‘ഉണരുമീ ഗാനത്തിന്റെ’ ഉദ്ഘാടനം ഇന്ന്

134
0

സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ സംഘടിപ്പിക്കുന്ന 65 ദിവസം നീളുന്ന മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ് 25 ദിവസം പിന്നിടുന്നു. ഇന്ന് മുതൽ ഉണരുമീ  ഗാനം എന്ന പുതിയ സെഗ്മെന്റിന് തുടക്കമാകും.
ആദ്യ ഘട്ടത്തിൽ തനത് നാടൻ ക്ലാസിക്കൽ കലാരൂപങ്ങളുടെ പ്രകടനമാണ് ഉൾപ്പെടുത്തിയിരുന്നത്. അതിനൊപ്പം ഇന്ന് മുതൽ പുതിയ സെഗ്‌മെന്റായി  ശ്രദ്ധിക്കപ്പെടാതെപോകുന്ന ഗായക സംഘങ്ങളുടെ പ്രകടനങ്ങൾകൂടി  ഉൾപ്പെടുത്തും. ‘ഉണരുമീ ഗാനം’ എന്ന് പേരിട്ടിട്ടുള്ള സെഗ്മെന്റിൽ അന്ധ ഗായക സംഘങ്ങളുടെയും തെരുവ്‌ ഗായക സംഘങ്ങളുടെയും അനാഥാലയങ്ങളിൽ നിന്നും വൃദ്ധ സദനങ്ങളിൽ നിന്നും ജയിലുകളിൽ നിന്നുമുള്ള ഗായക സംഘങ്ങളുടെയും കലാപ്രകടനങ്ങളുണ്ടാകും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽവെച്ച് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ‘ഉണരുമീ ഗാനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. അതോടൊപ്പം മഴമിഴിയുടെ രണ്ടാംഘട്ട പ്രമോ വീഡിയോയും മന്ത്രി പുറത്തിറക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും മഴമിഴി ഫെസ്റ്റിവൽ ഡയറക്ടറുമായ പ്രമോദ് പയ്യന്നൂർ അധ്യക്ഷനാകും. ഗാനാലാപന രംഗത്ത് 40 വർഷം പിന്നിടുന്ന ഗായകൻ ജി. വേണുഗോപാൽ,  മുതിർന്ന നടി സുബ്ബലക്ഷ്മി, അഭിനേത്രിയും ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ സി.എസ്. രാധാദേവി, അന്തരിച്ച നടൻ സത്യന്റെ മകൻ ജീവൻ സത്യൻ എന്നിവരെയും ഉണരുമീ ഗാനത്തിന്റെ ഭാഗമാകുന്ന ഗായകരെയും ചടങ്ങിൽ ആദരിക്കും. ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിതോ ബാനർജി, ഡോ കെ. ഓമനക്കുട്ടി, വി.ടി. മുരളി, ഭാരത് ഭവന്‍  നിര്‍വാഹക സമിതി അംഗം റോബിന്‍ സേവ്യര്‍ തുടങ്ങിയവർ പങ്കെടുക്കും.