തുലാമാസം ഒന്നായ ഇന്ന് പുലർച്ചെ 5 മണിക്കാണ് ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നത്.തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നെയ്യഭിഷേകവും നടന്നു. ശേഷം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മണ്ഡപത്തിൽ മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ.8 മണിക്കാണ് ശബരിമല പുതിയമേൽശാന്തിക്കായുള്ള നറുക്കെടുപ്പ് നടപടികൾ ആരംടിച്ചത്. മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ ഇടം നേടിയ 9 ശാന്തിമാരുടെ പേരുകൾ എഴുതിയ 9 തുണ്ട് കടലാസുകൾ ഒന്നാമത്തെ വെള്ളി പാത്രത്തിലും മേൽശാന്തിയെന്ന് പേരെഴുതിയ ഒരു തുണ്ടും ഒന്നുമെഴുതാത്ത 8 തുണ്ടുകളും ഉൾപ്പെടെ 9 തുണ്ടുകൾ രണ്ടാമത്തെ വെള്ളി പാത്രത്തിലും നിക്ഷേപിച്ച ശേഷം പാത്രങ്ങൾ പ്രത്യേകം തട്ടത്തിൽ വച്ച് പൂജയ്ക്കായി ശ്രീകോവിലിനുള്ളിലേക്ക് നൽകി. തുടർന്ന് അയ്യപ്പൻ്റെ മുന്നിലെ പൂജയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നറുക്കെടുപ്പ് നടത്താൻ പാത്രങ്ങൾ പുറത്തേയ്ക്ക് കൈമാറുകയായിരുന്നു. പന്തളം കൊട്ടാരം അംഗമായ ഗോവിന്ദ് വർമ്മയാണ് ശബരിമല പുതിയ മേൽശാന്തിയെ നറുക്കെടുത്തത്. 4-ാമത്തെ നറുക്ക് വീണ എൻ.പരമേശ്വരൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി പ്രഖ്യാപിച്ചു. തട്ടാരമംഗലം,കളീയ്ക്കൽ മഠം, മാവേലിക്കര സ്വദേശിയാണ് പരമേശ്വരൻ നമ്പൂതിരി.
ശബരിമല സ്പെഷ്യൽ കമ്മീഷണർ എം.മനോജ് ആണ് നറുക്കെടുപ്പ് നടപടികൾക്ക് മേൽനോട്ടം വഹിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.കെ.എസ്.രവി, പി.എം.തങ്കപ്പൻ, ദേവസ്വം കമ്മീഷണർ ബി.എസ്.പ്രകാശ്, ചീഫ് എഞ്ചീനിയർ കൃഷ്ണകുമാർ ,ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ, ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുനിൽകുമാർ ,പബ്ലിക് റിലേഷൻസ് ഓഫീസർ സുനിൽ അരുമാനൂർ, ശബരിമല അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് ഓഫീസർ ഗണേഷ് പോറ്റി തുടങ്ങിയവർ നറുക്കെടുപ്പ് നടപടികളിൽ സംബന്ധിച്ചു.ശബരിമല മേൽശാന്തി നറുക്കെടുപ്പിന് ശേഷമാണ് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നടന്നത്. 4-ാമത്തെ നറുക്കിലൂടെ കോഴിക്കോട് സ്വദേശി കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. പന്തളം കൊട്ടാര അംഗമായ നിരജ്ഞൻ ആർ. വർമ്മയാണ് നറുക്കെടുത്തത്. പുറപ്പെടാ ശാന്തിമാർ കൂടിയാകുന്ന ഇരുവരും നവംബർ 15ന് ഇരുമുടി കെട്ടുമായി ശബരീശ സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് ഇവർ ആചാരാനുഷ്ടാ പരമായ ചടങ്ങുകൾക്ക് ശേഷം മേൽശാന്തിമാരായി ചുമതല ഏൽക്കും. വിശ്ചികം ഒന്നായ നവംബർ 16ന് ശബരിമല – മാളികപ്പുറം തിരുനടകൾ തുറക്കുന്നത് ഇവരായിരിക്കും.