എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിന്റെ പൂർണ്ണരൂപം

67
0

മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം.പി. മണിപ്പൂർ സന്ദർശന വേളയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നമ്മൾ കേട്ടറിഞ്ഞതിനേക്കാളും ഇരട്ടിയാണ് മണിപ്പൂർ ജനതയുടെ ദുരിതം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പറയാനുള്ളത് കദനകഥകളാണ്. മക്കളെയും സഹോദരങ്ങളേയും നഷ്ടപ്പെട്ടവർ, രക്ഷകർത്താക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ, അങ്ങനെ നൂറുകണക്കിന് പേരാണ് ഓരോ ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നത്.

ഇൻറർനെറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഇല്ലാത്തതിനാൽ കലാപ ബാധിത മണിപ്പൂരിന്റെ യഥാർത്ഥ ചരിത്രം പുറംലോകം അറിഞ്ഞിട്ടില്ല. അവരുടെ ദുരിതം പുറത്തുകൊണ്ടുവരുവാനും അതിന് ലോകശ്രദ്ധയാർജിക്കാനും രാഹുൽഗാന്ധിയുടെ സന്ദർശനത്തിലൂടെ കഴിഞ്ഞു. ആയിരക്കണക്കിന് പേരടങ്ങുന്ന ജനക്കൂട്ടമാണ് മണിപ്പൂരിലേക്ക് രാഹുൽ ഗാന്ധി സ്നേഹത്തോടെ വരവേറ്റതെന്നും കെ
സി വേണുഗോപാൽ പറഞ്ഞു.
ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി റോഡ് മാർഗ്ഗമുള്ള രാഹുൽ ഗാന്ധിയുടെ യാത്ര മണിപ്പൂർ പോലീസ് തടഞ്ഞു.രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മണിപ്പൂർ ജനത ഇന്ന് അനുഭവിക്കുന്ന കഷ്ടപ്പാട് അവസാനിപ്പിക്കാനും അവർക്ക് ആശ്വാസം പകർന്ന് സമാധാനം പുന:സ്ഥാപിക്കാനുമായുള്ള അടിയന്തര ഇടപെടൽ ഉണ്ടാകണം. ഇതിനായി കേന്ദ്ര സംസ്ഥാന സർക്കാറുകൾ എടുക്കുന്ന എല്ലാ ശ്രമങ്ങൾക്കും കോൺഗ്രസിന്റെ പിന്തുണ ഉണ്ടാകും. മണിപ്പൂർ വിഷയം മുൻനിർത്തി രാഷ്ട്രീയം കളിക്കാൻ കോൺഗ്രസില്ല .മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാനും കലാപം അമർച്ച ചെയ്യാനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്തു ചെയ്തെന്ന് അവർ സ്വയം പരിശോധിക്കണം. കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടുമാസം പിന്നിട്ടിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നതും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസംഗത പുലർത്തുന്നതും എന്തുകൊണ്ടാണ് ? പോലീസിന്റെ പക്കലുള്ള ആയുധം എങ്ങനെ കലാപകാരികൾക്ക് കിട്ടി? പോലീസിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്നു. ജനങ്ങൾക്ക് സർക്കാരിലുള്ള പ്രതീക്ഷയും നഷ്ടമായി. സംഘർഷം രമ്യമായി പരിഹരിക്കുന്നതിൽ ഗുരുതര അലംഭാവമാണ് ഉണ്ടായത്. ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയ്ക്ക് ആശ്വാസം എത്തിക്കാനുള്ള അടിയന്തര നടപടികൾ ഉണ്ടാകണമെന്നും ഇക്കാര്യം ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.