എനിക്ക് നിരൂപിക്കാന്‍ (മലയാളത്തില്‍) പുസ്തകങ്ങളില്ല അതിനാല്‍ ഞാന്‍ സിനിമാനിരൂപകനാകാന്‍ ഇഷ്ടപ്പെടുന്നു

823
0

സുനില്‍.സി.ഇ/വി.എസ്.ജയകുമാര്‍

എന്തുകൊണ്ടാണ് സാഹിത്യനിരൂപണത്തില്‍ നിന്ന് സിനിമാനിരൂപണത്തിലേക്ക് ഒരു ജംമ്പ്കട്ട്?
മലയാളസാഹിത്യം ഇപ്പോള്‍ തന്നുകൊണ്ടിരിക്കുന്നത് അറിവിന്റെ ദുഃഖങ്ങളാണ്. സാഹിത്യത്തിന് നമ്മളെ സന്തോഷിപ്പിക്കാനാവുന്നില്ല. കഥ ക്രൂരമായ ഫലിതങ്ങളുടേതാണ്. നോവല്‍ ഭാവന ഒഴികെ മറ്റെല്ലാമാണ്. കവിത അമിത ജനാധിപത്യവല്‍ക്കരണത്തിന്റെ മാധ്യമമാണ്. പേന പിടിക്കാന്‍ അറിയാവുന്ന എല്ലാവരും ഇപ്പോള്‍ കവികളാണ്. ഇനി കവിതയെക്കുറിച്ച് എന്തുപറഞ്ഞാലും അതു കവിതയുടെ ജീവചരിത്രമോ ആത്മകഥയോ അല്ലാത്ത മറ്റെന്തോ ഒന്നായി നിലനില്‍ക്കും. എഴുത്തുകാരുടെ നന്മയിലുള്ള വിശ്വാസത്തിന് ക്ഷയം ബാധിച്ചിരിക്കുകയാണ്. നിരൂപകന്റെ ശ്രേഷ്ഠമായ ധീരതയ്ക്കിനി സാഹിത്യത്തില്‍ ഇടമില്ല. പുതിയ കാലത്തിലെ സാഹിത്യനിരൂപകനെ ശില്‍പിയാകുന്നതില്‍ നിന്നും അയാളെ തിരികെ വിളിക്കുകയും, പ്രതിമയായിരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. എനിക്കു ജീവിച്ചു തീര്‍ക്കാന്‍ ഒരു നിരൂപകന്റെ ജീവിതം ബാക്കിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതു സാഹിത്യനിരൂപണത്തിന്റേതല്ല, സിനിമാനിരൂപണത്തിന്റേതാണ്. വരാനിരിക്കുന്ന ഭാവിയില്‍ സാഹിത്യം ഭദ്രമാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. സാഹിത്യം പുതിയ ചേരിയിലേക്ക് തിരിയുന്നില്ലായെന്നു തന്നെയാണ് നമ്മുടെ പുസ്തകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അങ്ങനെ നോക്കുമ്പോള്‍ ജനപ്രിയമായ ഒരു മാധ്യമത്തിലേക്ക് തിരിഞ്ഞുനടക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു. സി നിമയിലെ സാധ്യതകളെയും അസാധ്യതകളെയും കൊതിയോടുകൂടെ പിന്തുടരാനാണ് ഞാനിപ്പോള്‍ ഇഷ്ടപ്പെടുന്നത്.
സിനിമാനിരൂപണത്തെ എങ്ങനെ വിലയിരുത്തുന്നു?
നിലവിലുള്ള സിനിമാനിരൂപണം പരാജയമാണെന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷെ വിജയകൃഷ്ണന്റെ സിനിമാനിരൂപണങ്ങള്‍ സിനിമ എന്ന മാധ്യമത്തിലേക്ക് കടക്കാനുള്ള എളുപ്പമാര്‍ഗങ്ങളായി തോന്നിയിട്ടുണ്ട്. സി.എസ്.വെങ്കിടേശ്വരനും ജി.പി.രാമചന്ദ്രനും വി.കെ.ജോസഫും സിനിമയിലെ പല പല തുരുത്തുകളെക്കുറിച്ച് പലപ്പോഴും പല ദര്‍ശനങ്ങളും പങ്കുവെച്ചിട്ടുണ്ട്. പക്ഷെ അപ്പോഴും സിനിമാ നിരൂപണം മൊത്തത്തില്‍ ഒരു കഥപറച്ചില്‍ പോലെ തോന്നിയിട്ടുണ്ട്. ഓരോ സിനിമകളുടെയും സമകാലിക ഇടപെടലിനെക്കുറിച്ചൊക്കെ വളരെ പരിമിതമായേ എഴുതികാണാറുള്ളൂ. എ.ചന്ദ്രശേഖരനെപ്പോലെയുള്ളവര്‍ സിനിമയിലെ ചില പ്രത്യേക വിഷയങ്ങളെ ചൂണ്ടികാണിച്ചിട്ടുണ്ട്. നിയമങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ഒരു അക്കാഡമിക് നിരൂപണം വേണമെന്ന ശാഠ്യമൊന്നുമല്ല ഈ പറഞ്ഞതിന്റെ പൊരുള്‍. എത്ര മോശം സിനിമയ്ക്കും ഈ സമൂഹത്തോട് എന്തോ ഒരു കാര്യം പറയാനുണ്ട്. അതിനെ ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് നമ്മുടെ പല സിനിമാനിരൂപകരും ഒഴിഞ്ഞു മാറാറുണ്ട്. അതു വിഷ്വല്‍ സാഹിത്യത്തിനേറ്റ പരിക്കാണ്. ആ പരിക്കുകള്‍ക്ക് നടുവില്‍ നിന്നാണ് ഞാന്‍ എന്റേതായ രീതിയില്‍ ചില ശ്രമങ്ങള്‍ നടത്തുന്നത്. സാഹിത്യം വിവേക പൂര്‍വ്വമായ പാണ്ഡിത്യമായി മാറിയ കാലത്ത് വിഷ്വല്‍ സംസ്‌കാരത്തെ അതിന്റെ എല്ലാ സാധ്യതകളോടും കൂടി അവതരിപ്പിക്കാനാണ് ഞാന്‍ സിനിമാനിരൂപണത്തില്‍ ഇടപെടുന്നത്.
