ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി: മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു

317
0

ഈദ് ഉൽ ഫിത്തറിനോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മാംസ വിഭവങ്ങളുടെ ഡോർ ഡെലിവറി നടത്തുന്നത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മാംസ വിഭവങ്ങളുടെ വിൽപന സംബന്ധിച്ച് ഈ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലറിലൂടെ നിർദേശിച്ചു.
ഇറച്ചിക്കടകളിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഇറച്ചി വിൽപ്പനക്കാരുടെ സംഘടനകളുമായി ഓൺലൈൻ യോഗം ചേർന്ന് അവരോട് ഹോം ഡെലിവറിയിലേക്ക് മാറാൻ അപേക്ഷിക്കണം.
കടയ്ക്ക് മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കുകയും സാമൂഹിക അകലം ഉൾപ്പെടെ എല്ലാ കോവിഡ് പ്രോട്ടോക്കോളും പാലിക്കുകയും ചെയ്യണം. ഇതു ലംഘിക്കുന്ന കടക്കാർക്കെതിരെ നടപടി സ്വീകരിക്കണം.
ഇറച്ചിവിൽപ്പനക്കാർ പരമാവധി ഡോർ ഡെലിവറി പ്രോത്‌സാഹിപ്പിച്ച് അതിനാവശ്യമായ ഒരുക്കങ്ങൾ ചെയ്യണം.
തദ്ദേശസ്ഥാപനങ്ങൾ തങ്ങളുടെ അധികാര പരിധിയിലുള്ള വിൽപനക്കാരുടെ കോൺടാക്ട് നമ്പർ ഉൾപ്പെടെ പട്ടിക തയാറാക്കി ഹെൽപ് ഡെസ്‌കിൽ ലഭ്യമാക്കണം.
കച്ചവടക്കാർ ആവശ്യപ്പെടുന്നപക്ഷം ലഭ്യമാക്കുന്നതിനായി ആവശ്യത്തിന് ഡോർ ഡെലിവറിക്ക് തയാറായ സന്നദ്ധ പ്രവർത്തകരെ ഹെൽപ് ഡെസ്‌കിൽ തയാറാക്കി നിർത്തണം.
റംസാന് തലേന്ന് രാത്രി മുഴുവൻ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കണം.
ഇറച്ചി വ്യാപാരികളുടെ പട്ടിക തദ്ദേശസ്ഥാപനങ്ങൾ പോലീസുമായി പങ്കുവെക്കണം.
ഇറച്ചികൊണ്ടുകൊടുക്കുന്നവർക്കുള്ള പാസ് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തി നൽകുന്ന ലിസ്റ്റ് പ്രകാരം തദ്ദേശ സ്ഥാപന സെക്രട്ടറി/ഹെൽത്ത് ഓഫീസർ വിതരണം ചെയ്യണം.