എസ്ഡിപിഐ ഭീകരരെ പൊലീസ് സംരക്ഷിക്കുന്നത് പിണറായിയെ പേടിച്ചിട്ട്: കെ.സുരേന്ദ്രൻ

142
0

തിരുവനന്തപുരം: പിണറായിയെ പേടിച്ചിട്ടാണ് എസ്ഡിപിഐ ഭീകരരെ പൊലീസ് സംരക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള പൊലീസിന് പ്രതികളെ പിടിക്കാൻ ത്രാണിയില്ലെങ്കിൽ അത് തുറന്ന് പറഞ്ഞ് സഞ്ജിത്ത് വധക്കേസ് എൻഐഎയെ ഏൽപ്പിക്കണം. സംസ്ഥാന ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടുവെന്നും എസ്ഡിപിഐ ഭീകരരെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിനെതിരെ ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിൽ വ്യാപകമായും കേരളത്തിൽ അങ്ങിങ്ങോളവും നടക്കുന്ന സിപിഎം-എസ്ഡിപിഐ കൂട്ടുക്കെട്ടിന്റെ ഉപകാര സ്മരണയാണ് പ്രതികളെ പിടികൂടാതിരിക്കാനുള്ള കാരണം. രാഷ്ട്രീയ എതിരാളികളെ കൊന്ന് സിപിഎം നടപ്പാക്കുന്ന കാടൻ നയം എസ്ഡിപിഐയെ കൊണ്ട് നടത്തിക്കുകയാണ് അവർ ഇപ്പോൾ ചെയ്യുന്നത്. സംസ്ഥാനത്ത് സമാധാനം തകർന്നാൽ അതിന്റെ ഉത്തരവാദിത്വം സർക്കാരിനായിരിക്കും.

നാട്ടിൽ കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് എസ്ഡിപിഐ ഭീകരവാദികൾ കൊലപാതകങ്ങൾ നടത്തുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകമാണിത്. സംസ്ഥാന സർക്കാരിന് മതഭീകരവാദികളോടുള്ള മൗനമാണ് അക്രമങ്ങൾ ആവർത്തിക്കാനുള്ള കാരണം. പൊലീസ് കൊലപാതകികളെ സംരക്ഷിക്കുകയാണ്. പട്ടാപ്പകൽ നടുറോഡിൽ കൊലപാതകം നടത്തിയിട്ടും അവരെ പിടിക്കാൻ പൊലീസ് ശ്രമിക്കുന്നില്ല. കൊല നടത്തിയവരെയും ആസൂത്രണം ചെയ്തവരെയും പൊലീസിന് അറിയാം. എന്നിട്ടും കേരള പൊലീസ് നാടകം കളിക്കുകയാണ്. വടിവാളുകൾ കണ്ടെത്തിയെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കാനാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. മുമ്പും സഞ്ജിത്തിനെതിരെ വധശ്രമമുണ്ടായിട്ടും പൊലീസ് ഒരു നടപടിയും എടുത്തില്ല. പൊലീസ് ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് എത്രയധികം കൊലകളാണ് എസ്ഡിപിഐ നടത്തിയതെന്ന് പൊലീസ് പരിശോധിക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സംഘപരിവാർ പ്രവർത്തകർ ക്ഷമയുടെ നെല്ലിപടി കണ്ടിട്ടും തീവ്രവാദികൾ വീണ്ടും വീണ്ടും അക്രമിക്കുകയാണ്. സഞ്ചാര സ്വാതന്ത്രവും പ്രവർത്തന സ്വാതന്ത്രവും ദേശീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് നിഷേധിച്ചാൽ നോക്കി നിൽക്കാനാവില്ല. എസ്ഡിപിഐ കാപാലിക സംഘത്തെ നേരിടാനുള്ള കരുത്ത് കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾക്കുണ്ടെന്നത് പൊലീസ് മറക്കരുത്. മൃഗങ്ങളെ വെട്ടി പരിക്കേൽപ്പിച്ച് മനുഷ്യനെ വെട്ടാനുള്ള പരിശീലനം തീവ്രവാദികൾ നേടുമ്പോഴും സർക്കാർ ഉറങ്ങുകയാണ്. കേരളത്തിലെ പല ടെക്സ്റ്റയിൽസ് സ്ഥാപനങ്ങളിലും തീവ്രവാദികൾ ജോലിക്ക് നിൽക്കുന്നുണ്ട്. തീവ്രവാദ ശക്തികൾ ഹോട്ടലുകളിൽ ഹലാൽ സംസ്ക്കാരം കൊണ്ടുവന്ന് മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുകയാണ്. ശബരിമലയിൽ പോലും ഹലാൽ സാധനങ്ങൾ വിതരണം ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ ജനറൽസെക്രട്ടറി വെങ്ങാനൂർ സതീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ, സംസ്ഥാന ഉപാദ്ധ്യക്ഷൻ സി.ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, എസ്.സുരേഷ് എന്നിവരും സംസാരിച്ചു.