നമ്മുടെ സിനിമാപ്രസിദ്ധീകരണങ്ങള്‍ എന്തുചെയ്യുന്നു?
സിനിമാപ്രസിദ്ധീകരണങ്ങള്‍ എല്ലാം തന്നെ പരസ്പരം ലയിച്ചുകിടക്കുന്ന അറിവുപീഠങ്ങളാണ്. അവ നല്‍കുന്നത് സിനിമാകലയെക്കുറിച്ചുള്ള എഫ്.ഐ.ആര്‍ ആണ്. അതു സൂപ്പര്‍ ജേര്‍ണലിസത്തിന്റെ കായികവിരുതാണ്. എന്റെ അഭിരുചിയുടെയും എനിക്കു ലഭിച്ച സൗന്ദര്യശിക്ഷണത്തിന്റെയും പ്രത്യേകതകൊണ്ടാവണം ഞാനിപ്പോള്‍ ഏറെ ശ്രദ്ധിക്കുന്നത് സിനിമാപ്രസിദ്ധീകരണങ്ങളാണ്. വെള്ളിനക്ഷത്രം, സിനിമാമംഗളം, നാന, ഫിലിം സൗണ്ട്, രാഷ്ട്രദീപിക സിനിമ, കേരളകൗമുദി ഫ്‌ളാഷ് മൂവീസ്, സ്റ്റാര്‍, സ്റ്റൈല്‍, ചലച്ചിത്ര അക്കാദമിയുടെ ‘ചലച്ചിത്രസമീക്ഷ’ ഒക്കെ ഞാന്‍ സ്ഥിരമായി വായിക്കുന്നു. ഒരു അധിനിവേശപ്പടപോലെ ഈ പ്രസിദ്ധീകരണങ്ങള്‍ എന്റെ വായനാമുറിയില്‍ എത്തുകയാണ്. സിനിമയിലെ ഓരോ ഋതുക്കളിലും ഉണ്ടാകുന്ന തലമുറമാറ്റത്തെ ആദ്യം എത്തിച്ചുതരുന്നത് ഈ പ്രസിദ്ധീകരണങ്ങളാണ്.
അപ്പോള്‍ പിന്നെ സിനിമാപുസ്തകങ്ങള്‍ എന്താണ് ചെയ്യുന്നത്?
സിനിമാപുസ്തകങ്ങള്‍ എന്നുദേശിച്ചത് സിനിമാക്കാര്‍ എഴുതിയ പുസ്തകങ്ങളാണോ അതോ സിനിമാനിരൂപണ പുസ്തകങ്ങളാണോ എന്ന ചോദ്യം ഞാന്‍ തിരിച്ചു ചോദിക്കുകയാണ്.
സിനിമാനിരൂപണ പുസ്തകങ്ങളെക്കുറിച്ച് എന്തു പറയുന്നുവെന്നാണ്?
അതു സിനിമകളുടെയും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളുടെയും വ്യാഖ്യാനങ്ങളാണ്. ചില വ്യാഖ്യാനങ്ങള്‍ക്ക് ഫോക്കസില്ലായ്മ എന്നു പറയുന്ന ഒരു രോഗം ബാധിച്ചിട്ടുണ്ട്. അത്തരം രോഗങ്ങളെ ചില നേരങ്ങളില്‍ ചികിത്സിച്ചു ഭേദമാക്കാനും ഉപകരിക്കുന്നത് മേല്‍പറഞ്ഞ സിനിമാ പ്രസിദ്ധീകരണങ്ങളാണ്. സിനിമാകമ്പോളത്തില്‍ ചില നിരൂപണ പുസ്തകങ്ങള്‍ക്ക് എലിക്കെണിയുടെ സ്വഭാവമാണുള്ളത്. അതു എതിര്‍ക്കപ്പെടേണ്ടുന്നവയാണ്.
താങ്കള്‍ ‘ഫ്‌ളെക്‌സിബിളിസകാലത്തെ സിനിമ’ എന്നൊരു ലേഖനം എഴുതിക്കണ്ടു. എന്താണുദ്ദേശിക്കുന്നത്?
അതു കടലുപോലെയുള്ള ഒരു വിഷയമാണ്. കുറച്ചുകാര്യങ്ങള്‍ പറയാന്‍ ശ്രമിക്കാം. നാം ജീവിക്കുന്നത് ഒരു അയഞ്ഞ കാലത്താണ്. ഈ അയവ് നമുക്കുചുറ്റുമുള്ള എല്ലാറ്റിലും വളരെ പ്രകടമാണ്. അയഞ്ഞ കഥ, അയഞ്ഞ നോവല്‍, അയഞ്ഞ കവിത എന്നൊക്കെ പറയുന്നതുപോലെ അയഞ്ഞ സിനിമകളുടെയും കാലമാണിത്. അവിടെ ഇതുവരെ നിര്‍മ്മിക്കപ്പെട്ട ചിട്ടകള്‍ പൊളിയുന്നു. അതുവരെ കണ്ടിട്ടില്ലാത്ത പ്രതിഭാസങ്ങള്‍ മേല്‍ ക്കൈ നേടുന്നു. ഇതു സിനിമാകലയ്ക്കുള്ള പാരിതോഷികമാണോ എന്നു നാം കാത്തിരുന്നു കാണേണ്ടിവരും. ഈ അയഞ്ഞകാലത്തിന്റെ വലിയ പ്രത്യേകതയാണ് എല്ലാവരും സംവിധായകരായി മാറുന്നു. എല്ലാവരും നടന്‍ മാരായി മാറുന്നു എന്നൊക്കെയുള്ള പ്രതിഭാസങ്ങള്‍. നമ്മുടെ ഹാസ്യനടന്‍മാരെല്ലാം തന്നെ സെമി ആര്‍ട്ട് സിനിമകളില്‍ നായകന്‍ മാരായി എത്തിക്കഴിഞ്ഞു. ഗുണ്ട/ വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കടപ്പാക്കട അജിത്തിനെപ്പോലെയുള്ളവര്‍ സംവിധായകനും നായകനുമായി മാറുന്നത് അയഞ്ഞ കാലത്തെയാണ് കാണിച്ചുതരുന്നത്. താരാധിപത്യം ഇടിയുന്നു. താരങ്ങളുടെ പിന്‍ബലമില്ലാതെ സിനിമ വിജയിക്കുന്നു. സിനിമയിലെ ഭക്ഷണത്തിന് സങ്കല്‍പിക്കാനാവാത്ത വിധമുള്ള കോമ്പിനേഷനുകള്‍ ഉണ്ടാകുന്നു. കപ്പയുടെ കോമ്പിനേഷന്‍ മീന്‍കറിയും ബീഫുമാണ്. പക്ഷെ ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തില്‍ കപ്പയുടെ കോമ്പിനേഷന്‍ മുട്ടയായി മാറുന്നു. ഇതു ഫ്‌ളെക്‌സിബിളിസകാലം നല്‍കുന്ന സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യമാണ് ന്യൂജെന്‍ സിനിമയില്‍ ആകമാനം പ്രവര്‍ത്തിക്കുന്നത്. ഇതിനെ ഫ്‌ളെക്‌സിബിളിസകാലത്തെ സിനിമ എന്നല്ലാതെ നിങ്ങള്‍ എന്തു വിളിക്കും.
