലെയാ കുന്നുകയറീടവേ
അകക്കാമ്പിലലയടിച്ചാ സംഗീതം
നേര്‍ത്തുനേര്‍ത്തില്ലാതായിടും വരെ.

വില്ല്യം വേഡ്‌സ്വെര്‍ത്ത് 1770 ഏപ്രില്‍ മാസം ഇംഗ്ലണ്ടില്‍ ജനിച്ചു. അദ്ദേഹത്തിന്റെ ‘ Lyrical Ballads’ ഇംഗ്ലീഷ് കാല്‍പ്പനിക കവിതകളുടെ തുടക്കമായി കണക്കാക്കപ്പെടുന്നു. Daffodils,The Prelude എന്നിവ പ്രശസ്ത കവിതകളാണ്. 1850-ല്‍ അന്തരിച്ചു.