തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഈഞ്ചക്കല്‍ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി മേല്‍പ്പാലം നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ഏറ്റവും കൂടുതല്‍ ഗതാഗത തിരക്കുള്ള ഈഞ്ചക്കല്‍ ജംഗ്ഷനില്‍ ഫ്ലൈഓവര്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ മന്ത്രി ആന്റണി രാജു ഡല്‍ഹിയില്‍ സന്ദര്‍ശിച്ച് കഴിഞ്ഞ ദിവസം നിവേദനം സമര്‍പ്പിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ ഫ്ലൈ ഓവറിന്റെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് നടപടികളാരംഭിച്ചു. ഡി പി ആര്‍ തയ്യാറാക്കുന്നതിനുള്ള കാലാവധി മൂന്ന് മാസമാണ്. ചെറുതും വലുതുമായ ആറു റോഡുകള്‍ സംഗമിക്കുന്ന ഈഞ്ചക്കല്‍ ജംഗ്ഷനില്‍ മേല്‍പ്പാലം നിര്‍മ്മിച്ച് ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 200 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നത്. കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ സഞ്ചാരം സുഗമമാക്കുവാനും, കോവളം, ശംഖുമുഖം, വിഴിഞ്ഞം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നഗരത്തിലേയ്ക്ക് വേഗത്തില്‍ എത്തുവാനും ഈഞ്ചക്കല്‍ ജംഗ്ഷനില്‍ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ആന്റണി രാജു കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.