ഈ ഭാവുകത്വമാറ്റം സിനിമയുടെ അവസാന വാക്കാണോ?
ഇതൊന്നും പ്രവചിക്കാന്‍ ഞാനൊരു ജ്യോതിഷനൊന്നുമല്ല. പക്ഷെ നമ്മുടെ സിനിമാപ്രവര്‍ത്തകര്‍ക്ക് ആവശ്യമില്ലാത്ത കിരീടങ്ങളും ചെങ്കോലുകളും നല്‍കാന്‍ ഒരു മടിയുമില്ലാത്ത മിനിസ്‌ക്രീന്‍ ജേര്‍ണലിസ്റ്റുകളാണ് ഏറ്റവും മോശപ്പെട്ട സിനിമകളെയും ഹിറ്റ്‌ലിസ്റ്റിലേക്ക് ഉയര്‍ത്തുന്നത്. സിനിമ ചെയ്യാന്‍ ശരണമില്ലാത്ത ഒരു ഏകാന്തത ആവശ്യമാണ്. സിനിമയെ ആള്‍ക്കൂട്ടത്തിന്റെ കലയാക്കി മാറ്റാനാണ് പുതിയ സിനിമാപ്രവര്‍ത്തകന്‍ ക്ഷണിക്കുന്നത്. ദൃശ്യപ്പെരുമയുടെ പുത്തന്‍ കാറ്റ് സൃഷ്ടിക്കുന്നതിനെയാണ് നാം ഭാവുകത്വം മാറ്റം എന്നു പറയുന്നത്. ഈയടുത്ത കാലത്തുണ്ടായ ‘എബി’, ‘ടേക്ക് ഓഫ്’, ‘പറവ’ ഒക്കെ ഈ ഭാവുകത്വമാറ്റത്തെ പ്രതിനിധാനം ചെയ്യുന്നു. ആ സിനിമകള്‍ ദൃശ്യങ്ങളുടെ കാര്യലയമാണ്. ദൃശ്യസാഹിത്യത്തിന്റെ ധര്‍മഗീതങ്ങള്‍ എന്ന നിലയിലാണ് ഞാന്‍ ഈ സിനിമകളെ വീക്ഷിക്കുന്നത്. ഇതാണ് ഞാന്‍ കാണുന്ന ദൃശ്യഭാവുകത്വമാറ്റം.
ജനപ്രിയ സിനിമയുടെ കാലം കഴിഞ്ഞോ?
ഇപ്പോള്‍ ജനപ്രിയം എന്നൊരു ബ്രാന്‍ഡ് ഉപയോഗിക്കേണ്ടതില്ല. പുതിയ സിനിമകള്‍ സാഹിത്യത്തെ വിട്ടുകളഞ്ഞു. അതൊരുതരം ന്യൂസ് റീലിന്റെ സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. നമ്മള്‍ ജനപ്രിയമെന്നും കുടുംബചിത്രമെന്നും വിശേഷിപ്പിച്ച ‘ദൃശ്യം’ അക്ഷരാര്‍ത്ഥത്തില്‍ ജനപ്രിയമോ കുടുംബചിത്രമോ ആയിരുന്നില്ല. താരാധിപത്യമില്ലാത്ത ‘മഹേഷിന്റെ പ്രതികാര’ത്തെയും തൊണ്ടിമുതലും ദൃക്‌സാക്ഷിയും വേണമെങ്കില്‍ നമുക്ക് ജനപ്രിയമെന്നു വിശേഷിപ്പിക്കാം. സിനിമയില്‍ ആര്‍ട്ട്, കൊമേഴ്‌സ്യല്‍ എന്ന വേര്‍തിരിവ് നിലനില്‍ക്കുന്നതുകൊണ്ടാണ് ജനപ്രിയം എന്ന ബ്രാന്‍ഡിംഗിലേക്ക് നാം എളുപ്പത്തില്‍ എടുത്തു ചാടുന്നത്. ഭരതനും പത്മരാജനും നേതൃത്വം നല്‍കിയ മധ്യവര്‍ത്തി സിനിമകളല്ലേ യഥാര്‍ത്ഥത്തില്‍ ജനപ്രിയ സിനിമകള്‍. ഐ.വി.ശശിയുടെ എല്ലാ സിനിമകളും അത്തരത്തില്‍ സ്വീകരിക്കപ്പെട്ടവയുമാണ്. പക്ഷെ ഇനിയുള്ളത് ജനപ്രിയ സിനിമയുടെ കാലമല്ല. പലതായി പിളര്‍ന്ന കാലത്തിന്റെ പ്രതീകമാണ് പുതിയ സിനിമ. അതു ജനപ്രിയമാകാന്‍ തരമില്ല.
സിനിമയിലെ പാട്ടുകള്‍ സിനിമയുമായി ഒരു ബന്ധവുമില്ലാത്തതാണെന്ന വാദത്തെ താങ്കള്‍ എങ്ങനെ സമീപിക്കുന്നു?
