പാലക്കാട് തൃത്താലയിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാജ പ്രചാരണം നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. നാഗലശേരി മാരായം കുന്നത്ത് മുഹമ്മദ് ഷനൂബിനെയാണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ പരിക്കേറ്റ് വെന്‍റിലേറ്ററില്‍ കഴിയുന്ന കുഞ്ഞിന് ചികിത്സക്ക് പണം ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. ഇല്ലാത്ത കുഞ്ഞിന്‍റെ പേരിലാണ് പണം തട്ടിയത്. 2 വയസുള്ള സഫ്വാൻ എന്ന കുഞ്ഞ് ബൈക്ക് യാത്രക്കിടെ വീണ് പരിക്കേറ്റെന്നും ചികിത്സയിലാണെന്നും ശസ്ത്രക്രിയക്കായി വൻ തുക ആവശ്യമാണെന്നും പറഞ്ഞാണ് തട്ടിപ്പ്. തൃത്താല പെരിങ്ങോട് എന്ന സ്ഥലത്ത് ഉള്ള കുഞ്ഞിന്‍റെ പേരിലാണ് സോഷ്യൽമീഡിയ വഴി സഹായ അഭ്യർഥന നടത്തിയത്. എന്നാൽ ഇങ്ങനെ ഒരു കുഞ്ഞില്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികൾ സഹായ അഭ്യർഥന പരസ്യത്തിൽ നൽകിയ ഗൂഗിൾ പേ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ച സൂചന ലഭിച്ചത്. നിരവധി പേരാണ് പിഞ്ചുകുഞ്ഞിന് സഹായം എന്ന നിലയിൽ അക്കൌണ്ടിലേക്ക് പണമിട്ടത്. എന്നാൽ പ്രതിക്ക് സി.പി.എം ബന്ധം ഉള്ളതിനാൽ പൊലീസ് ശക്തമായ നടപടി എടുക്കാൻ മടിക്കുന്നതായി യു.ഡി.എഫ് കുറ്റപ്പെടുത്തി.