ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം സമയബന്ധിതമായി പൂര്‍ത്തിയാക്കും : ഡോ. ആര്‍. ബിന്ദു

203
0

ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്‍റെ അദ്ധ്യാപക പരിശീലന പ്രോഗ്രാം സൗജന്യമാക്കി.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വ്വകലാശാല യുവജനോത്സവങ്ങളില്‍ പ്രത്യേക മത്സര വിഭാഗം .

തിരുവനന്തപുരം: സര്‍വ്വകലാശാല/കോളേജ് തലങ്ങളില്‍ ഓണ്‍ലൈന്‍ പഠന സംവിധാനം (LMS) സമയബന്ധിതവും സാങ്കേതിക മികവോടും കൂടി നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പ്രസ്താവിച്ചു. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഗവേണിംഗ് ബോഡി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, ഡിജിറ്റല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് എന്നിവരുടെ സമിതി ഈ പദ്ധതിക്ക് നേതൃത്വം നല്‍കും. വിവിധ മേഖലകളിലെ അക്കാദമിക-സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതിയുടെ പ്രവര്‍ത്തനം വിപുലീകരിക്കും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഗവേണിംഗ് ബോഡിയോഗം അംഗീകരിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഫാക്കല്‍റ്റി ഡവലപ്പ്മെന്‍റ് സെന്‍റര്‍ നടത്തുന്ന ഓണ്‍ലൈന്‍ പഠന പരിശീലന പ്രോഗ്രാമുകള്‍ എല്ലാ വിഭാഗം അദ്ധ്യാപകര്‍ക്കും സൗജന്യമായി നല്‍കുവാനും യോഗം തീരുമാനിച്ചു. ട്രാന്‍ഡ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വ്വകലാശാല കലോത്സവങ്ങളില്‍ പ്രത്യേക മത്സര വിഭാഗം രൂപീകരിക്കുന്നതിനായി യൂണിവേഴ്സിറ്റി കലോത്സവ മാനുവല്‍ പരിഷ്ക്കരിക്കാനുളള ശിപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.

കോവിഡാനന്തര ഉന്നതവിദ്യാഭ്യാസ നയം, ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് പ്രൊഫ. പ്രഭാത് പഠ്നായ്ക് സമിതി റിപ്പോര്‍ട്ട് ഗവേഷകരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് എന്നിവയും യോഗം അംഗീകരിച്ചു. 2019-20ലെ കൗണ്‍സില്‍ വാര്‍ഷിക റിപ്പോര്‍ട്ടും ആഡിറ്റ് ചെയ്ത കണക്കുകളും യോഗം അംഗീകരിച്ചു
ഗവേണിംഗ് ബോഡിയോഗത്തില്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, ഡോ. രാജന്‍ വറുഗീസ്, ഡോ. ബി. ഇക്ബാല്‍ (പ്ലാനിംഗ് ബോര്‍ഡ്), വൈസ്ചാന്‍സലര്‍മാരായ പ്രൊഫ. മഹാദേവന്‍ പിളള (കേരള സര്‍വ്വകലാശാല), ഡോ. രാജശ്രീ എം.എസ് (എ.പി.ജെ. അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി), പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ (കണ്ണൂര്‍ സര്‍വകലാശാല), പ്രൊഫ. കെ. സി. സണ്ണി (ന്യൂവാള്‍സ്), ഡോ. എം. കെ. ജയരാജ് (കാലിക്കറ്റ് സര്‍വ്വകലാശാല) ഡോ. ആര്‍. ചന്ദ്രബാബു (കാര്‍ഷിക സര്‍വ്വകലാശാല),ഡോ. ആര്‍. ശശീന്ദ്രനാഥ് (വെറ്റിനറി സര്‍വ്വകലാശാല), ഡോ. കെ. മോഹനന്‍ (ആരോഗ്യ), ഡോ. പി.എം. മുബാറക്ക് പാഷ (ഓപ്പണ്‍ യൂണിവേഴ്സിറ്റി) ശ്രീ. സഞ്ജയ് കൗള്‍ ഐഎഎസ് (ധനകാര്യസെക്രട്ടറി), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. ഫാത്തിമത്ത് സുഹറ, ഡോ. ജെ. രാജന്‍, ഡോ. ആര്‍. കെ. സുരേഷ്കുമാര്‍, ഡോ. കെ. കെ ദാമോദരന്‍, ശ്രീ. സത്യാനന്ദന്‍ (എം.ജി. കോളേജ്, ഇരിട്ടി) തുടങ്ങിയവര്‍ പങ്കെടുത്തു.