സിനിമയുമായി പാട്ടിന് ബന്ധമുണ്ടോ ഇല്ലയോ എന്നത് ഒരു സിനിമയുടെ സിറ്റ്വേ ഷന്‍ അനുസരിച്ചാണ് നിര്‍ണ്ണയിക്കപ്പെടുന്നത്. സിനിമയെ സങ്കേതപ്പെടുത്താനുള്ള മാധ്യമമാണ് ‘പാട്ട്’. അതില്‍ വളരെ കുറച്ച് ഗാനങ്ങളാണ് ഔട്ട് ഓഫ് പ്ലേസ് എന്നു തോന്നിപ്പിക്കുന്നത്. അതൊരു കുറ്റമൊന്നുമല്ല, ‘എന്ന് നിന്റെ മൊയ്തീനിലെ’ ”കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞുപോയ്….” എന്നു തുടങ്ങുന്ന ഗാനം കഥയുടെ പൂര്‍ണ്ണരൂപത്തെ/ പ്രണയത്തെ അനാവരണം ചെയ്യുന്നുണ്ട്. ഇതുപോലെ എത്രയോ പാട്ടുകളാണ് സിനിമയോട് നീതി പുലര്‍ത്തിയിട്ടുള്ളത്. സിനിമ എന്നു പറയുന്നത് തന്നെ സ്റ്റണ്ടിന്റെയും പാട്ടിന്റെയും നൃത്തത്തിന്റെയും ഒക്കെ കൂടിയുള്ള ഒരു സമാഹാരമാണല്ലോ. സിനിമയുടെ പര്‍വതശിഖരങ്ങളാണ് പാട്ടുകള്‍.
നോവലുകള്‍ അതില്‍ തന്നെ പരിമിതികളാണ് പ്രകടിപ്പിക്കുന്നത്. അത്തരം ഒരു സാഹചര്യത്തില്‍ നോവലുകളെ സിനിമയാക്കുന്ന പ്രവണതകള്‍ സ്വാഗതാര്‍ഹമാണോ?
നോവലിന് പുതിയ സാങ്കേതിക നന്മകളോടും വ്യാകുലതകളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാന പ്രശ്‌നം. എത്രയോ നോവലുകള്‍ സിനിമയായിരിക്കുന്നു. വിനു എബ്രഹാമിന്റെ ‘നഷ്ടനായിക’ എന്ന നോവല്‍ ഇല്ലായിരുന്നുവെങ്കില്‍ ‘സെല്ലുലോയ്ഡ്’ എന്നൊരു സിനിമയെക്കുറിച്ച് ആലോചിക്കില്ലായിരുന്നുവെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. ടി.പി.രാജീവന്റെ കെ.ടി.എന്‍.കോട്ടൂര്‍ ‘എഴുത്തും ജീവിതവും’ എന്ന നോവലാണല്ലോ ”ഞാന്‍” എന്ന സിനിമയ്ക്ക് ആധാരമായി മാറിയത് നജീബിന്റെ ജീവിതം പറയുന്ന ബന്യാമിന്റെ ‘ആടുജീവിതം’ സിനിമയാകാന്‍ പോകുകയാണല്ലോ. നോവലിനെ സിനിമയാക്കാന്‍ ഒരുമ്പെടുമ്പോള്‍ അത് ഭക്തികര്‍മ്മത്തിന്റെ പരിശുദ്ധിയോടെ ചെയ്യുകയാണെങ്കില്‍ സിനിമ നോവലിന്റെ പരിമിതികളെ അതിജീവിക്കുക തന്നെ ചെയ്യും.
മലയാള സിനിമയ്ക്ക് ഡ്യൂപ്പ് സംസ്‌കാരം ഉണ്ടോ?
സിനിമയിലെ ആപല്‍ക്കരമായ കല എന്നാണ് ഡ്യൂപ്പ് സംസ്‌കാരത്തെ ഐ.എ.റിച്ചാര്‍ഡ്‌സ് വിശേഷിപ്പിച്ചത്. മലയാളിക്ക് ഇതിപ്പോള്‍ ഉണ്ടോയെന്നതും സംശയാസ്പദമായ കാര്യമാണ്. നമ്മുടെ റോഡ് മൂവികള്‍ക്കുപോലും വളരെ സേഫായ ലൊക്കേഷനുകളാണ് തിരഞ്ഞെടുക്കുന്നത്. മലയാള/തമിഴ് ചിത്രങ്ങളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഡ്യൂപ്പുകളുണ്ട്. അതൊക്കെയും രതിസാന്ദ്രമായ ചിത്രങ്ങളില്‍ ശരീരപ്രദര്‍ശനങ്ങള്‍ക്കുവേണ്ടി മാത്രമുള്ളതാണ്. ഹോളിവുഡ്ഡില്‍ വന്‍ ഓളം സൃഷ്ടിച്ച ചിത്രമാണ് ”സാല്‍ട്ട്”. അതില്‍ ഏഞ്ചലീനോ ജോളി പാലത്തില്‍ നിന്നും ബസിലേക്ക് കുതിക്കുന്ന അത്യന്തം ആപല്‍ക്കരമായ ഒരു സീനുണ്ട്. അതവര്‍ ഡ്യൂപ്പില്ലാതെയാണ് എടുത്തിരിക്കുന്നത്. ഡിവൈന്‍ റോക്കിന്റെ സ്ഥിരം ഡ്യൂപ്പാണ് ഡനോയ് റീട്ട. മലയാള സിനിമയില്‍ ഒരു ഡ്യൂപ്പിനെ വെച്ചു ചെയ്യിക്കേണ്ടുന്ന സിനിമകളൊന്നും ഉണ്ടാവുന്നില്ല. നമ്മുടെ അഭിനേതാക്കളുടെ ഭാരം കുറഞ്ഞ ശരീരങ്ങളില്‍ ന്യായവിരുദ്ധവും സത്യവിരുദ്ധവുമായ കാര്യങ്ങള്‍ ഇത്ര പ്രതാപത്തോടെ നിലനില്‍ക്കുമ്പോള്‍ ഒരു ഡ്യൂപ്പിനെക്കുറിച്ചുള്ള ആലോചനകള്‍ക്ക് എന്തു പ്രസക്തിയാണുള്ളത്.
സിനിമയിലെ പെണ്‍ശരീരത്തിന്റെ മാര്‍ക്കറ്റ് വാല്യൂവിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?
സിനിമയിലെ കഥാപാത്രം തന്നെയാകാന്‍ (മെത്തേഡ് ആക്റ്റിങ്) എത്ര നടിമാര്‍ക്കു കഴിയുന്നു. അഭിനയത്തെ യഥാര്‍ത്ഥ ജീവനമാക്കുന്ന നടിയാണ് ‘ടേക്ക് ഓഫിലെ’ പാര്‍വ്വതി. നമ്മുടെ നടികളില്‍ പലരും ശരീരത്തിന്റെ കലകൊണ്ട് പിടിച്ചുനില്‍ക്കുന്നവരാണ്. കഥാപാത്രത്തിന്റെ സബ്സ്റ്റിറ്റിയൂട്ടാകാനാണ് ഇവിടുത്തെ പെണ്‍ശരീരങ്ങള്‍ ശ്രമിക്കുന്നത്. ക്യാരക്റ്റര്‍ ബ്രേക്കിങ് നടത്താത്ത എല്ലാ നടികളും മാര്‍ക്കറ്റ് വാല്യുവിനനുസരിച്ച് ശരീരത്തെ അണ്‍കവര്‍ ചെയ്യുന്നവരാണ്.
മലയാളസിനിമയുടെ നായകമേധാവിത്വത്തെ തകര്‍ത്ത ഘടകങ്ങളെന്തൊക്കെയാണ്?
നമ്മള്‍ വെറുതെ ‘ന്യൂജെന്‍’ എന്നു വിളിച്ചുതുടങ്ങിയ ഇളമുറക്കാര്‍ തന്നെയാണ് നായകമേധാവിത്വത്തെ തകര്‍ത്തത്. സൂപ്പര്‍ താരങ്ങളും അതിമാനുഷ കഥാപാത്രങ്ങളും ഇല്ലെങ്കില്‍ പോലും ഒരു സിനിമ ലക്ഷ്യം കാണുമെന്ന് മലയാളിയെ പഠിപ്പിക്കാന്‍ ‘ട്രാഫിക്’ മുതല്‍ ഇങ്ങോട്ടുള്ള സിനിമകള്‍ക്കു കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ മൊത്തം വിഷ്വല്‍ ലാഗ്വേജിനെയാണ് പുതുമുറ ചലച്ചിത്രകാരന്മാര്‍ മാറ്റിമറിച്ചത്. മീശപിരിക്കാത്ത അല്ലെങ്കില്‍ പിരിക്കാന്‍ മീശയില്ലാത്ത ഒരു നായകതലമുറ വന്നിട്ട് സിനിമയെ മൊത്തത്തില്‍ അഴിച്ചു പണിതു എന്നതാണ് വാസ്തവം. ഇന്ന് മലയാളത്തിലെ പ്രമുഖനായകന്‍മാര്‍ വ്യുഫീല്‍ ഡിനു പുറത്താക്കപ്പെട്ടു കഴിഞ്ഞു. ഇനിയുള്ള കാലം സൂപ്പര്‍ കഥാപാത്രങ്ങളുടേതാണ്. സൂപ്പര്‍താരങ്ങളുടേതല്ല.
ജഗതിയ്ക്കുശേഷം മലയാളഹാസ്യത്തിന്റെ ആയുസ്സിന് ദൈര്‍ഘ്യം കുറഞ്ഞുവരുന്നു എന്ന പരാതിയെ എങ്ങനെ വിലയിരുത്തുന്നു.
അതു ശരിയാണ്. മലയാളത്തിന്റെ ചാപ്ലിനാണ് ജഗതി ശ്രീകുമാര്‍. ജഗതിയുടെ തമാശകള്‍ വെറും ചിരിപ്പൊതികളായിരുന്നില്ല. അവ കടുത്ത രാഷ്ട്രീയമായിരുന്നു. പ്രതികരണവും പ്രതിഷേധവുമായിരുന്നു. മീശമാധവനില്‍ കൃഷ്ണവിലാസം ഭഗീരഥന്‍പിള്ള – ”ഒരു ചെറിയ വെടി, ഒരു വലിയ വെടി” എന്നൊക്കെ പറയുന്ന ഹാസ്യ ഡയലോഗുകള്‍ക്ക് മറ്റൊരു രാഷ്ട്രീയമുണ്ട്. ഭക്തിയും കൃപയും പോലും പണത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഈ ഹാസ്യഡയലോഗ് വെളിപ്പെടുത്തുന്നു. അങ്ങനെ നോക്കുമ്പോള്‍ സ്റ്റേജ് ഷോകളിലൂടെ സിനിമയിലെത്തിയ (ഇപ്പോള്‍) സൂരാജ് വെഞ്ഞാറമൂടും കോട്ടയം നസീറും ടിനി ടോമു ഒക്കെ ഒഴികെ എത്രപേര്‍ മെഗാസ്‌ക്രീനില്‍ തുടരുമെന്ന് നമുക്ക് നിശ്ചയമില്ല. പാഷാണം ഷാജിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും നോബിയുമൊക്കെ ഹാസ്യത്തിന്റെ ഗസ്റ്റ് റോളുകള്‍ നിര്‍വ്വഹിച്ച് മടങ്ങേണ്ടിവരുമോ എന്ന ആശങ്കയും ബാക്കി നില്‍ക്കുന്നു. ഒരു ബിന്ദു പണിക്കരെയും കല്‍പനയെയും മെഗാസ്‌ക്രീനില്‍ സൃഷ്ടിക്കാന്‍ സുബി സുരേഷിനു കഴിയുമോ? വിശ്വവിഖ്യാതരായ പയ്യന്‍മാരില്‍ നെല്‍സണ്‍ എന്ന ഹാസ്യകാരന്‍ അവതരിപ്പിച്ച കഥാപാത്രം പരാജയപ്പെട്ട ഹാസ്യത്തിന്റെ മുഖമാണ് നമുക്ക് പരിചിതമാക്കുന്നത്. മലയാളഹാസ്യത്തിന്റെ ആയുസ്സിനു ദൈര്‍ഘ്യം കുറഞ്ഞു വരികയാണിപ്പോള്‍.
ബയോപിക് സിനിമാക്കാലമാണ് വരാനിരിക്കുന്ന സിനിമയുടെ കാലമെന്ന് താങ്കള്‍ ഈയടുത്ത കാലത്ത് ഒരു പ്രവചനം നടത്തുകയുണ്ടായല്ലോ. എന്താണ് അതിന്റെ അടിസ്ഥാനം?
സിനിമ വ്യക്തികേന്ദ്രീകരണത്തിന്റെ ഇരയായികൊണ്ടിരിക്കുകയാണ്. സെല്ലുലോയ്ഡ് എന്ന സിനിമ അതിന്റെ പ്രബലമായ ഒരു അരങ്ങേറ്റമായിരുന്നു. പി.കെ.റോസി എന്ന നായികയുടെ കഥപറയുന്ന ആ സിനിമ ബയോപിക് സിനിമാകാലത്തിന് അടിസ്ഥാനമുറപ്പിക്കുകയായിരുന്നു. അതിനുശേഷം വന്ന എല്ലാ ബയോപിക് സിനിമകളും വിജയിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ‘എബി’ എന്ന സിനിമ വിജയിച്ചപ്പോള്‍ ലോകചിത്രകാരന്‍ ക്ലിന്റിനെ പ്രമേയമാക്കിയ ചിത്രം പരാജയപ്പെടുകയാണുണ്ടായത്. ഇനിയും ഒരുപാട് ബയോപിക് സിനിമകള്‍ വരാനിരിക്കുകയാണ്. മാധവികുട്ടി, ഷക്കീല, കലാഭവന്‍ മണി, നന്ദിത, സച്ചിന്‍ ടെന്‍ഡു ല്‍ക്കര്‍ അങ്ങനെ എത്രയെത്ര മനുഷ്യജീവിതങ്ങളാണ് അഭ്രപാളിയിലെത്താനുള്ളത്. സംസ്‌കാരത്തെ ഏതെങ്കിലും തരത്തില്‍ സ്വാധീനിച്ച വ്യക്തികളെ സിനിമയാക്കുന്ന ഈ ഏര്‍പ്പാട് കൂട്ടില്‍ച്ചെന്ന് സിംഹത്തെ പിടിച്ചിറക്കികൊണ്ടു വരുന്നതുപോലെയുള്ള ഒരു സാഹസപ്രക്രിയയാണ്. വരാനിരിക്കുന്ന സിനിമ ഇത്തരം സാഹസങ്ങളുടേതാണ്.
‘എടുക്കേണ്ടിയിരുന്നില്ലാത്ത സിനിമകള്‍’ എന്നൊരു ലേഖനം താങ്കള്‍ ഈയിടെ എഴുതിയിരുന്നല്ലോ? അങ്ങനെ പറയുന്നതില്‍ എത്രത്തോളം ശരികളുണ്ട്?
എടുക്കേണ്ടിയിരുന്നില്ലാത്ത സിനിമകളുടെ പട്ടിക വളരെ പെട്ടെന്ന് വികസിക്കുകയാണ്. ഞാന്‍ ആ ലേഖനം എഴുതിയതിനുശേഷം ഇറങ്ങിയ ‘ലവകുശ’, വിശ്വവിഖ്യാതരായ പയ്യന്‍മാര്‍, ‘ഷെര്‍ലക് ടോംസ്’ ഒക്കെ ആ പട്ടികയില്‍ വരുന്ന ചിത്രങ്ങളാണ്. അര്‍ത്ഥവത്തായ തമാശകള്‍ തീര്‍ക്കാന്‍ ശേഷിയില്ലാത്ത ഹാസ്യചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താനേ ഈ ചിത്രങ്ങള്‍ ഉതകു. മനുഷ്യജീവിതത്തെ ഭാവിയുടെ നിരീക്ഷണത്തിനായി തുറന്നുവെയ്ക്കാന്‍ വിസമ്മതിക്കുന്ന ഇത്തരം ചിത്രങ്ങള്‍ എടുക്കാതിരുന്നെങ്കില്‍ എത്രയോ നന്നായിരുന്നു.
സിനിമ ഇപ്പോള്‍ നാട്ടുമണങ്ങളിലേക്കും നാട്ടുരുചികളിലേക്കും മടങ്ങുകയാണെന്ന് താങ്കള്‍ പറയുന്നതിന്റെ പൊരുളെന്താണ്?
നമ്മുടെ പല സിനിമകളും ഗുഹാതുരതയിലേക്ക് തിരിച്ചു നടക്കാന്‍ ശ്രമിക്കുകയാണ്. അത് നഗരജീവിതം മടുത്തതിന്റെ പ്രതീകമാണ്. അപ്പോഴും ഗ്രാമങ്ങള്‍ക്കുള്ളിലെ നഗരജീവിതത്തോടുള്ള വിയോജിപ്പും അതില്‍ നിലനില്‍ക്കുന്നുണ്ട്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ഗ്രാമങ്ങള്‍ക്കുള്ളിലെ നഗരജീവിതത്തെ പ്രതിരോധിക്കലാണ്. പുതിയ സിനിമയിലെ ഇത്തരം പ്രവണതകള്‍ സ്വാഗതാര്‍ഹം തന്നെയാണ്.
മലയാളത്തിലെ ചെറുകഥകളെ സിനിമയാക്കുമ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ്?
പത്മരാജന്റെ കഥയെ അടിസ്ഥാനമാക്കിയുള്ള ‘കാറ്റ്’ എന്ന സിനിമയിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കാമായിരുന്നു. രണ്ടര മണിക്കൂര്‍ പിടിച്ചിരുത്താന്‍ വേണ്ടി വലിച്ചുനീട്ടിയപ്പോള്‍ അതിന് അതിന്റെ ആര്‍ട്ട്‌ഫോം നഷ്ടമാകുകയായിരുന്നു. ഉണ്ണി ആറിന്റെ ലീല വൈദേശികസ്വഭാവമുള്ള കഥയായിരുന്നു. അങ്ങനെ വരുമ്പോള്‍ കഥയുടെ എക്‌സ്റ്റെന്‍ഷനാകാന്‍ വിഷ്വല്‍ സാഹിത്യമായ സിനിമയ്ക്ക് കഴിയാതെ വരുന്നു. ഇതു സിനിമയുടെ പരാജയമാണ്. കഥയുടേതും. കഥയ്ക്കും സിനിമയ്ക്കും ഇടയില്‍ ഒരു ഇരുവര്‍ണ്ണനയം തരപ്പെടുത്തുവാന്‍ അപ്പോള്‍ ചലച്ചിത്രകാരന്‍ പരാജയപ്പെടും.
കവിതാസമാഹാരങ്ങള്‍/ കഥാസമാഹാരങ്ങള്‍ എന്നൊക്കെ പറയുന്നതുപോലെ ഇപ്പോള്‍ സിനിമാസാമാഹാരങ്ങളും വന്നു തുടങ്ങിയ പുതിയ പ്രവണതയെ എങ്ങനെ നിരീക്ഷിക്കുന്നു?
എക്കാലവും എല്ലാ പരീക്ഷണങ്ങളെയും സ്വാഗതം ചെയ്യുന്ന ഒരു ന്യൂനപക്ഷം കേരളത്തിലുണ്ട്. ആ ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് നിങ്ങള്‍ക്ക് എന്തു പരീക്ഷണവും നടത്താം. അതു പൂര്‍ണ്ണമായി സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്നത് അവസാനത്തെ ചോദ്യമാണ്. ‘അഞ്ച് സുന്ദരികള്‍’ അത്തരത്തിലുള്ള ഒരു സിനിമയാണ്. ദുല്‍ഖര്‍ നാലു വേഷത്തിലെത്തിയ സോളോ നാലുകഥകളുടെ സമാഹാരമാണ്. ഏറ്റവും ഒടുവില്‍ വന്ന ‘ക്രോസ്‌റോഡ്’ പത്ത് പെണ്‍ പ്രമേയ സിനിമകളുടെ സമാഹാരമാണ്. ഈ സിനിമകളൊക്കെയും സിനിമ എന്ന യുക്തിക്കപ്പുറമുള്ള അതിവാസ്തവികതയുടെ വഴി എനിക്കു കാണിച്ചുതരുന്നു. ആ വഴി ഒരു സംസ്‌കാരമായി സിനിമയില്‍ നിന്നു കാണണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
സ്ത്രീ പ്രമേയ സിനിമകളുടെ സ്വീകാര്യതയെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് ഇവിടെ ഇടമുണ്ടോ?
എന്തിനാണ് അതിന്റെ സ്വീകാര്യതയെക്കുറിച്ച് തര്‍ക്കിക്കുന്നത്. ആ സിനിമകള്‍ മുന്നോട്ടുവയ്ക്കുന്ന സാംസ്‌കാരിക ഇടപെടലല്ലേ പ്രധാനം. അച്ചുവിന്റെ അമ്മയില്‍ തുടങ്ങിയ അല്ലെങ്കില്‍ അത്തരം ഒരു സിനിമയ്ക്ക് വഴിയൊരുക്കിയ സാഹചര്യങ്ങളാണ് പഠിക്കപ്പെടേണ്ടത്. മഞ്ജുവാര്യര്‍ അഭിനയിച്ച ‘ഹൗ ഓള്‍ഡ് ആര്‍ യൂ’, ‘സൈറബാനു’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ‘ഉദാഹരണം സുജാത’ പോലൊരു സിനിമ ആവശ്യമായിരുന്നോ? സ്ത്രീപ്രമേയ സിനിമകള്‍ നിശിതമായ ചില വെട്ടിച്ചുരുക്കലുകള്‍ ആവശ്യപ്പെടുന്നു. ദൃശ്യങ്ങള്‍ക്ക് കുറച്ചു നല്ല പിരിമുറുക്കങ്ങള്‍ ആവശ്യമാണെന്ന് അച്ചുവിന്റെ അമ്മ തെളിയിച്ചുകഴിഞ്ഞതാണല്ലോ.
സിനിമാക്കാരുടെ സാഹിത്യമെഴുത്തിനെ കുറിച്ച് ഏറ്റവും കൂടുതല്‍ ലേഖനങ്ങള്‍ എഴുതിയത് താങ്കളാണല്ലോ! എന്തുകൊണ്ടാണ് അത്തരം ഒരു ഇടപെടല്‍ നടത്തിയത്?
സിനിമയ്ക്കു പിന്നിലെ ഒരു ചലച്ചിത്രകാരന്റെ വാസ്തുശില്പബോധത്തെ അടുത്തറിയാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്തരം പുസ് തകങ്ങളെ തേടിയുള്ള എന്റെ യാത്രകള്‍. അപ്പോള്‍ അതിതീക്ഷ് ണമായി കഥയില്‍ ഇടപെടുന്ന മധുപാലിനെ യും മുരളി ഗോപിയെയും കണ്ണിന്റെ ഇമവെട്ടലുകളില്ലാതെ ഞാന്‍ വായിച്ചുതീര്‍ത്തു. വ്യക്തിപരമായ അഭിരുചിയുടെ നിവേദനങ്ങളായി വി.കെ.ശ്രീരാമന്റെ ലേഖനങ്ങളെ ഞാന്‍ സ്വീകരിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍, ജോയി മാത്യു, രജ്ഞിത്ത് എന്നിവരുടെ ഓര്‍മ്മക ളും കുറിപ്പുകളും തീക്കല്ലുകളായും ശീ തക്കാറ്റായും എന്റെ ആന്തരികതയിലേക്ക് തറഞ്ഞു കയറി. ജീവിതത്തിലെ വിരുദ്ധ ശക്തികളെ ഒരു ബിന്ദുവില്‍ സമന്വയിപ്പിക്കുന്ന സിദ്ധാര്‍ത്ഥ ശിവ, മീര ജാസ്മിന്‍, കാവ്യ മാധവന്‍, സരയൂ മോഹന്‍ എന്നിവരുടെ കവിതകള്‍ എന്നെ പിടിച്ചുലച്ചു. കമലിനെ പോലെയുള്ളവരുടെ ആത്മകഥകള്‍ പരാജയപ്പെടാന്‍ സാധ്യതയുള്ള ജീവിതത്തിനുവേണ്ടിയുള്ള പ്രതിജ്ഞകളായി ഞാന്‍ സ്വീകരിച്ചു. ഷക്കീല എന്ന നടിയുടെ ആത്മകഥ സഹതാപത്തേക്കാള്‍ ആദരവിന് ഇരിപ്പിടം ഒരുക്കി. ഉണ്ട പക്രു, ഹരിശ്രീ അശോകന്‍, മുകേഷ് എന്നിവരുടെ അനുഭവങ്ങള്‍ ജീവിതപാഠങ്ങളായി മാറി. ഇത്തരത്തിലുള്ള ചില സമീപനങ്ങളാണ് സിനിമാക്കാര്‍ക്കിടയിലെ സാഹിത്യസംഭാവനകളെ തിരഞ്ഞുപിടിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. കൊല്ലം തുളസിയുടെ കുറിപ്പുകളും ബാലസാഹിത്യവും കവിതകളും അങ്ങനെയാണ് എന്റെ ശ്രദ്ധയിലേക്കെത്തുന്നത്. സിനിമയ്ക്കപ്പുറത്ത് സര്‍ഗാത്മകമായ ഒരു പരസ്യവിചാരജീവിതം എല്ലാ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുമുണ്ട്.
താങ്കളുടെ സിനിമാനിരൂപണങ്ങള്‍ അധികവും സമാന്തരപ്രസിദ്ധീകരണങ്ങളിലാണല്ലോ പ്രത്യക്ഷപ്പെട്ടത്. എന്തുകൊണ്ടാണ് മുഖ്യധാരയിലേക്ക് അത്തരം ശ്രദ്ധേയമായ പഠനങ്ങളെ എത്തിക്കാത്തത്?
ഞാന്‍, എനിക്കു മുമ്പിലുള്ളത് ഒരു വായനക്കാരനാണെങ്കിലും അയാളെ സംതൃപ്തപ്പെടുത്താനാണ് ശ്രമിക്കുന്നത്. വായനയിലെ ക്രൌഡ് സംസ്‌കാരത്തോട് ഒരു വിയോജിപ്പും ഇല്ല. നിരൂപണം കഥ പോലെയോ കവിത പോലെയോ അല്ല. അതു കുറേ കാലമെടുക്കും ശ്രദ്ധ പിടിച്ചെടുക്കാന്‍. നിരൂപണത്തിന് വളഞ്ഞ വഴികള്‍ സ്വീകരിക്കാനാവില്ല. ഒരു പിന്‍വാതില്‍ പ്രവേശനം സാധ്യമല്ല. പിന്‍വാതിലിലൂടെ വരുന്നവര്‍ അധികം നാളുകള്‍ ആ മീഡിയത്തില്‍ തുടരില്ല. ഞാന്‍ ഈ മീഡിയത്തില്‍ എക്കാലവും നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ അതിന്റെ മാര്‍ഗം സാവധാന പ്രക്രിയയാണെന്നും പുതിയ പുതിയ കണ്ടെത്തലുകളാണെന്നും ഞാന്‍ വിശ്വസിക്കുന്നു. മുഖ്യധാര/ സമാന്തരം എന്നീ ബ്രാന്‍ഡിംഗുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ വിശ്വസി ന്നത് എഴുത്തിന്റെയും (ഭാഷയുടെ) ദര്‍ശനങ്ങളുടെയും പുതിയ പു യ സൗന്ദര്യസംഹിതകളുടെയും പിന്‍ബലത്തിലാണ്. അതു ഇന്നല്ലെങ്കില്‍ നാളെ എന്നെ തിരിച്ചറിയിപ്പിക്കും. അതുവരെ ഈ സമാന്തര പിന്‍ബലത്തില്‍ എഴുതാന്‍ ഞാന്‍ സന്നദ്ധനാണ്.
താങ്കളുടെ പുതിയ സിനിമാ നിരൂപണപദ്ധതികള്‍ എന്തൊക്കെയാണ്?
ഒലിവില്‍ നിന്നും ‘ദൃശ്യവളര്‍ച്ചയുടെ രസതന്ത്രങ്ങള്‍’ എന്ന പേരില്‍ ഒരു ചലച്ചിത്രവിമര്‍ശന ഗ്രന്ഥം പുറത്തുവരുന്നുണ്ട്. അടുത്തവര്‍ഷവും രണ്ടു പുസ്തകങ്ങള്‍ സിനിമയുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. കുറച്ചു വ്യത്യസ്തമായ സിനിമാ വിഷയങ്ങള്‍ ലേഖനങ്ങളാക്കുന്നുണ്ട്. അതൊക്കെയാണ് പുതിയ പദ്ധതികള്‍.
താങ്കള്‍ക്ക് സിനിമാസൗഹൃദങ്ങള്‍ ഉണ്ടോ?
വളരെ കുറച്ച്. ശ്രീയേട്ടനോട് (ശ്രീനിവാസന്‍) നല്ല അടുപ്പമാണ്. ‘എന്റെ ഇഷ്ടവായനകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തത് ശ്രീയേട്ടന്‍ കൊച്ചു പ്രേമന് കൊടുത്താണ്. ജോയി മാത്യുവിനോടും മധുസാറിനോടും രാജസേനനോടും ലെനിന്‍ സാറിനോടും ഭാഗ്യലക്ഷ്മി ചേച്ചിയോടുമൊക്കെ സൗഹൃദമുണ്ട്. പല സാംസ് കാരിക പരിപാടികള്‍ക്കും ഒപ്പം വേദിപങ്കിടാറുണ്ട്. അത്രയൊക്കെയുള്ളു സിനിമാ സൗഹൃദങ്ങള്‍.
ചലച്ചിത്രമേളയെക്കുറിച്ച്ഒന്നും പറഞ്ഞില്ലല്ലോ?
എന്നിലെ സിനിമാനിരൂപകനെ രൂപപ്പെടുത്തിയത് ചലച്ചിത്രമേളകളാണ്. വി.സി.അഭിലാഷിനെപ്പോലെയുള്ള പത്രപ്രവര്‍ത്തകരാണ് എന്നെകൊണ്ട് സിനിമാനിരൂപണങ്ങള്‍ എഴുതിച്ചത്. അതിന് വഴിയൊരുക്കിയ ത് ഐ.എഫ്.എഫ്.കെയാണ്. എന്റെ വരാന്‍ പോകുന്ന സിനിമാനിരൂപണ പുസ്തകത്തില്‍ കിം കി. ഡൂക്ക്, അബു ഷാ ഹിദ് ഇമെന്‍ എന്നിവരുമായി നടത്തിയ അഭിമുഖമുണ്ട്. അതിനൊക്കെയും വഴിയൊരുക്കിയത് ചലച്ചിത്രമേളതന്നെയാണ്.
താങ്കള്‍ ശാന്തതയുള്ള നിരൂപകനാണെന്നു ഞാന്‍ പറഞ്ഞാല്‍?
ഒരിക്കലുമല്ല. ശാന്തത എന്നെ സംബന്ധിച്ചിടത്തോളം ബോധംകെട്ട മയക്കമാണ്. ഞാന്‍ ശാന്തനല്ല. ആയിരുന്നെങ്കില്‍ ‘എടുക്കേണ്ടിയിരുന്നില്ലാത്ത സിനിമകള്‍’ എന്ന ലേഖനം എഴുതില്ലായിരുന്നു.